സ്ഥലം വിട്ടുനല്‍കുന്നതില്‍ സര്‍ക്കാറിന് ഗുരുതര വീഴ്ച
പൊന്നാനി: രണ്ടായിരം കോടി രൂപ ചെലവില്‍ പൊന്നാനിയില്‍ നിര്‍മിക്കുന്ന വാണിജ്യ തുറമുഖത്തിന് സ്ഥലം വിട്ട് നല്‍കുന്നതില്‍ സര്‍ക്കാറിന് ഗുരുതര വീഴ്ച. നിര്‍മാണം നടക്കേണ്ട സ്ഥലം ഇനിയും കരാര്‍ ഏറ്റെടുത്ത കമ്പനിക്ക് വിട്ടുനല്‍കാന്‍ സര്‍ക്കാര്‍ തയാറായിട്ടില്ല.
29 ഏക്കര്‍ ഭൂമിയാണ് നിര്‍മാണത്തിന് പാട്ടക്കരാര്‍ വ്യവസ്ഥയില്‍ നിര്‍മാണ കമ്പനിയായ മലബാര്‍ പോര്‍ട്ടിന് നല്‍കേണ്ടത്. ആവശ്യനടപടികളെല്ലാം പൂര്‍ത്തിയായിട്ടുണ്ടെങ്കിലും രേഖാമൂലം സ്ഥലം ഇനിയും വിട്ടുനല്‍കിയിട്ടില്ലെന്ന് മലബാര്‍ പോര്‍ട്ട് എം ഡി വെങ്കിട്ടരാമന്‍ പറഞ്ഞു. സ്ഥലം വിട്ട് നല്‍കിയെങ്കില്‍ മാത്രമെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്താനാകൂ. സ്ഥലം വിട്ടുനല്‍കുന്നതുമായി ബന്ധപ്പെട്ട് നിരവധി തവണ പൊന്നാനി എം.എല്‍.എ കൂടിയായ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്റെ അധ്യക്ഷതയില്‍ ബന്ധപ്പെട്ട വകുപ്പ് മേധാവികളെ ചേര്‍ത്ത് യോഗം വിളിച്ചിരുന്നുവെങ്കിലും സ്ഥലം വിട്ടുനല്‍കല്‍ മാത്രമുണ്ടായില്ല .
ഒരു വര്‍ഷം മുന്‍പാണ് അന്നത്തെ മുഖ്യമന്തി ഉമ്മന്‍ ചാണ്ടി പദ്ധതിക്ക് തറക്കല്ലിട്ടത്. തുടര്‍ന്ന് സ്ഥലം വിട്ടുതരണമെന്ന ആവശ്യമുന്നയിച്ച് നിരന്തരം സര്‍ക്കാറിനെ സമീപിച്ചിരുന്നുവെങ്കിലും നടപടിയുണ്ടായില്ല. ഇതിനു പുറമെ പ്രദേശത്തെ മല്‍സ്യത്തൊഴിലാളികളുടെ ലേലപ്പുരകള്‍ മാറ്റി സ്ഥാപിക്കാനും അധികൃതര്‍ക്ക് കഴിയാത്തത് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങാന്‍ കഴിയാത്തതിന് കാരണമായിട്ടുണ്ട്.
പ്രദേശത്തെ പതിനായിരത്തോളം കാറ്റാടി മരങ്ങള്‍ ഈ അടുത്താണ് മുറിച്ച് മാറ്റിയത്. സ്ഥലം പൂര്‍ണമായി വിട്ട് തന്നാല്‍ മാത്രമെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ തുടങ്ങാനാകൂവെന്നാണ് നിര്‍മാണക്കരാര്‍ ഏറ്റെടുത്ത കമ്പനിയുടെ നിലപാട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."