മണ്ണില്‍ പൊന്നുവിളയിക്കാന്‍ മാങ്ങോട് എ.എല്‍.പി സ്‌കൂള്‍
മാങ്ങോട്: മണ്ണില്‍ നിന്നും പൊന്നുവിളയിച്ച് മുന്നേറുകയാണ് മാങ്ങോട് എ.എല്‍.പി സ്‌കൂള്‍ വിദ്യാര്‍ഥികള്‍. അക്ഷരാഭ്യാസത്തോടൊപ്പം നാടന്റെ പൈതൃകവും സംസ്‌കാരവും കാത്തുസൂക്ഷിക്കുന്നവിധം നിരവധി പദ്ധതികളാണ് ഇവിടെ മിടുക്കരായ വിദ്യാര്‍ഥികള്‍ നടപ്പിലാക്കി വരുന്നത്.
മൂന്നാഴ്ച മുന്‍പ് മുളപ്പിച്ച് വിതച്ച നെയ്ചീര എന്നയിനം നെല്ലിന്റെ ഞാറുപറിയും നടീലുമാണ് ആഘോഷമായി സ്‌കൂളിലെ കുട്ടിക്കര്‍ഷകരുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം നടന്നത്.
കരിയും നുകവും ഉപയോഗിച്ച് ഉഴുതുമറിച്ച് പാകമാക്കിയ മണ്ണില്‍ പിഞ്ചോമനകളായ കുട്ടികള്‍ ഞാറുനട്ടുപ്പോള്‍ രക്ഷിതാക്കള്‍ ഉള്‍പ്പടെയുള്ള കര്‍ഷകരില്‍ ആനന്ദത്തിന്റെയും അഭിമാനത്തിന്റെയും നിമിഷങ്ങള്‍ ലഭിച്ചതിന്റെ സന്തോഷം അലതല്ലി. പ്രദേശത്തെ ജൈവകര്‍ഷകന്‍ ശങ്കരനാരായണന്‍ സൗജന്യമായി നല്‍കിയ പാടത്ത് കുട്ടികള്‍ തന്നെയാണ് പൂര്‍ണമായി കന്നുപൂട്ടലും ഞാറുനടലും നടത്തിയത്. മണ്ണിന്റെ മണവും ഗുണവും അനുഭവിച്ചറിഞ്ഞ് ഞാറ്റുപാട്ടും പാടിയാണ് കുഞ്ഞുകര്‍ഷകര്‍ ഞാറുനട്ടത്.
നടീല്‍ ഉത്സവം തൃക്കടീരി പഞ്ചായത്ത് പ്രസിഡന്റ് കെ.കെ നാരായണന്‍കുട്ടി ഉദ്ഘാടനം ചെയ്തു. തൃക്കടീരി കൃഷി ഓഫിസര്‍ സരിത, സ്‌കൂള്‍ മാനേജര്‍ ടി. ശിവശങ്കരന്‍, കഥകളി കലാകാരന്‍ അപ്പുണ്ണിത്തരകന്‍, പഞ്ചായത്ത് വൈസ് പ്രസഡന്റ് ഗീത, പ്രധാനാധ്യാപിക കെ.എന്‍ ശോഭന, രക്ഷിതാക്കള്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."