ഷാജി നിരപരാധിയെന്ന് കുടുംബാംഗങ്ങള്‍
കല്‍പ്പറ്റ: കാട്ടാനയെ വെടിവെച്ചു കൊന്ന സംഭവത്തില്‍ വനംവകുപ്പ് അറസ്റ്റു ചെയ്ത പുല്‍പ്പള്ളി കുളത്തിങ്കല്‍ ഷാജി നിരപരാധിയാണെന്ന് ഭാര്യ ബിന്ദു വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സംഭവം നടന്ന മെയ് 29ന് ആറു മുതല്‍ ഷാജി കോഴിക്കോട് മിംസ് ആശുപത്രിയിലുണ്ടായിരുന്നു. മകള്‍ മരിയ(7)യുടെ മൂക്കിന്റെ ശസ്ത്രക്രിയയ്ക്കു വേണ്ടി ആശുപത്രിയില്‍ പ്രവേശിച്ചതിനെ തുടര്‍ന്നാണ് താനും ഷാജിയും ആശുപത്രിയില്‍ കഴിഞ്ഞതെന്ന് ബിന്ദു പറഞ്ഞു.
മെയ് 30ന് പുലര്‍ച്ചെ അഞ്ചിനായിരുന്നു ശസ്ത്രക്രിയ. ഈസമയം ഷാജിയുടെ വാഹനവും മൊബൈല്‍ ഫോണും ആശുപത്രിയിലുണ്ടായിരുന്നു. വസ്തുത ഇതായിരിക്കെ മെയ് 29ന് രാത്രി ഷാജി കാറിലെത്തി ആനയെ വെടിവച്ചുവെന്നാണ് വനംവകുപ്പിന്റെ കേസ്. ആശുപത്രി രേഖകളും അവിടുത്തെ സി.സി.ടി.വിയും പരിശോധിച്ചാല്‍ ഇക്കാര്യം തെറ്റാണെന്ന് ബോധ്യമാവും.
കുറിച്യാട് റെയ്ഞ്ചില്‍ കഴിഞ്ഞ ദിവസം പിടിയിലായ ബേബിയെ വനത്തിനുള്ളിലെത്തിച്ച് മര്‍ദിച്ച് ഷാജിയുടെ പേരുപറയാന്‍ നിര്‍ബന്ധിക്കുകയായിരുന്നു. ഇയാളുടെ മൊഴി പ്രകാരമാണ് ഷാജിയെ കേസില്‍പ്പെടുത്തിയത്. കാറിലെത്തിയ ഷാജി, ആനയുടെ നാലു മീറ്റര്‍ അകലെ നിന്ന് വെടിവച്ച ശേഷം രക്ഷപ്പെട്ടുവെന്നാണ് ബേബി മൊഴി നല്‍കിയത്.
എന്നാല്‍ ബേബിയെ ഷാജിക്ക് മുന്‍ പരിചയമില്ലെന്ന് ബിന്ദു പറഞ്ഞു. ആന ചെരിഞ്ഞതിന് ശേഷം പൊലിസ് - വനംവകുപ്പ് ഉദ്യോഗസ്ഥര്‍ വീട്ടിലെത്തി മണിക്കൂറോളം പരിശോധന നടത്തിയിരുന്നു. ഇതിനിടയില്‍ ഷാജിയെ കേസില്‍പ്പെടുത്താനുള്ള നീക്കം നടക്കുന്നതറിഞ്ഞ് ആശുപത്രി രേഖകളും ഒരു ലക്ഷം രൂപയുമായി ബത്തേരിയിലെ അഭിഭാഷകനെ കാണാന്‍ പോയപ്പോഴാണ് അറസ്റ്റ് നടന്നത്.
ഷാജി നിരപരാധിയാണെന്ന് തെളിയിക്കുന്ന രേഖകളും പണവും വനംവകുപ്പ് പിടിച്ചെടുത്തുവെന്ന് ബിന്ദു പറഞ്ഞു. ഷാജിയുടെ മകള്‍ മരിയ, അമ്മ ചിന്നമ്മ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."