ഇരട്ടകളെ പഠനവിധേയമാക്കുന്നു
തിരൂരങ്ങാടി:രാജ്യത്തെ ഏറ്റവും കൂടുതല്‍ ഇരട്ടകളെ കുറിച്ച് ജനിതക പഠനം നടത്താന്‍ ശാസ്ത്രജ്ഞര്‍ കൊടിഞ്ഞിയിലെത്തി. ആഗോളതലത്തില്‍ ഇരട്ടകളെ കുറിച്ചുള്ള പഠനത്തിന്റെ ഭാഗമായാണ് പത്തോളം അംഗങ്ങള്‍ അടങ്ങുന്ന സംഘം തിങ്കളാഴ്ച കൊടിഞ്ഞിയിലെത്തിയത്. രണ്ടുദിവസങ്ങള്‍കൊണ്ട് വിവരങ്ങള്‍ ശേഖരിച്ചു.
കേരള മത്സ്യബന്ധന സമുദ്രഗവേഷണ സര്‍വകലാശാലയിലെ പ്രൊഫ. പ്രീതമിന്റെ നേതൃത്വത്തിലുള്ള പഠനത്തിന് ജര്‍മനി ട്യൂബിങ്ങന്‍ യൂനിവേഴ്‌സിറ്റിയിലെ പ്രൊഫ. ഡോ. തിരുമലൈ സ്വാമി പി വേലവനാണ് നേതൃത്വം നല്‍കുന്നത്. ഇവര്‍ ലോകത്തെ ഏറ്റവും കൂടുതല്‍ ഇരട്ടകളുള്ള പ്രദേശങ്ങളെ കുറിച്ചും അവയുടെ ജനിതക ഘടനയെ കുറിച്ചും ആധികാരികമായി സംയുക്ത ഗവേഷണം നടത്തിവരികയാണ്.
ലോകത്ത് അത്യപൂര്‍വമായി ഇരട്ടകളുള്ള നാല് പ്രദേശങ്ങള്‍ തെരഞ്ഞെടുത്താണ് പഠനം. ഇതിനകം സൗത്ത് വിയറ്റ്‌നാമിലെ ഹങ്ക് ഹെയ്പ് , നൈജീരിയയിലെ ഇഗ്‌ബൊ ഓറ, ബ്രസീലിലെ കാന്റിഡോ ഗോദോയ് എന്നിവിടങ്ങളിലും പഠനം നടത്തിക്കഴിഞ്ഞു.
അവസാനമായാണ് സംഘം കൊടിഞ്ഞിയിലെത്തുന്നത്. ഇന്ത്യയില്‍ നടത്തിയ പഠനത്തില്‍ കൊടിഞ്ഞിയിലെ പത്തായിരത്തോളം ജനസംഖ്യക്കിടയില്‍ മുന്നൂറിലേറെ ഇരട്ടകളെയാണ് കണ്ടെത്തിയത്. ലോകത്ത് ഏറ്റവും കൂടുതല്‍ ഇരട്ടകള്‍ കൊടിഞ്ഞിയില്‍തന്നെ എന്ന് പഠനസംഘം വിലയിരുത്തി. ഇതിന്റെ ഭാഗമായി തുടര്‍പഠനം നടത്തും.
പഠന ഫലമായി ഈ പ്രതിഭാസത്തിന്റെ ഉത്തരം കണ്ടെത്താന്‍ സാധിക്കുമെന്നും അത് ലോകത്ത് മറ്റു ജനിതക പഠനങ്ങള്‍ക്കുള്ള വഴിത്തിരിവാകുമെന്നും ഡോ.തിരുമലൈ സ്വാമി പ്രത്യാശ പ്രകടിപ്പിച്ചു.
ഈ പ്രതിഭാസത്തെ കുറിച്ച് പല മിഥ്യാധാരണകളും ഉണ്ട്. എന്നാല്‍ വേണ്ടവിധം പഠനം നടന്നിട്ടില്ലെന്നും ഈ പഠനത്തിലൂടെ പൂര്‍ണമായ വ്യക്തത നേടിയെടുക്കാമെന്നും പ്രൊഫ. പ്രീതം പറഞ്ഞു.
ലണ്ടന്‍ യൂനിവേഴ്‌സിറ്റി കോളജിനെ പ്രതിനിധീകരിച്ച് ഡോ.കൗസ്തുബ് അധികാരി, മക്‌റീന, ട്യൂബിങ്ങന്‍ യൂനിവേഴ്‌സിറ്റിയെ പ്രതിനിധീകരിച്ച് ഡോ.ഷീജ, ഗവേഷകരായ റുബീന, പ്രസീത, അമിത, കേരള യൂനിവേഴ്‌സിറ്റിയിലെ മാസ്റ്റര്‍ ബിരുദ വിദ്യാര്‍ഥികളായ വീണ, രാജപ്രിയ എന്നിവരും സംഘത്തിലുണ്ടായിരുന്നു. 2001ലാണ് കൊടിഞ്ഞിയിലെ ഇരട്ടപ്രതിഭാസം ലോകം അറിയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."