വളപട്ടണം പാലം: യാത്രാദുരിതത്തിനു അറുതി
പാപ്പിനിശ്ശേരി: കണ്ണൂര്‍-മംഗളൂരു ദേശീയപാതയിലെ വളപട്ടണം പാലം ഇന്നുമുതല്‍ പൂര്‍ണ ഗതാഗതത്തിനു തുറന്നുകൊടുക്കുന്നതോടെ ഒരുമാസക്കാലമായുള്ള യാത്രാദുരതത്തിനു പരിഹാരമാകും. കോണ്‍ക്രീറ്റ് ചെയ്ത എക്സ്പാന്ഷന് ജോയിന്റുകളിലൂടെ വെള്ളം അടിഭാഗത്തേക്ക് ഇറങ്ങാതിരിക്കാനുള്ള റബര്‍ ഷീറ്റുകള്‍ ഘടിപ്പിക്കുന്ന ജോലികള്‍ ഇന്നലെ രാത്രിയോടെ പൂര്‍ത്തിയായി. പാലത്തിലെ ഇരുഭാഗത്തും കേടുവന്ന സ്ലാബുകളുടെയും എക്സ്പാന്ഷന് ജോയിന്റുകളുടെയും കോണ്‍ക്രീറ്റ് ജോലികള്‍ അവസാനിച്ചതോടെ ടാറിങ് ജോലികള്‍ ആരംഭിക്കും. മെക്കാഡം ടാറിങ് ചെയ്യുന്നതിനു മുമ്പായി വെള്ളം അടിഭാഗത്തേക്ക് ഇറങ്ങാതിരിക്കാനുള്ള പ്രത്യേക ടാറിങ് മിശ്രിതം ചെയ്യുന്നതിനുള്ള ജോലികള്‍ തുടങ്ങും. ഇതു പാലത്തില്‍ മുഴുവനായും ചെയ്തു തീര്‍ക്കുന്നതിനു രണ്ടാഴ്ചയോളം സമയമെടുക്കും. പകല്‍സമയങ്ങളില്‍ ഗതാഗത നയന്ത്രണം ഉണ്ടാക്കാതെ രാത്രി സമയങ്ങളില്‍ വാഹനങ്ങളെ ഭാഗികമായി കടത്തിവിട്ടാണു പ്രവൃത്തി ആരംഭിക്കുക. ഇതിന്റെ ജോലികള്‍ക്കു ശേഷം മെക്കാഡം ടാറിങ്ങും നടത്തും. പാലത്തിലെ നടപ്പാതയിലെ കേടുവന്ന സ്ലാബുകള്‍, പാലം പെയിന്റെ ചെയ്ത് മോടിപിടിപ്പിക്കുന്ന ജോലികള്‍ എന്നിവയും പൂര്‍ത്തിയാകാനുണ്ട്. സെപ്റ്റംബര്‍ 29ന് അര്‍ധരാത്രി മുതലാണു വളപട്ടണം പാലത്തിലെ നവീകരണ ജോലികള്‍ ആരംഭിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."