അതിഥിയായെത്തി നാട്ടുകാരനായി
വികസനങ്ങളില്‍ അതിര്‍ വരമ്പുകളില്ലാതെ ഷംസുദ്ദീന്‍
മണ്ണാര്‍ക്കാട്: വികസന പ്രവര്‍ത്തനങ്ങളില്‍ സമാനകളില്ലാത്ത പ്രവര്‍ത്തികള്‍ നടപ്പാക്കിയതിന്റെ നിശ്ചയദാര്‍ഢ്യത്തോടെയാണ് അഡ്വ. എന്‍ ഷംസുദ്ദീന്‍ മണ്ണാര്‍ക്കാട് നിയോജക മണ്ഡലത്തില്‍ രണ്ടാമത് അങ്കത്തിനൊരുങ്ങുന്നത്. വാക്കിലല്ല, പ്രവര്‍ത്തിയിലാണ് കാര്യം എന്ന് തന്റെ പ്രവര്‍ത്തന മികവ് കൊണ്ട് തെളിയിച്ച ജനപ്രതിനിധിയാണ് അഡ്വ. എന്‍ ഷംസുദ്ദീന്‍. തന്റെ നിയമസഭയിലേക്കുളള കന്നി തിരഞ്ഞെടുപ്പ് പ്രചരണത്തിന് മുമ്പ് നല്‍കിയ വാഗ്ദാനങ്ങളെല്ലാം നടപ്പാക്കി. കൂടാതെ ജനങ്ങളുടെ വികസന കാഴ്ചപ്പാടോടെയുളള ഇച്ഛകള്‍കൊപ്പം നടന്ന ഒരു ജനപ്രതിനിധിയുമായി. നടപ്പാക്കേണ്ട വികസന കാര്യങ്ങള്‍ ജനത്തോട് ചോദിച്ചറിഞ്ഞു. ചര്‍ച്ചകള്‍ നടത്തി, നിര്‍വ്വഹണ ഉദ്ദ്യോഗസ്ഥരോടും ചര്‍ച്ചകളും, കൂടിയാലോചനകളും നടത്തി. പദ്ധതികള്‍ ആസൂത്രണം ചെയ്ത്, ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കി. പ്രവര്‍ത്തന കലണ്ടറുപ്രകാരം പദ്ധതിയെ ഏറെ ജനകീയമാക്കി. കൂടാതെ നടപ്പാക്കിയ പദ്ധതികള്‍ ചെറുതെന്നൊ, വലുതെന്നൊ വ്യത്യാസമില്ലാതെ നിര്‍മ്മാണത്തിലെ ഓരോ ഘട്ടങ്ങളും നേരിട്ടെത്തിയും, ഫോണിലൂടെയും വിവരങ്ങള്‍ ആരാഞ്ഞ് വിലയിരുത്തി നടപ്പാക്കിയത് മണ്ഡലത്തിലെ വികസന കാര്യങ്ങളില്‍ വേറിട്ട കാഴ്ചയാണൊരുക്കിയത്. ജനപ്രതിനിധി എന്ന നിലയില്‍ ഒരു റോള്‍ മോഡലായി മാറുകയായിരുന്നു ഷംസുദ്ദീന്‍. എം.എല്‍.എ എന്ന നിലക്ക് എതിരാളികള്‍ക്ക് പോലും കുറ്റം പറയാനൊന്നുമില്ല. ഭരണ പക്ഷമെന്നൊ, പ്രതിപക്ഷമെന്നൊ വ്യത്യാസമില്ലാതെ തനിക്ക് ലഭ്യമായ ഫണ്ടുകള്‍ ജനങ്ങളുടെ ആവശ്യങ്ങള്‍ക്ക് വേണ്ടി ഷംസുദ്ദീന്‍ ചെലവഴിച്ചു. കൊടിയുടെ നിറം നോക്കാതെ മണ്ഡലത്തിലെ വിവിധ പദ്ധതികള്‍ക്ക് ഫണ്ടനുവദിച്ചപ്പോള്‍ പ്രദേശങ്ങളില്‍ ഉയര്‍ന്നിരുന്ന അഭിനന്ദന ബോര്‍ഡുകള്‍ ഇന്നും മായാതെ നില്‍ക്കുന്നത് വികസന കാര്യങ്ങളില്‍ തുറന്ന സമീപനത്തിന്റെ ഷംസുദ്ദീന്‍ മോഡലാണ്.
