ട്രാഫിക്ക് സര്‍ക്കിള്‍ സംവിധാനം: ഒന്നുമാകാതെ എരിപുരം ജങ്ഷന്
പഴയങ്ങാടി: പിലാത്തറ-പാപ്പിനിശ്ശേരി കെ.എസ്.ടി.പി റോഡ് പ്രവൃത്തിയുടെ ഭാഗമായി എരിപുരം ജങ്ഷനില്‍ സ്ഥാപിക്കാനിരുന്ന ട്രാഫിക് സര്‍ക്കിളിന്റെ പ്രവൃത്തി പാതിവഴിയില്‍ നിലച്ചു.
എരിപുരം ജങ്ഷനില്‍ നാലു റോഡുകള്‍ യോജിക്കുന്ന സ്ഥലത്ത് ട്രാഫിക്ക് സര്‍ക്കിള്‍ സംവിധാനം ഏര്‍പ്പെടുത്തുന്നതിനായി ലക്ഷങ്ങള്‍ മുടക്കി സ്വകാര്യ വ്യക്തികളില്‍ നിന്നു സ്ഥലം ഏറ്റെടുത്തിരുന്നു. എന്നാല്‍ ഇതുവരെയായി ഇതിന്റെ യാതൊരു പ്രവര്‍ത്തിയും നടന്നില്ല.
പിലാത്തറ മുതല്‍ പാപ്പിനിശ്ശേരി വരെ രണ്ടു മേല്‍പ്പാലം ഉള്‍പ്പെടെയുളള റോഡ് പണി പൂര്‍ത്തിയാകുന്നതോടെ ഗതാഗത കുരുക്കു രൂക്ഷമാകാന്‍ ഏറെ സാധ്യതയുള്ള ജങ്ഷന് കൂടിയാണ് എരിപുരം. നിലവില്‍ തളിപ്പറമ്പില്‍ നിന്നു പഴയങ്ങാടിയിലേക്കും പിലാത്തറ ഭാഗത്തു നിന്നുള്ള വാഹനങ്ങളും എരിപുരം വഴിയാണു കടന്നു പോകുന്നത്.
ഇതുകൂടാതെ മാടായി കാവിലേക്കും വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുമുള്ള പ്രധാന ജങ്ഷനും എരിപുരമാണ്.
കൃത്യമായ സിഗ്നല്‍ സംവിധാനം ഏര്‍പ്പെടുത്തിയില്ലെങ്കില്‍ നാലു ദിക്കില്‍ നിന്നും വരുന്ന വാഹനങ്ങളെ നിയന്ത്രിക്കാന്‍ കഴിയാത്ത സ്ഥിതിയുണ്ടാവും. അതേസമയം, ട്രാഫിക്ക് സര്‍ക്കിള്‍ സംവിധാനം ചിലര്‍ സ്വാധീനം ഉപയോഗിച്ച് ഇല്ലാതാക്കിയതായ പരാതിയും ഉയര്‍ന്നിട്ടുണ്ട്. റോഡ് വീതികൂട്ടുന്നതിനായി ഏറ്റെടുത്ത സ്ഥലത്തു പണം ലഭിച്ചിട്ടും കെട്ടിട ഭാഗങ്ങള്‍ പൊളിച്ചു നല്‍കാത്തതും പ്രവൃത്തിയെ ബാധിക്കുന്നതായി ആക്ഷേപമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."