കെ.സി 'വോട്ടുചെയ്തു'; മുപ്പത്തിയഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം
കണ്ണൂര്‍: മുപ്പത്തഞ്ചു കൊല്ലത്തിനു ശേഷം പ്രമുഖ കോണ്‍ഗ്രസ് നേതാവും മന്ത്രിയുമായ കെ.സി ജോസഫ് ഇത്തവണ സമ്മതിദാനാവകാശം വിനിയോഗിച്ചു. പോസ്റ്റല്‍ വോട്ടിലൂടെയാണ് മന്ത്രി തന്റെ വോട്ടവകാശം രേഖപ്പെടുത്തുന്നത്. ഇന്നലെ തന്നെ വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് കോട്ടയത്തേക്ക് അയച്ചു. കോട്ടയത്താണ് മന്ത്രിയുടെ വോട്ട്. എട്ടുതവണയായി ഇരിക്കൂറില്‍ മത്സരിക്കുന്ന മന്ത്രി കെ.സി ജോസഫ് വോട്ടെടുപ്പ് ദിവസം നാട്ടിലേക്ക് പോകാനാകാത്തതിനാലാണ് 35 വര്‍ഷമായി വോട്ട് ചെയ്യാതിരുന്നത്.
സി.പി.എം പൊളിറ്റ്ബ്യൂറോ അംഗവും ധര്‍മടം മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയുമായ പിണറായി വിജയന്‍ പിണറായി ആര്‍.സി അമല യു.പി സ്‌കൂളില്‍ രാവിലെ എത്തി വോട്ട് രേഖപ്പെടുത്തും.
മുസ്‌ലിംലീഗ് അഖിലേന്ത്യാ പ്രസിഡന്റ് ഇ അഹമ്മദിന്് ആനയിടുക്ക് ഗവണ്‍മെന്റ് എല്‍.പി സ്‌കൂളിലാണ് വോട്ട്. എന്നാല്‍ ഡല്‍ഹിയിലുള്ള ഇ അഹമ്മദ് ദേഹാസ്വാസ്ഥ്യത്തെത്തുടര്‍ന്ന് വിശ്രമത്തിലായതിനാല്‍ ഇത്തവണ വോട്ട് ചെയ്യാനെത്തുന്നില്ല. സമസ്ത കേരള ഇസ്‌ലാംമത വിദ്യാഭ്യാസബോര്‍ഡ് പ്രസിഡന്റ് പി.കെ.പി അബ്ദുസലാം മുസ്‌ലിയാര്‍ അഴീക്കോട് മണ്ഡലത്തിലെ പാപ്പിനിശ്ശേരി വെസ്റ്റ് എല്‍.പി സ്‌കൂളിലും സമസ്ത സെക്രട്ടറി പി.പി ഉമര്‍ മുസ്‌ലിയാര്‍ ഇരിക്കൂര്‍ മണ്ഡലത്തിലെ കൊയ്യം എല്‍.പി സ്‌കൂളിലും വോട്ടുരേഖപ്പെടുത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."