നിലമ്പൂരിലെ എടിഎം തട്ടിപ്പ്; അന്വേഷണം ഡി.വൈ.എസ്.പിക്ക്
നിലമ്പൂര്‍: എ.ടി.എം ഉപയോഗിച്ചു ദമ്പതികളുടെ പണം തട്ടിയെടുത്ത കേസില്‍ പൊലിസ് അന്വേഷണം ഊര്‍ജിതമാക്കി. പെരിന്തല്‍മണ്ണ ഡി.വൈ.എസ്.പി മോഹന ചന്ദ്രന്റെ നേതൃത്വത്തിലാണ് അന്വേഷണം. തമിഴ്‌നാട് കേന്ദ്രീകരിച്ചാണ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്.
പാലക്കാട് വടക്കന്തറ ദേവി നഗര്‍ അഭിലാഷില്‍ രഘുപതി, ഭാര്യ ഗീതാകുമാരി എന്നിവരാണു തട്ടിപ്പിന് ഇരയായത്. ഇവര്‍ മുമ്പു നിലമ്പൂരില്‍ താമസിച്ചപ്പോള്‍ തുടങ്ങിയതാണ് അക്കൗണ്ടുകള്‍. ഇവര്‍ ഇപ്പോള്‍ കോയമ്പത്തൂര്‍ രത്തിനപുരിയില്‍ കണ്ണുസ്വാമി സ്ട്രീറ്റിലാണുതാമസം. രഘുപതി തനിക്ക് ലഭിച്ച കുടുംബസ്വത്ത് വിറ്റു ലഭിച്ച തുകയും ഭാര്യ ഗീതാകുമാരി ജോലി ചെയ്തു ലഭിച്ച തുകയുമാണ് ഇന്ത്യന്‍ ബാങ്കില്‍ നിക്ഷേപിച്ചിരുന്നത്.
ഇവര്‍ നിലമ്പൂര്‍ ഇന്ത്യന്‍ ബാങ്കില്‍ നിക്ഷേപിച്ചിരുന്ന 753500 രൂപയാണ് ഓണ്‍ലൈന്‍ വഴി എ.ടി.എം കാര്‍ഡ് തട്ടിപ്പിലൂടെ കവര്‍ന്നത്. കഴിഞ്ഞ 19നു ബാങ്കിന്റെ ഹെഡ് ഓഫീസില്‍ നിന്നാണെന്ന് പറഞ്ഞാണ് ഇവരെ തട്ടിപ്പുകാര്‍ ഫോണ്‍ മുഖേന ബന്ധപ്പെട്ടത്. എ.ടി.എം കാര്‍ഡുകളുടെ കാലാവധി കഴിഞ്ഞിട്ടുണ്ടെന്ന് ആദ്യം രഘുപതിയെ അറിയിച്ചു. ആക്ടിവേറ്റായി എന്നുറപ്പക്കാന്‍ 500 രൂപ എ.ടി.എമ്മില്‍ നിന്നു പിന്‍വലിക്കണമെന്നും പിന്നീടു മൂന്നു ദിവസം ട്രാന്‍സാക്ഷനുകള്‍ ഒന്നും തന്നെ പാടില്ലെന്നും ആ സമയത്തു മൊബൈലില്‍ വരുന്ന വിവരങ്ങള്‍ അറിയിക്കണമെന്നുമുള്ള തമിഴ് ഭാഷയിലെ നിര്‍ദ്ദേശമാണു രഘുപതിക്കു ലഭിച്ചത്.
കോയമ്പത്തൂര്‍ സായിബാവ കോവിലിലെ എ.ടി.എമ്മില്‍ നിന്നും 500 രൂപ രഘുപതി പിന്‍വലിക്കുകയും ചെയ്തു. ഗീതാകുമാരിക്കും അക്കൗണ്ടുള്ള വിവരം രഘുപതി തട്ടിപ്പുകാരുടെ ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നു. അതിന്റെ വിവരങ്ങളും ഫോണ്‍ നമ്പറും തട്ടിപ്പുകാര്‍ ഉടനടി വാങ്ങുകയും ചെയ്തു. തുടര്‍ന്ന് ഇവരുടെ അക്കൗണ്ട് നമ്പര്‍ ഉപയോഗിച്ച് ഓണ്‍ലൈനിലൂടെ തട്ടിപ്പുകാര്‍ പണം പിന്‍വലിക്കുകയാണുണ്ടായത്. ഒരോ തവണയും ഓണ്‍ലൈന്‍ മുഖേന പണം പിന്‍വലിക്കുമ്പോള്‍ വെരിഫിക്കേഷനായി അക്കൗണ്ട് ഉടമയുടെ ബാങ്കില്‍ രജിസ്റ്റര്‍ ചെയ്ത ഫോണ്‍ നമ്പറിലേക്ക് ഒരു ഒ.ടി.പി നമ്പറായി ബാങ്കില്‍ നിന്ന് അയക്കുകയും അക്കൗണ്ടുടമ ആ നമ്പര്‍ ടൈപ്പ് ചെയ്യുകയാണെങ്കില്‍ മാത്രമേ പണം പിന്‍വലിക്കാന്‍ സാധിക്കുകയും ചെയ്യുകയുള്ളൂ.
