വനംവകുപ്പിനോടുള്ള മുന്വൈരാഗ്യത്തിലെന്ന് സൂചന
സുല്‍ത്താന്‍ ബത്തേരി: നാലാംമൈലില്‍ കാട്ടാനയെ വെടിവച്ചുകൊന്ന കേസില്‍ അഞ്ച് മാസത്തിനുശേഷം പ്രധാന പ്രതിയെ വനംവകുപ്പ് അറസ്റ്റ് ചെയ്തു. ഷാജിയുടെ നേതൃത്വത്തില്‍ മദ്യപിച്ച് കാറിലെത്തിയ ആറംഗ സംഘമാണ് മെയ് 29ന് രാത്രി പിടിയാനയെ വെടിവച്ച് കൊന്നത്. അഞ്ചുമാസത്തോളം നീണ്ടുനിന്ന പഴുതടച്ച അന്വേഷണത്തില്‍ നിരവധി നായാട്ടുകാരെ അറസ്റ്റ് ചെയ്തതോടെ വനംവകുപ്പ് കുളത്തിങ്കല്‍ ഷാജിയിലേക്ക് എത്തുകയായിരുന്നു. ഈമാസം നാലിന് വടക്കനാട് വനത്തില്‍ ചാരായം വാറ്റുകയായിരുന്ന ചൂണ്ടാട്ട് ബേബി എന്നയാളെ പിടികൂടിയതോടെയാണ് ഷാജിയിലേക്കുള്ള നിര്‍ണായക വിവരങ്ങള്‍ ലഭിക്കുന്നത്. കാറില്‍ യാത്ര ചെയ്യുന്നതിനിടെ തന്റെ കൈയില്‍നിന്ന് കുളത്തിങ്കല്‍ ഷാജി തോക്കുവാങ്ങി വഴിയരികില്‍നിന്ന ആനയുടെ നേരെ വെടിവച്ചതായി ബേബി മൊഴി നല്കി.
വെടിവയ്ക്കാനുപയോഗിച്ച തോക്ക് വടക്കനാട് പുത്തന്‍കുടിയില്‍ ഷാജിയില്‍നിന്ന് ഇക്കഴിഞ്ഞ നാലാം തിയതിതന്നെ വനംവകുപ്പ് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ഇന്നലെ വൈകുന്നേരമാണ് പ്രധാനപ്രതിയെ വനംവകുപ്പ് പിടികൂടുന്നത്. റിസോര്‍ട്ട് നടത്തിപ്പുകാരന് കൂടിയായ ഷാജിക്ക് വനംവകുപ്പിനോടുള്ള മുന്‍വൈരാഗ്യമാണ് പിടിയാനയെ വെടിവയ്ക്കാന്‍ പ്രേരിപ്പിച്ചതെന്നാണ് നിഗമനം.
സംഭവദിവസം സഞ്ചരിക്കാനുപയോഗിച്ച കാറും പിടിച്ചെടുത്തിട്ടുണ്ട്. കുളത്തിങ്കല്‍ ഷാജി, ചുണ്ടാട്ട് ബേബി, പുത്തന്‍കുടി ഷാജി, പുത്തന്‍കുന്ന് സ്വദേശി സഞ്ജു എന്നിവരടക്കം ഏഴ് പ്രതികളാണ് കേസിലുള്ളത്. കേസുമായി ബന്ധപ്പെട്ട് മൂന്ന് പേരെ കൂടി ഇനി പിടികൂടാനുണ്ട്. അന്വേഷണത്തിനായി ജില്ലാ കലക്ടര്‍ പൊലിസിന്റെയും വനംവകുപ്പിന്റെയും സംയുക്ത സംഘത്തെയും നിയോഗിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."