മാനസിക രോഗിയായ യുവാവിന്റെ ആക്രമണം; വീട്ടമ്മയുടെ നില ഗുരുതരം
ചെന്ത്രാപ്പിന്നി: എടമുട്ടം പയച്ചോട് മാനസികരോഗിയും ബന്ധുവുമായ യുവാവിന്റെ ആക്രമണത്തില്‍ പരുക്കേറ്റവരില്‍ വീട്ടമ്മയുടെ നില അതീവ ഗുരുതരമായി തുടരുന്നു. പയച്ചോട് സ്വദേശി തുപ്രാടന്‍ ശശിയുടെ ഭാര്യ ചന്ദ്രികയാണ് ഗുരുതരാവസ്ഥയില്‍ കഴിയുന്നത്.
അശ്വിനി ആശുപത്രിയില്‍ ശസ്ത്രക്രിയക്കു ശേഷം ചന്ദ്രികയെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരുന്നു. ഇരുകാലുകള്‍ക്കും മഴുകൊണ്ട് വെട്ടേറ്റ ചന്ദ്രികയുടെ വയര്‍ പിളര്‍ന്ന് ആന്തരികാവയവം പുറത്തുവന്ന നിലയിലായിരുന്നു. അതേസമയം തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ശശി അപകടനില തരണം ചെയ്തിട്ടുണ്ട്. ശശിയുടെ സുഹൃത്ത് ബിജുവും ഇതേ ആശുപത്രിയില്‍ ചികിത്സയിലാണ്. തിങ്കളാഴ്ച രാത്രിയിലാണ് ശശിയേയും ഭാര്യ ചന്ദ്രികയേയും സുഹൃത്ത് ബിജുവിനേയും ബന്ധുവായ രജിത്ത് ആക്രമിച്ചത്. കടുത്ത മനോരോഗിയായ രജിത്തിന്റെ ആക്രമണത്തില്‍ ബിജുവിന്റെ തലക്ക് സാരമായി പരുക്കേറ്റിരുന്നു. മുമ്പ് അമ്മയേയും മറ്റും ആക്രമിച്ച കേസില്‍ സാക്ഷിയായതാണ് പിതാവിന്റെ സഹോദരനേയും മറ്റും ആക്രമിക്കാന്‍ കാരണമെന്ന് പറയുന്നു. രജിത്ത് തൃശൂര്‍ മാനസികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."