ഡി.സി.സി പ്രസിഡന്റ്: അന്തിമ ലിസ്റ്റില്‍ ഒന്നാമനായി ടി. സിദ്ദീഖ്
കോഴിക്കോട്: ഡി.സി.സി പ്രസിഡന്റുമാരുടെ പുനഃസംഘടന നവംബര്‍ 15നകം ഉണ്ടാകുമെന്ന് ഉറപ്പായിരിക്കേ കോഴിക്കോട്ട് പ്രസിഡന്റ് സ്ഥാനത്തേക്ക് ടി. സിദ്ദീഖിന്റെ പേരിന് മുന്‍തൂക്കം. കോഴിക്കോട്ടെ പ്രസിഡന്റ് സ്ഥാനം എ ഗ്രൂപ്പിന് തന്നെ നല്‍കാന്‍ നേതൃതലത്തില്‍ ധാരണയായിട്ടുണ്ട്. ഇതുപ്രകാരം എ ഗ്രൂപ്പ് ശുപാര്‍ശ ചെയ്തത് സിദ്ദീഖിന്റെ പേരാണ്. നേരത്തെ ഒന്നില്‍ കൂടുതല്‍ പേരുകള്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് ഉയര്‍ന്നുകേട്ടെങ്കിലും ചര്‍ച്ചകള്‍ക്കൊടുവില്‍ സിദ്ദീഖിനെ പരിഗണിക്കുകയായിരുന്നു.
ജില്ലയില്‍ നിന്നുള്ള മുതിര്‍ന്ന നേതാക്കള്‍ സിദ്ദീഖിനെ പ്രസിഡന്റാക്കണമെന്ന് ആവശ്യപ്പെട്ട് എ.ഐ.സി.സിക്കും കെ.പി.സി.സിക്കും കത്തുനല്‍കി. എം.പിമാരായ മുല്ലപ്പള്ളി രാമചന്ദ്രന്‍, എം.കെ രാഘവന്‍ എന്നിവര്‍ സിദ്ദീഖിന് അനുകൂലമായ നിലപാടാണ് എടുത്തത്. ഐ ഗ്രൂപ്പുകാരനായ വയനാട് എം.പി എം.ഐ ഷാനവാസും സിദ്ദീഖിനെ പ്രസിഡന്റാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം ഐ ഗ്രൂപ്പുകാരായ കെ.പി.സി.സി ജനറല്‍ സെക്രട്ടറി എന്‍. സുബ്രഹ്മണ്യന്‍, സെക്രട്ടറി കെ. പ്രവീണ്‍കുമാര്‍ എന്നിവര്‍ പ്രസിഡന്റ് സ്ഥാനത്തിനായി ചരടുവലികള്‍ ശക്തമാക്കിയിട്ടുണ്ട്. പ്രവീണിനുവേണ്ടി കെ. മുരളീധരന്‍ ശക്തമായി രംഗത്തുണ്ട്. കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്റെ നോമിനിയായി കെ.പി.സി.സി ജനറല്‍ സെക്രട്ടറി കെ.പി അനില്‍കുമാറും സജീവ ശ്രമത്തിലാണ്. എന്നാല്‍ ഇവരെയെല്ലാം പിന്നിലാക്കിയാണ് സിദ്ദീഖ് അന്തിമ ലിസ്റ്റില്‍ കയറിക്കൂടിയത്. തുടക്കത്തില്‍ കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. പി.എം സുരേഷ്ബാബുവിന്റെ പേരും എ ഗ്രൂപ്പ് പരിഗണിച്ചെങ്കിലും പിന്നീട് ഒഴിവാക്കുകയായിരുന്നു. അതിനിടെ എം.കെ രാഘവന്‍ എം.പിയെ പ്രസിഡന്റാക്കാന്‍ നീക്കമുണ്ടായെങ്കിലും പദവി ഏറ്റെടുക്കാന്‍ തയാറല്ലെന്ന് അദ്ദേഹം നേതൃത്വത്തെ അറിയിക്കുകയായിരുന്നു. ഇപ്പോഴത്തെ സാഹചര്യത്തില്‍ ലിസ്റ്റില്‍ അട്ടിമറിയൊന്നും നടന്നില്ലെങ്കില്‍ ടി. സിദ്ദീഖ് തന്നെയാകും കെ.സി അബുവിന്റെ പിന്‍ഗാമി.
