കുടുംബവാഴ്ചക്കുണ്ടാകുന്ന അനിവാര്യ പതനം
നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കെ ഉത്തര്‍പ്രദേശ് രാഷ്ട്രീയ രംഗമാകെ കലങ്ങിമറിയുകയാണ്. മുലായംസിങ് യാദവിന്റെ കുടുംബത്തിലെ ഉരുള്‍പൊട്ടലാണ് സമാജ് വാദി പാര്‍ട്ടിയിലെ മലവെള്ളപ്പാച്ചിലിന് കാരണമായിരിക്കുന്നത്. സമാജ് വാദിയിലെ പ്രശ്‌നങ്ങള്‍ പരിഹരിച്ചുവെന്ന് മുലായംസിങ് പറയുന്നുണ്ടെങ്കിലും അത് എത്ര കാലത്തേക്ക് എന്ന ചോദ്യം രാഷ്ട്രീയവൃത്തങ്ങള്‍ ഉന്നയിക്കുന്നുണ്ട്.
രാഷ്ട്രീയ പാര്‍ട്ടിയെ കുടുംബ ട്രസ്റ്റാക്കി മാറ്റിയ മുലായംസിങ് നേരിട്ടുകൊണ്ടിരിക്കുന്ന അനിവാര്യ ദുരന്തമാണിപ്പോള്‍ യുപിയില്‍ കണ്ടുകൊണ്ടിരിക്കുന്നത്. മുലായംസിങ്ങിന്റെ മകനും മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ് ഇളയച്ഛനും സമാജ് വാദി പാര്‍ട്ടി സംസ്ഥാന അധ്യക്ഷനുമായ ശിവപാല്‍ യാദവിനെയും മൂന്ന് മന്ത്രിമാരെയും മന്ത്രിസഭയില്‍ നിന്ന് പുറത്താക്കിയതോടെയാണ് പാര്‍ട്ടിയില്‍ കലാപം പൊട്ടിപ്പുറപ്പെട്ടത്. 2012 ല്‍ പുറത്താക്കിയ അമര്‍സിങ് പാര്‍ട്ടിയില്‍ തിരിച്ചെത്തിയപ്പോള്‍ തന്നെ അസ്വസ്ഥത പുകയാന്‍ തുടങ്ങിയിരുന്നു. മന്ത്രിസഭയില്‍ നിന്ന് പുറത്തായ പാര്‍ട്ടി പ്രസിഡന്റ് ശിവപാലാകട്ടെ വെറുതെ ഇരിക്കാതെ അഖിലേഷ് പക്ഷക്കാരനായ രാംഗോപാല്‍ യാദവിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി കലാപത്തിന് എരിവ് കൂട്ടുകയും ചെയ്തു. ബി.ജെ.പിയുമായി ചേര്‍ന്ന് രാംഗോപാല്‍ യാദവ് ഗൂഢാലോചന നടത്തിയെന്നാണ് പുറത്താക്കലിനെ ന്യായീകരിച്ച് ശിവപാല്‍ പറഞ്ഞത്. ഷാദാബ് ഫാത്തിമ, നാരദ് റായ്, ഓം പ്രകാശ് സിങ് എന്നിവരാണ് അഖിലേഷ് യാദവിന്റെ കോപത്തിനിരയായി പുറത്തുപോകേണ്ടി വന്ന മറ്റു മന്ത്രിമാര്‍.
അഖിലേഷ് യാദവിന്റെ ബദ്ധ ശത്രുവായ അമര്‍സിങ്ങിന് പാര്‍ട്ടിയില്‍ വീണ്ടും പ്രവേശനം നല്‍കിയതും ജനറല്‍ സെക്രട്ടറിയാക്കി അപ്രമാദിത്ത്വം കല്‍പ്പിച്ച് നല്‍കിയതും അച്ഛന്‍ മുലായംസിങ്ങിനോടുള്ള അഖിലേഷ് യാദവിന്റെ അകല്‍ച്ചയിലാണ് എത്തിച്ചത്. പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ പറഞ്ഞുതീര്‍ക്കാന്‍ ഇരുപക്ഷത്തെയും മുലായംസിങ് വിളിച്ചുവരുത്തിയെങ്കിലും അലസിപ്പിരിയുകയായിരുന്നു.
