സിവില്‍ സപ്ലൈസ് പ്രസിദ്ധീകരിച്ച കരടുലിസ്റ്റില്‍ വ്യാപക ക്രമക്കേടെന്ന് ആക്ഷേപം
മുക്കം: ഭക്ഷ്യ സുരക്ഷാ പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി സംസ്ഥാന സിവില്‍ സപ്ലൈസ് വകുപ്പ് പ്രസിദ്ധീകരിച്ച കരടുലിസ്റ്റില്‍ വ്യാപക ക്രമക്കേടെന്നു പരാതി. താഴ്ന്ന വരുമാനമുള്ളവര്‍, വിധവകള്‍, ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവര്‍, കോളനിവാസികള്‍ തുടങ്ങി നിരവധി പേര്‍ക്ക് കരടുലിസ്റ്റില്‍ പ്രാമുഖ്യം ലഭിച്ചിട്ടില്ല.
ലിസ്റ്റില്‍ നൂറുകണക്കിന് അനര്‍ഹര്‍ കടന്നുകൂടിയതായും പരാതിയുണ്ട്. പുതിയ റേഷന്‍ കാര്‍ഡില്‍ പ്രയോരിറ്റി, നോണ്‍ പ്രയോരിറ്റി എന്നിങ്ങനെ കാര്‍ഡുടമകളെ തരംതിരിക്കുന്നുണ്ട്. നേരത്തെ ബി.പി.എല്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടിരുന്ന നിരവധി കുടുംബങ്ങള്‍ കരടുപട്ടികയില്‍ നോണ്‍ പ്രയോരിറ്റി കൂട്ടത്തിലാണ്.
അതിനിടെ, തെറ്റുതിരുത്തുന്നതിനും പരാതി നല്‍കുന്നതിനുമായി ഈ മാസം 30 വരെയാണു സമയം അനുവദിച്ചത്. ഇതോടെ തെറ്റുതിരുത്തല്‍ കേന്ദ്രങ്ങളിലും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. മലയോര മേഖലയില്‍ മുക്കം നഗരസഭ, കാരശ്ശേരി, കൊടിയത്തൂര്‍ പഞ്ചായത്തുകളിലുള്ളവര്‍ക്കു സംവിധാനമേര്‍പ്പെടുത്തിയത് കാരശ്ശേരി ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തിലാണ്. 50 പേര്‍ക്കുപോലും നിന്നുതിരിയാന്‍ സൗകര്യമില്ലാത്ത ഇവിടെ 500ലധികം ആളുകള്‍ എത്തിയതോടെ ജനങ്ങള്‍ ആകെ ദുരിതത്തിലായി. ജനങ്ങളെ ബുദ്ധിമുട്ടിക്കാതെ സൗകര്യപ്രദമായ സ്ഥലത്തു സംവിധാനമൊരുക്കണമെന്ന് മുക്കം നഗരസഭാ കൗണ്‍സിലര്‍ ഉഷകുമാരി ആവശ്യപ്പെട്ടു.
രാവിലെ ഒന്‍പതുമുതല്‍ വരിനില്‍ക്കുന്ന വൃദ്ധരും രോഗികളുമടക്കമുള്ളവര്‍ വെള്ളവും ഭക്ഷണവും ലഭിക്കാതെ ദുരിതത്തിലായി. പലരും തളര്‍ന്നുവീഴുന്ന അവസ്ഥ വരെയുണ്ടായി. കരടുപട്ടികയിലെ അപാകതകള്‍ക്കെതിരേ പരാതി പ്രളയമാണ്. 30നകം പരാതി സ്വീകരിച്ച ശേഷം നവംബര്‍ 15നകം പരാതി വിദഗ്ധ സമിതി പരിശോധിക്കും. തുടര്‍ന്ന് ഡിസംബര്‍ രണ്ടുവരെ അപ്പീല്‍ പരിഗണിക്കും. ഡിസംബര്‍ 15ന് അന്തിമപട്ടിക പ്രസിദ്ധീകരിക്കാനാണ് ആലോചന. 2017 ഫെബ്രുവരി ഒന്നുമുതല്‍ കാര്‍ഡ് വിതരണം ചെയ്യാനാണു തീരുമാനം. അതേസമയം, ഇത്തരം കാര്യങ്ങളൊന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ജനങ്ങളെ യഥാസമയം അറിയിച്ചില്ലെന്നും പരാതിയുണ്ട്. ജനങ്ങള്‍ക്കു സൗകര്യപ്രദമായ രീതിയില്‍ ലിസ്റ്റ് പരിശോധിക്കാനും പരാതി നല്‍കാനും നടപടി സ്വീകരിക്കണമെന്ന് കാരശ്ശേരി ഗ്രാമപഞ്ചായത്ത് യു.ഡി.എഫ് മെമ്പര്‍മാരായ എം.ടി അഷ്‌റഫും പി.പി ശിഹാബും ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."