റേഷന്‍ കാര്‍ഡ് പരാതി കേള്‍ക്കാനുള്ള സൗകര്യം ഒരുക്കിയില്ല കൗണ്‍സില്‍ യോഗത്തില്‍ ബഹളം
കുന്നംകുളം: പുതിയ റേഷന്‍ കാര്‍ഡുകള്‍ അനുവദിച്ചതിലെ പരാതി പരിഹരിക്കുന്നതിനായി സിവില്‍ സപ്ലൈസ് ഓഫിസുകള്‍ക്ക് പുറമേ നഗരസഭകളിലും പഞ്ചായത്തുകളിലും പരാതി നല്‍കാനുള്ള സര്‍ക്കാര്‍ ഉത്തരവ് ഉണ്ടായിട്ടും കുന്നംകുളം നഗരസഭയില്‍ പന്ത്രണ്ട് മണി കഴിഞ്ഞിട്ടും പരാതി നല്‍കാന്‍ സൗകര്യം ഒരുക്കാത്തതിനെ തുടര്‍ന്ന് നഗരസഭ യോഗത്തില്‍ ബഹളം. ആര്‍.എം.പി കൗണ്‍സിലര്‍ ശ്രീജിത്ത് ചെയര്‍മാന്റെ ചേംബര്‍ ഉപരോധിച്ചു. കൗണ്‍സില്‍ തുടങ്ങി നിമിഷങ്ങള്‍ക്കകമാണ് പരാതി സ്വീകരിക്കാനാവിശ്യമായ നടപടി ചെയര്‍മാന്‍ സ്വീകരിച്ചില്ലെന്നും ജനദ്രോഹ ഭരണമാണ് ചെയര്‍മാന്‍ നടത്തുന്നതെന്നും അരോപിച്ച് ശ്രീജിത്ത് ചെയര്‍മാന്റെ ചേമ്പര്‍ ഉപരോധിച്ചത്. എന്നാല്‍ പെട്ടെന്ന് തന്നെ റേഷന്‍ കാര്‍ഡുമായി ബന്ധപ്പെട്ട പരാതികള്‍ കേള്‍ക്കാന്‍ നടപടിയെടുക്കുമെന്ന് ചെയര്‍മാന്റെ ഉറപ്പിനെ തുടര്‍ന്നാണ് ഉപരോധം അവസാനിപ്പിച്ചത്. രാവിലെ പരാതിയുമായെത്തിയവരെ പരാതി വാങ്ങാതെ കൗണ്‍സിലര്‍ മടക്കിയതായും ആര്‍.എം.പി കൗണ്‍സിലര്‍മാര്‍ കുറ്റപ്പെടുത്തി. എന്നാല്‍ പദ്ധതി രേഖ അവതരിപ്പിക്കാനായി ചേര്‍ന്ന യോഗത്തില്‍ അനാവശ്യ കാര്യങ്ങള്‍ ഉള്‍പ്പെടുത്തുന്നത് ശരിയല്ലെന്ന് വൈസ് ചെയര്‍മാന്‍ പി.എം സുരേഷ് കുറ്റപ്പെടുത്തി. ചെയര്‍മാന്റെ ചേമ്പര്‍ ഉപരോധിച്ചത് ശരിയല്ലെന്നും അദേഹം പറഞ്ഞു. തുറക്കുളം മാര്‍കറ്റിന്റെ അജണ്ട ഉള്‍പ്പെടുത്താമെന്ന് പറഞ്ഞ് മാസങ്ങള്‍ കഴിഞ്ഞെന്നും ഉതുവരെയും ഉള്‍പ്പെടുത്താത്തിന്റെ കാരണം ചെയര്‍മാന്‍ വ്യക്തമാക്കണമെന്നും പി.ഐ തോമസ് പറഞ്ഞു. മാര്‍ക്കറ്റിന്റെ കാര്യങ്ങള്‍ ഇപ്പോള്‍ കേസിലാണെന്നും കേസ് കഴിഞ്ഞതിന് ശേഷമേ അതിനെ കുറിച്ച് പ്രതികരിക്കാനാകൂ എന്നും ചെയര്‍മാന്‍ പറഞ്ഞു. എന്നാല്‍ കേസ് നിര്‍മാണത്തിന് തടസമാകില്ലെന്നും കഴിഞ്ഞ തവണ കേസ് നടക്കുന്ന സമയത്തും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നിരുന്നതായും സേമാന്‍ ചെറുകുന്ന് പറഞ്ഞു. ഉത്സവ കാലമായതിനാല്‍ കേട് വന്ന തെരുവ് വിളക്കുകള്‍ നന്നാക്കാന്‍ തീരുമാനമായി. കുടിവെളള ക്ഷാമം അനുഭവിക്കുന്ന വീടുകളില്‍ കിണര്‍ റീച്ചാര്‍ജിങ്ങ് സംവിധാനം നടപ്പാക്കും. സ്ഥലങ്ങള്‍ അനതികൃതമായി കയ്യേറി താമസവും പാചകവും നടത്തുന്ന അന്യ സംസ്ഥാന തൊഴിലാളികള്‍ക്കെതിരെ പൊലിസില്‍ പരാതി നല്‍കിയതായി ചെയര്‍പേഴ്‌സണ്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."