ഈ കേസില്‍ ഓരോ തവണ പണം പിന്‍വലിക്കാന്‍ ശ്രമിച്ചപ്പോഴും യഥാക്രമം ഗീതാകുമാരിയുടെയും രഘുപതിയുടെയും ഫോണുകളില്‍ ഒ.ടി.പി നമ്പറുകള്‍ എസ്.എം.എസ് ആയി വരികയും അവര്‍ അത് ഫോണിലൂടെ ബാങ്ക് അധികൃതരാണെന്ന ധാരണയില്‍ തട്ടിപ്പുകാരെ അറിയിക്കുകയുമാണുണ്ടായത്. ഗീതാകുമാരിയുടെ അക്കൗണ്ടില്‍ നിന്ന് 426 700 രൂപയും രഘുപതിയുടെ അക്കൗണ്ടില്‍ നിന്ന് 326 800 രൂപയുമാണ് ഇങ്ങനെ പിന്‍വലിച്ചത് . കഴിഞ്ഞ 19, 20, 21, 22 തീയതികളില്‍ നാലു ദിവസങ്ങളിലായി തുടര്‍ച്ചയായ 44 ട്രാന്‍സാക്ഷനുകള്‍ക്ക് ഇവര്‍ തട്ടിപ്പുകാര്‍ക്ക് ഒ.ടി.പി നമ്പര്‍ പറഞ്ഞു കൊടുത്തു. ചില ദിവസങ്ങളില്‍ ആയിരം മുതല്‍ അരലക്ഷം രൂപവരെ ഇങ്ങനെ പിന്‍വലിച്ചു. കഴിഞ്ഞ ദിവസം വീണ്ടും അകൗണ്ടില്‍ പണം നിക്ഷേപിച്ചിട്ടുണ്ടോ എന്നന്വേഷിച്ച് വിളിച്ചപ്പോഴാണ് ഇവര്‍ക്ക് സംശയം തോന്നിയത്.
തട്ടിപ്പുകള്‍ നടത്തിയത് തമിഴ്‌നാട്, കര്‍ണാടക, ഒറിസ, ബീഹാര്‍ എന്നിവിടങ്ങളില്‍ നിന്നാണെന്ന് അന്വേഷണ സംഘത്തിനു സൂചന ലഭിച്ചു. എ.ടി.എം തട്ടിപ്പിനിരയായ ദമ്പതികളുടെ കൂടുതല്‍ പണവും ഉപയോഗിച്ചത് ഓണ്‍ലൈന്‍ വ്യാപാരത്തിനു വേണ്ടിയാണ്. വ്യാജ മേല്‍വിലാസത്തിലുള്ള തമിഴ്‌നാട് സിം ഉപയോഗിച്ചാണ് ദമ്പതികളെ പല തവണ തട്ടിപ്പു സംഘം വിളിച്ചത്. ബീഹാറിലെ ഇന്‍ഡ്യന്‍ ബാങ്കിന്റെ ഒരു അക്കൗണ്ടിലേക്കും പണം മാറ്റിയതായും പിന്നീട് എ.ടി.എം വഴി തുക പിന്‍വലിച്ചതായും വിവരം ലഭിച്ചിട്ടുണ്ട്. അക്കൗണ്ട് ഉടമയുടെ വിവരങ്ങള്‍ ലഭ്യമായിട്ടുണ്ട്. ഒരുവര്‍ഷത്തിനിടയില്‍ നിലമ്പൂരില്‍ മാത്രം നടക്കുന്ന അഞ്ചാമത്തെ തട്ടിപ്പാണിത്. എന്നാല്‍ ഇത്രയും അധികം തുക നഷ്ടമാവുന്നത് ആദ്യമാണ്. എ.ടി.എം കാര്‍ഡ് വേണ്ട എന്ന് ഇവര്‍ പറഞ്ഞിരുന്നെങ്കിലും ബാങ്ക് അധികൃതര്‍ നിര്‍ബന്ധിച്ചു നല്‍കുകയായിരുന്നുവെന്നു ഗീതാകുമാരി നിലമ്പൂര്‍ പൊലിസിനു നല്‍കിയ പരാതിയില്‍ പറയുന്നു. ബാങ്കുകള്‍ തങ്ങളുടെ സേവനം ലളിതമാക്കുന്നതിനു കൂടുതല്‍ പേര്‍ക്കു നിര്‍ബന്ധിച്ച് എ.ടി.എം കാര്‍ഡുകള്‍ നല്‍കുമ്പോള്‍ ഇതു കൈകാര്യം ചെയ്യാന്‍ അറിയാത്ത പലരും തട്ടിപ്പിനിരയാവുന്നുണ്ട്. നിലമ്പൂരിലെ എ.ടി.എം തട്ടിപ്പ് കാര്‍ഡ് ഉടമകളെ മുഴുവന്‍ അങ്കലാപ്പിലാക്കിയിരിക്കുകയാണ്. അതേസമയം അന്വേഷണം ഊര്‍ജിതപ്പെടുത്തിയതായി പൊലിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."