ജില്ലാ പഞ്ചായത്തിന്റെ പദ്ധതി തെരുവുനായകളെ തുരത്തും
മലപ്പുറം: തെരുവുനായ നിയന്ത്രണത്തിന്റെ ഭാഗമായി ജില്ലയില്‍ സഞ്ചരിക്കുന്ന ഓപറേഷന്‍ തിയേറ്ററും പരിചരണ വിഭാഗവും ഒരുക്കാന്‍ ജില്ലാ പഞ്ചായത്ത് പദ്ധതി. തെരുവുനായശല്യം രൂക്ഷമായതിനെ തുടര്‍ന്ന് ഇവയെ നിയന്ത്രിക്കുന്നതിനാവശ്യമായ പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശമുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ജില്ലയില്‍ മൊബൈല്‍ ഓപറേഷന്‍ യൂനിറ്റ് സജ്ജമാക്കുന്നത്. തെരുവുനായകളെ പിടിച്ച് വന്ധ്യംകരണം നടത്താനും കുത്തിവെപ്പെടുക്കുവാനും ബ്ലോക്ക് തലങ്ങളില്‍ ഷെല്‍ട്ടറുകള്‍ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശമുണ്ടായിരുന്നു. എന്നാല്‍ ഇതിനു സൗകര്യമുള്ള കെട്ടിടവും അനുബന്ധ സൗകര്യങ്ങളും ലഭ്യമല്ലാത്ത സാഹചര്യത്തിലാണ് മൊബൈല്‍ യൂനിറ്റുകള്‍ സജ്ജീകരിക്കാന്‍ ആലോചിക്കുന്നത്.
കേന്ദ്ര അനിമല്‍ വെല്‍ഫയര്‍ ബോര്‍ഡിന്റെ സര്‍ട്ടിഫിക്കറ്റുകളുള്ള ഇത്തരം ഏജന്‍സികളെ ഇതിനായി സമീപിക്കാനാണ് ജില്ലാ പഞ്ചായത്ത് തീരുമാനം. പത്രപരസ്യങ്ങള്‍ മുഖേനെ ക്വട്ടേഷന്‍ ക്ഷണിച്ച് ഉചിതമായ ഏജന്‍സികള്‍ക്ക് കരാര്‍ നല്‍കും. സംസ്ഥാനത്ത് ഇത്തരം ഏജന്‍സികളുടെ ലഭ്യതക്കുറവ് മൂലം കര്‍ണാടക, തമിഴ്‌നാട് എന്നിവിടങ്ങളിലുള്ള ഏജന്‍സികളെയാണ് ഏല്‍പ്പിക്കുന്നത്. ഇവരെ പദ്ധതിയുടെ ഭാഗമാക്കുന്നതിനുള്ള നടപടി പുരോഗമിക്കുകയാണ്. ഇത്തരം യൂനിറ്റുകളെ കണ്ടെത്തുന്നതോടെ ജില്ലയില്‍ തെരുവുനായ ശല്യം രൂക്ഷമായ ഭാഗങ്ങളില്‍ നേരിട്ടെത്തി വന്ധ്യംകരണ പദ്ധതി നടപ്പിലാക്കാനാകുമെന്നാണ് ജില്ലാ പഞ്ചായത്ത് പ്രതീക്ഷിക്കുന്നത്. നായകളെ പാര്‍പ്പിക്കുന്നതിനും വന്ധ്യംകരണം നടത്തുന്നതിനുമുള്ള സൗകര്യം മൊബൈല്‍ യൂനിറ്റുകളിലുണ്ടാകും.
ഒരുകോടി രൂപയാണ് ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങള്‍ ജനനനിയന്ത്രണത്തിനായി നീക്കിവച്ചിട്ടുള്ളത്. വന്ധ്യംകരണ യൂനിറ്റ് ആരംഭിക്കുന്നതിന്റെ ഭാഗമായി പൊന്നാനി നഗരസഭയിലെ ഈശ്വരമംഗലത്ത് മൃഗ സംരക്ഷണ ബോര്‍ഡിന്റെ കീഴിലുള്ള ഒരു ഏക്കര്‍ സ്ഥലത്ത് വന്ധ്യംകരണ യൂനിറ്റ് ആരംഭിക്കും. ഇതിനായി തയാറാക്കിയ ജില്ലാ പഞ്ചായത്തിന്റെ പ്രൊജക്ടിന് അംഗീകാരം ലഭിച്ചിട്ടുണ്ട്. ഇവിടെ മൃഗാശുപത്രിക്ക് കീഴില്‍ ഒഴിഞ്ഞുകിടക്കുന്ന കെട്ടിടം ഇതിനായി ഉപയോഗപ്പെടുത്തും. ഓപ്പറേഷന്‍ തിയേറ്ററും പരിചരണ വിഭാഗവും ഇവിടെ ഒരുക്കും. പൊന്നാനിയിലേയും സമീപ പ്രദേശങ്ങളിലുമുള്ള തെരുവുനായ്ക്കളെ വന്ധ്യംകരണം ചെയ്യുന്നതിനും പരിപാലിക്കുന്നതിനും ഇത് ഉപയോഗപ്പെടുത്തും. ഒരു സമയം 10 നായ്ക്കളെ വന്ധ്യംകരണം ചെയ്യാനും പരിചരിക്കാനും ഇവിടെ സൗകര്യമുണ്ടാകും. ഏജന്‍സിയെ കണ്ടെത്തുന്നതിനുള്ള ടെന്‍ഡര്‍ ക്ഷണിക്കുന്നതിനുള്ള നടപടി ഉടനുണ്ടാകും.
തെരുവുനായ്ക്കളെ കണ്ടെത്തി പിടികൂടല്‍, വന്ധ്യംകരണ ശാസ്ത്രക്രിയ, ശേഷമുള്ള പരിചരണം, മുറിവ് ഉണങ്ങുന്ന മുറക്ക് പിടികൂടിയ സ്ഥലത്ത് തന്നെ കൊണ്ടുവിടല്‍ തുടങ്ങിയവാണ് ഏജന്‍സി ചെയ്യുക.
പദ്ധതിയുടെ പുരോഗതി വിലയിരുത്തുന്നതിന് വേണ്ടി ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ബ്ലോക്ക്-നഗരസഭ-പഞ്ചായത്ത് അധ്യക്ഷന്മാരുടേയും ഉദ്യോഗസ്ഥ പ്രമുഖരുടേയും യോഗം ഉടന്‍ വിളിച്ചുചേര്‍ക്കും. ജില്ലാ കലക്ടറും യോഗത്തില്‍ പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."