മാതാപിതാക്കളെ ഒഴിവാക്കി പാര്‍ട്ടി കല്യാണം: സി.പി.ഐ പ്രതിരോധത്തില്‍
തൃശൂര്‍: കല്യാണക്കുറിയടിച്ച് മതാതീമായി സി.പി.ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ പാര്‍ട്ടി കല്യാണം സി.പി.ഐക്ക് തലവേദനയാകുന്നു.
കഴിഞ്ഞ തിങ്കളാഴ്ച ചാവക്കാട് മന്ദലാംകുന്ന് സ്വദേശിയും സി.പി.ഐ പ്രവര്‍ത്തകനുമായിരുന്ന വി.ജെ. ഇസ്‌മെയിലിന്റെ മകള്‍ ഫെബിയും എ.ഐ.എസ്.എഫ്. ജില്ലാ സെക്രട്ടറിയുമായ ശ്യാല്‍ പുതുക്കാടും തമ്മില്‍ നടത്തിയ വിവാഹമാണ് വിവാദമായിരിക്കുന്നത്. തന്റെ മകള്‍ ഫെബിയെ അവളുടെ സമ്മതമില്ലാതെ തടങ്കലിലാക്കുകയും മകളുമായി സംസാരിക്കാന്‍ പോലും അവസരം നല്‍കാതെ സമ്മര്‍ദം ചെലുത്തി സി.പി.ഐയുടെ യുവനേതാവിന് ജില്ലാ സെക്രട്ടറി ഇടപെട്ട് വിവാഹം ചെയ്തുകൊടുത്തുവെന്ന് മതാപിതാക്കള്‍ പൊലിസില്‍ പരാതിപ്പെട്ടു.
തുടര്‍ന്ന് സംഭവം സോഷ്യല്‍ മീഡിയയിലടക്കം വന്‍ വിവാദമാവുകയും ചെയ്തു. ഇതോടെ പ്രതിരോധത്തിലായ പാര്‍ട്ടി, തങ്ങള്‍ക്കെതിരെതിരെ നടക്കുന്നത് കുപ്രചരണമാണെന്ന് പറഞ്ഞ് പത്രക്കുറിപ്പിറക്കിയിരിക്കയാണിപ്പോള്‍.
'സി.പി.ഐ. ജില്ലാ നേതൃത്വത്തിന്റെ ഒത്താശയോടെ പെണ്‍കുട്ടിയെ തട്ടികൊണ്ടുപോയി വിവാഹം കഴിപ്പിച്ചു' എന്ന വാര്‍ത്തയിലൂടെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്തുന്നതിന് വേണ്ടിയുള്ള കള്ളപ്രചരണം നടത്തുകയാണെന്നും ഇതിന് വസ്തുതയുമായി ഒരു ബന്ധമില്ലെന്നും സി.പി.ഐ. ജില്ലാ സെക്രട്ടറി കെ.കെ. വത്സരാജ് ഇന്നലെ ഇറക്കിയ പത്രക്കുറിപ്പിലൂടെ വ്യക്തമാക്കി.
സി.പി.ഐയുടെ ഏക പാര്‍ലമെന്റ് അംഗമുള്ള ജില്ലയില്‍ സംസ്ഥാന മന്ത്രിസഭയിലെ പ്രമുഖ മന്ത്രിയുടെ ആശീര്‍വാദത്തോടെയുമാണ് വിവാദമായ പാര്‍ട്ടി കല്യാണം നടന്നിരിക്കുന്നത്.
ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട സ്വന്തം പാര്‍ട്ടി കുടുംബാംഗങ്ങളുടെ സഹായാഭ്യര്‍ത്ഥന തള്ളികൊണ്ട് സി.പി.ഐ നേതൃത്വം അമിതാവേശമാണ് ഇക്കാര്യത്തില്‍ നടത്തിയിരിക്കുന്നതെന്നാണ് ആക്ഷേപം.
കൂടാതെ 'ഭിന്നമതങ്ങളാല്‍ ജനിച്ച് മതാതീതമായി വിവാഹിതരായി സ്വന്തം വിശ്വാസ പ്രകാരം മതനിരപേക്ഷ ജീവിതം നയിക്കുന്ന ധാരാളം കുടുംബങ്ങള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലും സമൂഹത്തിലും ഉണ്ടെന്നും ഇത്തരം പ്രവര്‍ത്തനങ്ങളെ ബഹുമാനിക്കപ്പെടണമെന്നുമാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നയനിലപാടെന്നാണ്' പാര്‍ട്ടി പ്രഖ്യാപിക്കുന്നത്.
എന്നാല്‍ ജില്ലയില്‍ ബി.ജെ.പിക്ക് ശക്തമായ വേരോട്ടമുള്ള പ്രദേശങ്ങളില്‍ 'ലൗജിഹാദെന്ന'സംഘ്പരിവാറിന്റെ ആരോപണങ്ങളെ ദുര്‍ബലപ്പെടുത്താനും ബി.ജെ.പി അനുഭാവികളെ കൂടുതലായി പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കാനുമായി കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ പ്രത്യേക അജണ്ടയുടെ ഭാഗമാക്കി ഇത്തരം വിവാഹങ്ങള്‍ നടപ്പാക്കുന്നതായിട്ടാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."