മന്തുരോഗ നിവാരണം: സമൂഹ ചികിത്സ നവംബര്‍ 11 മുതല്‍
പാലക്കാട്: ജില്ലയില്‍ മന്ത് രോഗം പൂര്‍ണമായും തുടച്ച് നീക്കാന്‍ ആരോഗ്യ വകുപ്പ് വിപുലമായ പരിപാടികള്‍ ആവിഷ്‌ക്കരിച്ചു. നവംബര്‍ 11 മുതല്‍ ഡിസംബര്‍ എട്ട് വരെ രണ്ട് ഘട്ടങ്ങളിലായി മന്ത് രോഗ നിവാരണ ചികിത്സാ പരിപാടി ജില്ലയില്‍ നടക്കും. രോഗ വ്യാപന സാധ്യത കൂടുതലുള്ള പ്രദേശങ്ങളില്‍ ആദ്യഘട്ടത്തില്‍ ഡി.ഇ.സി ആല്‍ബന്റസോള്‍ ഗുളികകള്‍ വിതരണം ചെയ്യും. രണ്ടാം ഘട്ടത്തില്‍ ബാക്കിയുള്ളിടങ്ങളിലും ഗുളികകള്‍ എത്തിക്കും. ഉച്ചഭാഷിണി, തെരുവ് നാടകം, റാലി, നോട്ടീസ് വിതരണം, പോസ്റ്റര്‍ പ്രദര്‍ശനം, ചര്‍ച്ചകള്‍ തുടങ്ങിയ സംവിധാനങ്ങളിലൂടെ വിവിധ പ്രദേശങ്ങളില്‍ ഗുളികകള്‍ കഴിക്കാനുള്ള ബോധവത്ക്കരണം ആരോഗ്യ വകുപ്പ് തുടങ്ങിക്കഴിഞ്ഞു. രോഗ കാരണം, ലക്ഷണങ്ങള്‍, പകരുന്ന വിധം, ഗുളിക കഴിക്കേണ്ടതിന്റെ ആവശ്യം, പാര്‍ശ്വ ഫലങ്ങള്‍, മുന്‍കരുതല്‍ എന്നിവ ജനങ്ങളെ ബോധ്യപ്പെടുത്തും. ആരോഗ്യ വകുപ്പ് പ്രവര്‍ത്തകര്‍ എല്ലാ വീടുകളിലും ഗുളികകള്‍ വിതരണം ചെയ്യുകയും കഴിച്ചെന്നുറപ്പ് വരുത്തുകയും ചെയ്യും.
സമൂഹ ചികിത്സാ പരിപാടിയുടെ മുന്നോടിയായി ജില്ലാ കലക്ടര്‍ പി. മേരിക്കുട്ടിയുടെ അധ്യക്ഷതയില്‍ വിവിധ വകുപ്പ് മേധാവികളുടെയും ആരോഗ്യ പ്രവര്‍ത്തകരുടെയും യോഗം ജില്ലാ കലക്ടറേറ്റ് സമ്മേളന ഹാളില്‍ ചേര്‍ന്നു.
ഡോ. റീന, ഡോ. കെ.പി. റീത്ത, ഡോ. കെ.എ. നാസര്‍, ഡോ. രചനാ ചിദംബരം, ഡോ. സന്ധ്യ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."