ഇതിനിടയില്‍ സിദ്ദീഖിനെ പ്രസിഡന്റാക്കാതിരിക്കാന്‍ പാര്‍ട്ടിക്കുള്ളില്‍ തന്നെ നീക്കം ശക്തമായിട്ടുണ്ട്. സിദ്ദീഖ് ഉള്‍പ്പെടുന്ന എ വിഭാഗത്തിലെ ചില നേതാക്കളാണ് ഈ നീക്കത്തിനു പിന്നില്‍. താമരശ്ശേരിയിലെ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് സിദ്ദീഖിനെതിരേ പ്രചരിക്കുന്ന വാര്‍ത്തകള്‍ ഇതിന്റെ ഭാഗമായാണെന്ന് വിലയിരുത്തപ്പെടുന്നു. നേരത്തെ യൂത്ത് കോണ്‍ഗ്രസിന്റെ സംസ്ഥാന പ്രസിഡന്റായും കെ.പി.സി.സി ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുള്ള സിദ്ദീഖിന്റെ നേതൃത്വം പാര്‍ട്ടിക്ക് ഗുണകരമാകുമെന്നാണ് പ്രവര്‍ത്തകരുടെ വിശ്വാസം. ന്യൂനപക്ഷ വിഭാഗത്തില്‍ നിന്നുള്ളയാളെന്നതും സിദ്ദീഖിന് അനുകൂല ഘടകമാണ്. ജംബോ കമ്മിറ്റികള്‍ ഇനി വേണ്ടെതില്ലെന്ന നേതൃത്വത്തിന്റെ നിര്‍ദേശം പരിഗണിക്കുന്നതോടെ നാലിലൊന്ന് ഭാരവാഹികള്‍ക്കും സ്ഥാനം നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്. നിലവില്‍ ഡി.സി.സി ഭാരവാഹികളുടെ എണ്ണം 82 ആണ്. പുതിയ കമ്മിറ്റിയുടെ ഭാരവാഹികളുടെ എണ്ണം 21 ആയി കുറയ്ക്കാനാണ് നിര്‍ദേശം.
പുതുമുഖങ്ങള്‍ക്കും യുവാക്കള്‍ക്കും അവസരം നല്‍കുന്നതിനായി നിലവിലുള്ള കമ്മിറ്റിയിലെ പലരു പുറത്താകും. പകരം യൂത്ത് കോണ്‍ഗ്രസിന്റെ മുന്‍ ഭാരവാഹികള്‍ക്ക് ഇടം ലഭിക്കും. ഡി.സി.സി ഭാരവാഹികളാകുന്നതിനായുള്ള ചരടുവലികളും ശക്തമായി നടക്കുന്നുണ്ട്. ഗ്രൂപ്പ് നേതാക്കളെ കണ്ട് സ്ഥാനം ഉറപ്പിക്കാനുള്ള നെട്ടോട്ടത്തിലാണ് യുവ നേതാക്കള്‍. പ്രവര്‍ത്തിക്കാത്ത ഭാരവാഹികള്‍ ഇനി വേണ്ടെന്ന കര്‍ക്കശ നിലപാട് എടുത്താല്‍ പലര്‍ക്കും സ്ഥാനം ലഭിക്കില്ല. യുവ പ്രാതിനിധ്യമെന്ന നിലയില്‍ ഭാരവാഹികളാകുകയും പിന്നീട് പ്രവര്‍ത്തിക്കുകയും ചെയ്യാത്തവരെ ഒഴിവാക്കിയാകും പുനഃസംഘടനയെന്നാണ് വിവരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."