തളിപ്പറമ്പില്‍ ബി.ജെ.പി, സംഘപരിവാര്‍ സംഘടനകളുടെ കൊടിമരങ്ങള്‍ക്കും ഓഫിസിനും നേരെ അക്രമം
തളിപ്പറമ്പ്: തളിപ്പറമ്പില്‍ ബി.ജെ.പി, സംഘപരിവാര്‍ സംഘടനകളുടെ കൊടിമരങ്ങളും കൊടികളും വ്യാപകമായി നശിപ്പിച്ചതായി പരാതി. തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. തൃച്ചംബരത്തും പുളിമ്പറമ്പിലും പട്ടുവം മുറിയാത്തോട്ടിലുമായാണ് കൊടിമരങ്ങള്‍ നശിപ്പിക്കപ്പെട്ടത്. തൃച്ചംബരത്തെ ബി.എം.എസ് ചുമട്ടുതൊഴിലാളി ഓഫിസിനു നേരെയും അക്രമമുണ്ടായി.
ബൈക്കില്‍ മുഖംമൂടി ധരിച്ചെത്തിയ സംഘമാണ് അക്രമം നടത്തിയതെന്നു പൊലിസ് പറഞ്ഞു. ഓഫിസിലെ രണ്ടു ബോര്‍ഡുകളും നശിപ്പിച്ചിട്ടുണ്ട്. പത്തോളം കൊടിമരങ്ങളാണു തളിപ്പറമ്പിലും പരിസരങ്ങളിലും നശിപ്പിച്ചതെന്നു ബി.ജെ.പി നേതാക്കള്‍ പറഞ്ഞു. പൂക്കോത്തുനടയിലെ ബി.എം.എസ് മേഖലാ കമ്മിറ്റി ഓഫിസിനു നേരെയുണ്ടായ അക്രമത്തില്‍ മേഖലാ കമ്മിറ്റി യോഗം പ്രതിഷേധം രേഖപ്പെടുത്തി.
സമാധാനയോഗത്തില്‍ അക്രമങ്ങള്‍ അവസാനിപ്പിക്കാനെടുത്ത തീരുമാനത്തിന്റെ മഷി ഉണങ്ങും മുമ്പേ അക്രമം നടത്തി തളിപ്പറമ്പിനെ പ്രശ്‌നബാധിത മേഖലയാക്കി മാറ്റാന്‍ ശ്രമിക്കുന്നവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാത്തപക്ഷം ശക്തമായി പ്രതിരോധിക്കേണ്ടിവരുമെന്ന് യോഗം മുന്നറിയിപ്പു നല്‍കി. സി.പി.എം ഇപ്പോള്‍ കണ്ണൂരില്‍ നടത്തിവരുന്ന വാഹനപ്രചാരണ ജാഥയിലെ പൊതുയോഗങ്ങളില്‍ ബി.എം.എസ്-ബി.ജെ.പി-ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ക്കു നേരെ പി ജയരാജന്‍ അടക്കമുള്ളവര്‍ നടത്തുന്ന പ്രകോപനപരമായ പ്രസംഗങ്ങളില്‍ ആവേശംക്കൊണ്ടാണ് അണികള്‍ അക്രമം അഴിച്ചുവിടുന്നതെന്ന് നേതാക്കള്‍ ആരോപിച്ചു. ബി.എം.എസ് ജില്ലാ സെക്രട്ടറി സി.വി തമ്പാന്‍, പി.എസ് ബിജു. ചെങ്ങുനി രമേശന്‍, എം.രാജീവന്‍ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."