ബാല്ലണ്‍ ഡി ഓര്‍: രണ്ടാം പട്ടികയില്‍ മെസ്സിയ്‌ക്കൊപ്പം പോഗ്ബയും വാര്‍ഡിയും
പാരിസ്: പോയ വര്‍ഷത്തെ മികച്ച ഫുട്‌ബോള്‍ താരത്തിനു നല്‍കുന്ന ബാല്ലണ്‍ ഡി ഓര്‍ പുരസ്‌കാരത്തിനുള്ള നിര്‍ദേശിക്കപ്പെട്ട 30 അംഗങ്ങളുടെ പ്രാഥമിക പട്ടിക അവാര്‍ഡ് സ്‌പോണ്‍സര്‍മാരായ ഫ്രാന്‍സ് ഫുട്‌ബോള്‍ മാഗസിന്‍ പ്രസിദ്ധീകരിച്ചു. കഴിഞ്ഞ ദിവസം ആദ്യ പതിനഞ്ചു പേരുടെ പട്ടിക പുറത്തിറയ്ക്കിയിരുന്നു. പിന്നാലെയാണ് അടുത്ത പതിനഞ്ചു പേരുകള്‍ കൂടി മാസിക പുറത്തുവിട്ടത്.
ബാഴ്‌സലോണയുടെ അര്‍ജന്റൈന്‍ സൂപ്പര്‍ താരം ലയണല്‍ മെസ്സിക്കൊപ്പം കഴിഞ്ഞ വര്‍ഷം ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീട വിജയത്തിലേക്ക് ലെയ്സ്റ്റര്‍ സിറ്റിയെ നയിക്കുന്നതില്‍ നിര്‍ണായക പങ്കു വഹിച്ച ജാമി വാര്‍ഡി, റിയാദ് മെഹ്‌രസ് എന്നിവര്‍ രണ്ടാം പട്ടികയിലിടം കണ്ടിട്ടുണ്ട്. യൂറോ കപ്പില്‍ ഫ്രാന്‍സിന്റെ മുന്നേറ്റങ്ങളില്‍ നിര്‍ണായക പങ്കു വഹിച്ച പോള്‍ പോഗ്ബ, വെസ്റ്റ് ഹാം മധ്യനിര താരം ദിമിത്രി പയറ്റ് ഫ്രഞ്ച് നായകനും ഗോള്‍ കീപ്പറുമായ ഹ്യൂഗോ ലോറിസും രണ്ടാം പട്ടികയിലുണ്ട്. മെസ്സിക്കൊപ്പം ലൂയീസ് സുവാരസും ബ്രസീല്‍ സൂപ്പര്‍ താരം നെയ്മറും പട്ടികയിലുണ്ട്. ബാഴ്‌ലോണയ്ക്കായി കഴിഞ്ഞ സീസണില്‍ മൂവരും ചേര്‍ന്ന് 106 ഗോളുകളാണ് അടിച്ചുകൂട്ടിയത്.
ലെവന്‍ഡോസ്‌കിക്കൊപ്പം മാനുവല്‍ നൂയര്‍, തോമസ് മുള്ളര്‍, ആര്‍തുറോ വിദാല്‍ എന്നീ ബയേണ്‍ മ്യൂണിക്ക് താരങ്ങളും ഇടം കണ്ടു. അഞ്ചു തവണ പുരസ്‌കാരം നേടി റെക്കോര്‍ഡിട്ട നിലവിലെ ജേതാവ് കൂടിയായ മെസ്സി ആറാം പുരസ്‌കാരം നേടുമോയെന്നു കാത്തിരുന്നു കാണാം.
ഒപ്പം മെസ്സിക്ക് വെല്ലുവിളിയായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ഗെരത് ബെയ്‌ലുമുണ്ട്. ഇരുവര്‍ക്കും റയല്‍ മാഡ്രിഡിന്റെ ചാംപ്യന്‍സ് ലീഗ് വിജയവും ദേശീയ ടീമിന്റെ യൂറോപ്പിലെ മിന്നും പ്രകടനവും കൂട്ടായുണ്ട്.
പുരസ്‌കാരത്തിനുള്ള പ്രാഥമിക പട്ടിക: ലയണല്‍ മെസ്സി, ലൂയീസ് സുവാരസ്, നെയ്മര്‍, ആന്ദ്രെ ഇനിയെസ്റ്റ (ബാഴ്‌സലോണ), ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ഗെരത് ബെയ്ല്‍, ടോണി ക്രൂസ്, ലൂക്ക മോഡ്രിച്, പെപെ, സെര്‍ജിയോ റാമോസ് (റയല്‍ മാഡ്രിഡ്), റോബര്‍ട്ടോ ലെവന്‍ഡോസ്‌കി, മാനുവല്‍ നൂയര്‍, തോമസ് മുള്ളര്‍, ആര്‍തുറോ വിദാല്‍ (ബയേണ്‍ മ്യൂണിക്ക്), അന്റോണിയോ ഗ്രിസ്മാന്‍, ഡീഗോ ഗോഡിന്‍, കോകെ (അത്‌ലറ്റിക്കോ മാഡ്രിഡ്), സ്ലാട്ടന്‍ ഇബ്രാഹിമോവിച്, പോള്‍ പോഗ്ബ (മാഞ്ചസ്റ്റര്‍ യുനൈറ്റഡ്), കെവിന്‍ ഡി ബ്രുയ്ന്‍, സെര്‍ജിയോ അഗ്യെറോ (മാഞ്ചസ്റ്റര്‍ സിറ്റി), ജിയാന്‍ലൂജി ബുഫണ്‍, പോളോ ഡൈബാല, ഗോണ്‍സാലോ ഹിഗ്വെയ്ന്‍ (യുവന്റസ്), ജാമി വാര്‍ഡി, റിയാദ് മെഹ്‌രസ് (ലെയ്സ്റ്റര്‍ സിറ്റി), ഔബമേയങ് (ബൊറൂസിയ ഡോര്‍ട്മുണ്ട്), ഹ്യൂഗോ ലോറിസ് (ടോട്ടനം), ദിമിത്രി പയറ്റ് (വെസ്റ്റ് ഹാം), റൂയി പാട്രീഷിയോ (സ്‌പോര്‍ടിങ് ലിസ്ബന്‍).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."