അടുത്ത മാര്‍ച്ചില്‍ നടക്കുന്ന യു.പി നിയമസഭാ തെരഞ്ഞെടുപ്പിനെ ബി.ജെ.പി ജീവന്‍മരണ പോരാട്ടമായാണ് കാണുന്നത്. യു.പി ജയിച്ചു കയറിയാല്‍ ലോക്‌സഭ ജയിച്ചുകയറിയ ഫലമാണ് എന്നാണ് കരുതിപ്പോരുന്നത്. യു.പിയില്‍ നിന്നുള്ള നിയമസഭാ സാമാജികരുടേയും എം.പിമാരുടേയും എണ്ണത്തെ ആശ്രയിച്ചിരിക്കുന്നു അടുത്ത വര്‍ഷം രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ മാറ്റുരക്കല്‍. ബി.ജെപി അവരുടെ നോമിനിയെ ഇന്ത്യയുടെ പ്രസിഡന്റാക്കുവാന്‍ എല്ലാ അടവുകളും യു.പി നിയമസഭാ തെരഞ്ഞെടുപ്പില്‍ പയറ്റിക്കൊണ്ടിരിക്കുകയാണ്. ഇപ്പോഴത്തെ നിലയില്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് സംഘ്പരിവാര്‍ അനുഭാവമുള്ള ഒരാളെ കൊണ്ടുവരാനുള്ള വോട്ടുബലം ബി.ജെ.പിക്കില്ല. യു.പിയിലെ തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം ബി.ജെ.പി എം.എല്‍.എമാര്‍ തെരഞ്ഞെടുക്കപ്പെടുകയാണെങ്കില്‍ ഒരു കൈ നോക്കാമെന്ന് ബി.ജെ.പി കരുതുന്നു. എന്നാല്‍ അടുത്തകാലത്ത് പശു രാഷ്ട്രീയത്തിന്റെ പേരിലുണ്ടായ ദലിത് വിരുദ്ധ നീക്കം ബി.ജെ.പിയുടെ സാധ്യതക്ക് മങ്ങലേല്‍പ്പിക്കുന്നുണ്ട്. ഇതിനെ തുടര്‍ന്നാണ് ബിജെ.പി മുത്വലാഖ് മുതല്‍ ഏകസിവില്‍കോഡ് വരെ യു.പിയില്‍ എടുത്ത് പയറ്റാന്‍ തുടങ്ങിയിരിക്കുന്നത്. ഇപ്പോഴത്തെ എസ്.പി കലാം ബി.ജെ.പിക്ക് നേരിയ പ്രതീക്ഷ നല്‍കുന്നുണ്ട്. വരുണിനെതിരെയുള്ള ഹണി കെണി തീര്‍ത്തത് ബി.ജെ.പിയിലെ ഒരു വിഭാഗം തന്നെയാണെന്നുള്ള പ്രചാരണവും നിലനില്‍ക്കുന്നുണ്ട്. ഭരണം കിട്ടിയാല്‍ വരുണ്‍ മുഖ്യമന്ത്രിയാകുന്നത് തടയാന്‍ വേണ്ടിയാണിത്.
മറ്റൊരു സാധ്യത ബി.എസ്.പിക്കാണ്. നിരവധി അഴിമതി ആരോപണങ്ങളില്‍ കുടുങ്ങി കേസ് വിചാരണക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന ബി.എസ്.പി നേതാവ് മായാവതിയുടെ പ്രതിച്ഛായ ഏറെ മങ്ങിയിട്ടുണ്ട്. എന്നാല്‍ പോലും എസ്.പിയിലെ 'അഗ്‌നിബാധ' അവര്‍ക്കും പ്രതീക്ഷ നല്‍കുന്നു. മതേതര ജനാധിപത്യ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന നേതാവ് എന്ന പ്രതിച്ഛായയാണ് മുലായംസിങ് യാദവിന് രാഷ്ട്രീയ ലോകത്തുള്ളത്. എന്നാല്‍ രാഷ്ട്രീയത്തിന്റെ മറ പിടിച്ച് തന്റെ കുടുംബാധിപത്യം പാര്‍ട്ടിയില്‍ ഉറപ്പിക്കുകയായിരുന്നു അദ്ദേഹം ഇത്രയും കാലം. അനിയന്മാരെയും മക്കളെയും പാര്‍ട്ടിയുടെയും ഭരണത്തിന്റെയും മര്‍മ്മസ്ഥാനങ്ങളില്‍ കുടിയിരുത്തി അക്ഷരാര്‍ഥത്തില്‍ തന്നെ കുടുംബാധിപത്യത്തിന്റെ കീഴിലാക്കി എസ്.പി എന്ന രാഷ്ട്രീയ പ്രസ്ഥാനത്തെ ഈ നേതാവ്. അധികാരത്തിന്റെ ലഹരി പിടിപ്പെട്ട കുടുംബാംഗങ്ങളാകട്ടെ ഇപ്പോള്‍ പരസ്പരം അംഗം വെട്ടാനും ഇറങ്ങിയിരിക്കുന്നു. പാര്‍ട്ടിയെയും ഭരണത്തെയും സ്വന്തം വരുതിയില്‍ നിര്‍ത്താന്‍ മുഖ്യമന്ത്രി അഖിലേഷ് യാദവ് സ്വന്തം അച്ഛന്‍ മുലായംസിങ്ങിനെ വരെ തള്ളിപ്പറയാന്‍ മടികാണിച്ചില്ല. അമിതാധികാരത്തിന്റെ ലഹരി തലക്കു പിടിച്ചതാണ് ഇതിന് കാരണം. ഇളയച്ഛന്‍ ശിവപാലിനെതിരെയും അമര്‍സിങ്ങിനെതിരേയും അഖിലേഷ് യുദ്ധം പ്രഖ്യാപിച്ചത് ഇതിന്റെ ഭാഗമാണ്. മുലായംസിങ് ആകട്ടെ ഇരുപക്ഷത്തെയും മധുരിച്ചിട്ട് തുപ്പാനും വയ്യ, കയ്ച്ചിട്ട് ഇറക്കുവാനും വയ്യ എന്ന പരുവത്തിലും.
