ക്ഷീരകര്‍ഷകര്‍ക്ക് ആശ്വാസമായി ചീമേനിയിലെ പച്ചപ്പുല്ലുകള്‍
ചീമേനി: ചെമ്പ്രകാനം മുതല്‍ ചാനടുക്കം വരെ നീണ്ടു കിടക്കുന്ന പാറയില്‍ പച്ച പുതച്ച് കിടക്കുന്ന പുല്ലുകള്‍ കണ്ടാല്‍ തന്നെ ആശ്വാസമാണ് ചീമേനിയിലെ ക്ഷീരകര്‍ഷകര്‍ക്ക്. വന്‍ വില കൊടുത്ത് വാങ്ങുന്ന ഉണക്കപ്പുല്ലിനേക്കാള് സാമ്പത്തിക ലാഭമാണ് ഇവര്‍ക്കീ പച്ചപ്പുല്ല് നേടിക്കൊടുക്കുന്നത്. പച്ചപ്പുല്ല് കാലികള്‍ക്ക് നല്‍കുന്നതിലൂടെ പാലുല്പാദനം വര്‍ധിക്കുന്നതും ഇവര്‍ക്ക് ഏറേ ആശ്വാസമാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് വരെ വിറക്പുരകളും ഷെഡുകളും മേഞ്ഞിരുന്നത് ഈ പുല്ലുകള്‍ ഉപയോഗിച്ചായിരുന്നു. പച്ചപ്പുല്ലുകള്‍ അരിഞ്ഞെടുത്ത് ഉണക്കിയ ശേഷം മേല്‍ക്കൂരയില്‍ അടുക്കി വെക്കുകയാണ് ചെയ്തിരുന്നത്. ആസ്ബറ്റോസ് ഷീറ്റുകള്‍ കടന്നു വന്നതോടെ ഇന്ന് പുരമേയാന്‍ ആരും പുല്ലുചെത്താതായി. ചീമേനിയിലെ പാറയില്‍ രാവിലെ മുതല്‍ രാത്രി വരെ ഇരുചക്രവാഹനങ്ങള്‍ മുതല്‍ ടെമ്പോകളില്‍ വരെയായി അരിഞ്ഞ് കൊണ്ടു പോകുന്നത് ലോഡ് കണക്കിന് പുല്ലുകളാണ്. സെപ്തംബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ തഴച്ച് വളരുന്ന പുല്ലുകള്‍ ശേഖരിച്ച് ഉണക്കി വെക്കുകയാണ് പതിവ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."