ലോഡ്ജില്‍ നിന്നും മലിനജലം നഗരസഭ ഓഫിസിനു മുന്നിലേക്ക് തുറന്നുവിട്ടത് നാട്ടുകാര്‍ക്ക് ദുരിതം തീര്‍ത്തു
ഗുരുവായൂര്‍: ലോഡ്ജില്‍ നിന്നും മലിനജലം നഗരസഭ ഓഫിസ് ഗേറ്റിന് മുന്നിലേക്ക് ഒഴുക്കി വിട്ടത് നാട്ടുകാര്‍ക്ക് ദുരിതമായി. ഇന്നലെ രാവിലെ നഗരസഭ ഓഫിസിന് തൊട്ടടുത്തുള്ള ലോഡ്ജില്‍ നിന്നാണ് ദുര്‍ഗന്ധം വമിക്കുന്ന മലിനജലം നഗരസഭ ഓഫിസിനും നഗരസഭ ലൈബ്രറിക്കും ഇടയിലുള്ള ടൈല്‍ വിരിച്ച വഴിയിലേക്ക് ഒഴുക്കി വിട്ടത്.
നഗരസഭ ഓഫിസിന്റെ തെക്കെ ഗേറ്റിലേക്കാണ് മലിനജലം അടിഞ്ഞുകൂടിയത്. രാവിലെ പത്തു മണിയോടെ നഗരസഭ ഓഫിസിലേക്ക് വന്നവര്‍ക്ക് മലിനജലം കെട്ടിനിന്നതിനാല്‍ അതുവഴി കടക്കാനായില്ല. നോര്‍ത്ത് ഔട്ടര്‍ റിംങ് റോഡില്‍ നിന്നും, റെയില്‍വെ സ്റ്റേഷനില്‍ നിന്നും കാല്‍നടയായി വരുന്നവര്‍ കിഴക്കെ നടയിലേക്ക് എളുപ്പം കടക്കാന്‍ ഈ വഴിയാണ് ഉപയോഗിക്കാറ്. എന്നാല്‍ ഇന്നലെ രാവിലെ എറെ നേരം പലര്‍ക്കും ഇതുവഴി കടക്കാനാവാതെ തിരിച്ചു മെയിന്‍ റോഡു വഴി പോകേണ്ടി വന്നു. മാലിന്യം മുഴുവന്‍ ഒഴുക്കി മലിനജലം വാര്‍ന്നു പോയതിനു ശേഷമാണ് ഇതുവഴി ആളുകള്‍ക്ക് നടന്നു പോവാന്‍ കഴിഞ്ഞത്. നഗരസഭയിലെ ഹെല്‍ത്തിലെ ഉദ്യോഗസ്ഥര്‍ മലിനജലം കെട്ടിക്കിടക്കുന്നതും, നടന്നു പോവാനുള്ള പ്രയാസങ്ങളും നേരില്‍ കണ്ടെങ്കിലും ഹോട്ടലധികൃതരെ ബന്ധപ്പെടാനൊ നടപടിയെടുക്കാനൊ തുനിഞ്ഞില്ല. ഒടുവില്‍ നഗരസഭയില്‍ വിവിധ ആവശ്യങ്ങള്‍ക്ക് എത്തിയവരും, നാട്ടുകാരും നഗരസഭ ആരോഗ്യ വിഭാഗത്തിലെ ഉദ്യോഗസ്ഥരോട് പരാതി പറയാനെത്തിയപ്പോഴാണ് ഉദ്യോഗസ്ഥര്‍ ഹോട്ടലധികൃതരെ കണ്ട് മാലിന്യം ഒഴുക്കിവിടുന്നത് നിര്‍ത്താനാവശ്യപ്പെട്ടത്.
സെപ്റ്റിക് ഔട്ടറില്‍ നിന്നുള്ള മാലിന്യമാണ് ഒഴുക്കിയതെന്ന് നാട്ടുകാര്‍ പറഞ്ഞു. ഇടവിട്ട ദിവസങ്ങളില്‍ അര്‍ദ്ധരാത്രിയില്‍ ഈ പൈപ്പിലൂടെ മലിനജലം ഒഴുക്കിവിടാറുണ്ടെന്നും നാട്ടുകാര്‍ പറഞ്ഞു. നാട്ടുകാര്‍ പരാതി പറഞ്ഞതിനെ തുടര്‍ന്ന് നഗരസഭ ചെയര്‍പേഴ്‌സണ്‍ പ്രൊഫ. പി.കെ ശാന്തകമാരി ഹോട്ടലധികൃതര്‍ക്ക് നോട്ടിസ് നല്‍കാന്‍ നിര്‍ദേശിച്ചെങ്കിലും ഹെല്‍ത്ത് ഉദ്യോഗസ്ഥര്‍ അത് ഇന്നലെ നടപ്പാക്കിയിട്ടില്ല. നോട്ടിസ് നല്‍കാതിരിക്കാന്‍ നഗരസഭ ഹെല്‍ത്ത് വിഭാഗത്തിലെ ഒരു ഉയര്‍ന്ന ഉദ്യോസ്ഥന്‍ പരിശ്രമിക്കുന്നുണ്ടെന്ന് ആരോപണമുണ്ട്.
നഗരത്തിലെ സ്റ്റാര്‍ ഹോട്ടലുകളില്‍ നഗരസഭയുടെ പരിശോധന ഇല്ലാതിരിക്കാന്‍ ഒരു ഉദ്യോഗസ്ഥന് കുറച്ചു ഹോട്ടലുടമകള്‍ ചേര്‍ന്ന് മാസപ്പടി നല്‍കാറുള്ളതിനാല്‍ ഇവിടങ്ങളില്‍ പരിശോധന നഗരസഭ നടത്താറില്ല.
കഴിഞ്ഞ ദിവസം നോര്‍ത്ത് ഔട്ടര്‍ റിംങ്ങ് റോഡിലെ ഒരു പുതിയ ഹോട്ടലില്‍ നിന്നും പഴകിയ ഭക്ഷണം പിടികൂടിയെങ്കിലും നഗരസഭ ആരോഗ്യ വിഭാഗത്തിലെ ഒരു ഉദ്യോഗസ്ഥന്‍ കണ്ണടച്ചതിനാല്‍ സംഭവം ആരും അറിഞ്ഞില്ല. ഇന്നലെ ഹോട്ടലില്‍ നിന്ന് മാലിന്യ ജലം തന്നെയാണ് ഒഴുക്കിയതെന്ന് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പോള്‍ തോമസ് പറഞ്ഞു, മലിനജലമാണ് ഒഴുക്കിയതെന്ന് വ്യക്തമായിട്ടും നഗരസഭ നോട്ടിസ് നല്‍കാന്‍ പോലും തയ്യാറാവാത്തത് ദുരൂഹമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."