മുലായം സിങ് യാദവ് തിങ്കളാഴ്ച വിളിച്ചു ചേര്‍ത്ത യോഗം തീരുമാനമാകാതെ പിരിഞ്ഞതും സമാജ് വാദി പാര്‍ട്ടിയില്‍ പിളര്‍പ്പില്ലെന്ന് പാര്‍ട്ടി തലവന്‍ മുലായം സിങ് യാദവ് പാര്‍ട്ടി ആസ്ഥാനത്തു വാര്‍ത്താ സമ്മേളനം നടത്തിയപ്പോള്‍ അഖിലേഷ് യാദവ് വിട്ട് നിന്നതും പ്രശ്‌നങ്ങള്‍ക്ക് അയവ് വന്നിട്ടില്ലെന്നാണ് അറിയിക്കുന്നത്. എസ്.പി പിളരുകയാണെങ്കില്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെയും ബി.ജെ.പിയില്‍ നിന്ന് പുറത്താകാനിരിക്കുന്ന വരുണ്‍ ഗാന്ധിയുടെയും അഖിലേഷ് യാദവിന്റെയും ഒരു കൂട്ടായ്മ വരുന്ന യു.പി നിയമസഭ തെരഞ്ഞെടുപ്പിന് നേരിട്ടുകൂടായ്കയില്ല. എസ്.പിയെ കുടുംബ വ്യവസായമാക്കിയതിന്റെ അനിവാര്യമായിത്തീരുന്ന ഇത്തരം പതനങ്ങള്‍ മക്കളെ രാഷ്ട്രീയത്തിലെ ഉന്നത സ്ഥാനത്തെത്തിക്കുവാന്‍ അഹോരാത്രം പണിപ്പെടുന്ന പിതാക്കളായ മന്ത്രിമാര്‍ക്കും നേതാക്കള്‍ക്കും പാഠമാകേണ്ടതാണ്. മതേതര മൂല്യങ്ങളെയും തന്റെ സോഷ്യലിസ്റ്റ് പ്രതിച്ഛായയെയും കുടുംബത്തിന്റെ വളര്‍ച്ചക്കായി ഉപയോഗപ്പെടുത്തുകയായിരുന്നു മുലായംസിങ് യാദവ്. വര്‍ഗീയതക്കെതിരേ കൂട്ടായ്മകളുണ്ടാക്കുവാനും സ്വാര്‍ഥ താല്‍പര്യങ്ങള്‍ നടപ്പാകാതെ വരുമ്പോള്‍ അത് തകര്‍ക്കുവാനും മുലായംസിങ് എന്നും ദേശീയ രാഷ്ട്രത്തിന്റെ മുന്‍പന്തിയിലുണ്ടായിരുന്നു.
ഇന്ത്യന്‍ രാഷ്ട്രീയത്തിലെ മഹാമേരുവായിരുന്ന മുലായംസിങ് എന്ന അതിശക്തനായ നേതാവിന്റെ രാഷ്ട്രീയ വനവാസത്തിന് അദ്ദേഹം തന്നെ ബീജാവാപം നല്‍കിയ കുടുംബാധിപത്യ രാഷ്ട്രീയം തന്നെ കാരണമായിത്തീരുന്നുവെന്നത് കാലത്തിന്റെ കാവ്യനീതിയായിരിക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."