അപകടം വിട്ടൊഴിയാതെ കാരന്തൂര്‍-മെഡിക്കല്‍കോളജ് റോഡ്
കുന്ദമംഗലം: റോഡിന്റെ ശോചനീയാവസ്ഥ കാരണം കാരന്തൂര്‍-മെഡിക്കല്‍കോളജ് റോഡില്‍ അപകടം വിട്ടൊഴിയുന്നില്ല. ഇന്നലെ കുന്ദമംഗലം ഹൗസിങ് സൊസൈറ്റിയുടെ മുന്‍പില്‍ നാഷണല്‍ പെര്‍മിറ്റ് ലോറിയും മിനി ലോറിയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തില്‍ മിനി ലോറി െ്രെഡവര്‍ പരുക്കുകളോടെ രക്ഷപ്പെട്ടു. രാവിലെ 9.30ഓടെയാണ് സംഭവം. മെഡിക്കല്‍കോളജ് ഭാഗത്ത് നിന്ന് വരികയായിരുന്ന മിനി ലോറി കാരന്തൂര്‍ ഭാഗത്ത് നിന്ന് വരികയായിരുന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ നാഷണല്‍ പെര്‍മിറ്റ് ലോറിയുടെ ഡീസല്‍ ടാങ്ക് ചോര്‍ന്നത് സ്ഥലത്ത് പരിഭ്രാന്തി പരത്തി. വെള്ളിമാട്കുന്നില്‍ നിന്നെത്തിയ ഫയര്‍ ഫോഴ്‌സ് അധികൃതര്‍ റോഡിലൊഴുകിയ ഡീസല്‍ കഴുകി. അപകടത്തെതുടര്‍ന്ന് കാരന്തൂര്‍-മെഡിക്കല്‍കോളേജ് റോഡില്‍ ഒരു മണിക്കൂറോളം ഗതാഗതം സ്തംഭിച്ചു. കുന്ദമംഗലം പൊലിസും ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് മിനി ലോറി റോഡരികിലേക്ക് മാറ്റിയതിന് ശേഷമാണ് ഗതാഗതം പൂര്‍വസ്ഥിതിയിലായത്.
അപകടം നടന്ന സ്ഥലത്ത് മുന്‍പും പലതവണ അപകടങ്ങള്‍ സംഭവിച്ചിട്ടുണ്ട്. വിദ്യാര്‍ഥികളടക്കം നൂറുക്കണക്കിന് കാല്‍നട യാത്രക്കാര്‍ നടന്നു പോകുന്ന റോഡില്‍ കാല്‍നട യാത്രക്കാര്‍ക്ക് നടക്കാന്‍ കാര്യക്ഷമമായ ഫുട്പാത്തില്ല. വര്‍ഷങ്ങള്‍ക്ക് മുന്‍പ് നിര്‍മിച്ച റോഡില്‍ വാഹന പെരുപ്പത്തിനുസരിച്ചുള്ള നവീകരണ പ്രവര്‍ത്തികളൊന്നും ഈ റോഡില്‍ നടന്നിട്ടില്ലെന്ന് നാട്ടുകാര്‍ പരാതിപ്പെടുന്നു. കാരന്തൂര്‍ -മെഡിക്കല്‍കോളജ് റോഡിന്റെ ടാറിംങ് പ്രവൃത്തി ആരംഭിച്ചിട്ടുണ്ട്. ആധുനിക രീതിലുള്ള നവീകരണംകൂടി ഈ റോഡില്‍ വരുമ്പോള്‍ വാഹനങ്ങളുടെ സ്പീഡ് കാല്‍നട യാത്ര ദുസഹമാക്കും. കോഴിക്കോട് നിന്ന് മിനി ബൈപ്പാസും തൊണ്ടയാട് ബൈപ്പാസും ക്രോസ് ചെയ്ത് മുണ്ടിക്കല്‍താഴം വരെ പുതിയ ബൈപ്പാസിന്റെ പണി അവസാന ഘട്ടത്തിലാണ്. ഈ റോഡ് കൂടി പൂര്‍ത്തിയാകുമ്പോള്‍ മുണ്ടിക്കല്‍ താഴം മുതല്‍ കാരന്തൂര്‍ വരേയുള്ള റോഡില്‍ തിരക്ക് വര്‍ധിക്കും. ഇതനുസരിച്ചുള്ള വികസനം കാരന്തൂര്‍-മെഡിക്കല്‍കോളജ് റോഡിലും നടപ്പിലാക്കിയില്ലെങ്കില്‍ ഈ റോഡില്‍ ഗതാഗത കുരുക്കിനും അപകടങ്ങള്‍ക്കും സാധ്യത കൂടുതലാണ്. എത്രയും പെട്ടന്ന് ഈ റോഡ് വീതി കൂട്ടാനുള്ള നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."