തറക്കല്ലിടലില്‍ പദ്ധതികള്‍ ഒതുങ്ങാതെ തുടക്കം വെച്ച പദ്ധതികളെല്ലാം തന്നെ സമയ ബന്ധിതമായി നാടിന് സമര്‍പ്പിച്ചു വെന്നത് ഇവിടെ എടുത്തു പറയേണ്ടതു തന്നെയാണ്. ഇത് എതിരാളികള്‍ പോലും സമ്മതിക്കുന്നതുമാണ്.വിദ്യാര്‍ഥി പ്രസ്ഥാനത്തിലൂടെ പൊതു രംഗത്ത് എത്തിയ ഷംസുദ്ദീന്‍ താന്‍ കടന്നുവന്ന മേഖലയിലെല്ലാം തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ചുവെന്നത് ശ്രദ്ധേയമാണ്. യൂത്ത്‌ലീഗിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറി പദവി വരെ പാര്‍ട്ടിയില്‍ വഹിച്ച ഷംസുദ്ദീന്‍ 8 വര്‍ഷത്തോളം തിരൂര്‍, മഞ്ചേരി എന്നീ കോടതികളില്‍ അഭിഭാഷകനുമായി മികവ് തെളിയിച്ചു. മുസ്‌ലിംലീഗ് പാര്‍ട്ടി തീരുമാനപ്രകാരം 5 വര്‍ഷം മുമ്പ് നിയമസഭാ സ്ഥാനാര്‍ഥിയായി മണ്ണാര്‍ക്കാടെത്തിയ ഷംസുദ്ദീന്‍ ആലപ്പുഴ ജില്ലയോളം വലിപ്പമുളള മണ്ഡലത്തില്‍ വികസനത്തിന്റെ പുതുനാമ്പാണ് തെളിയിച്ചത്. മണ്ഡലത്തിന്റെ മുക്കിലും മൂലയിലും വികസനത്തിന്റെ കയ്യൊപ്പ് ചാര്‍ത്തിയ ഷംസുദ്ദീന്‍ അട്ടപ്പാടി ഊരുകളിലടക്കമുളള ആളുകളെ പേരെടുത്ത് വിളിക്കാന്‍ കഴിയുന്ന തരത്തിലെത്തി. കൂടാതെ ആദിവാസി ഭാഷ പോലും സ്വായത്തമാക്കി അവരോട് സംവദിച്ചു. ആദിവാസി ക്ഷേമത്തിന് വിവിധ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കി. അട്ടപ്പാടിയിലെ ആദിവാസി ശിശുമരണ നിരക്ക് പാടെ കുറക്കാന്‍ കഴിഞ്ഞതും എടുത്തുപറയേണ്ട വസ്തുതയാണ്.
ആര്‍ക്കും തന്റെ ആവശ്യങ്ങളും, പ്രശ്‌നങ്ങളും, പ്രയാസങ്ങളും, വേദനകളും മറ്റും എം.എല്‍.എയോട് ഇടനിലക്കാരില്ലാതെ നേരിട്ട് പറയുന്നതിനും, തുറന്ന മനസ്സോടെ കേള്‍ക്കുന്നതിനും സത്വര നടപടി ക്രമങ്ങളും നേരിട്ടനുഭവിച്ചറിഞ്ഞവരുമാണ് മണ്ണാര്‍ക്കാട്ടെ ജനത. സാധാരണക്കാരോടൊപ്പം നിന്ന് അവരുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് മാതൃകാപരമായി നേതൃത്വം നല്‍കിയ ഷംസുദ്ദീന്‍ അവരുടെ സുഖ - ദുഃഖങ്ങളിലും ഒരുപോലെ നിറസാനിദ്ധ്യമായിരുന്നതും ഏറെ ശ്രദ്ധേയമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."