കെ.എസ്.ആര്‍.ടി.സി ഡിപ്പോയെ നഷ്ടത്തിലാക്കാന്‍ ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നതായി ആരോപണം
ഒലവക്കോട്: ജില്ലയിലെ കെ.എസ്.ആര്‍.ടി.സി ബസുകളുടെ സമയം മാറ്റിയും സര്‍വീസ് വെട്ടിക്കുറച്ചും സ്ഥാപനത്തെ നശിപ്പിക്കാന്‍ ജില്ലയിലെ ചില ഉന്നത ഉദ്യോസ്ഥര്‍ ശ്രമിക്കുന്നതായി ആരോപണങ്ങളുയരുന്നു. കോഴിക്കോട് റൂട്ടില്‍ സര്‍വീസ് നടത്തിയിരുന്ന കെ.എസ്.ആര്‍.ടി.സി ബസുകളുടെ എട്ട് ഷെഡ്യൂളുകളാണ് ഇപ്പോള്‍ നിര്‍ത്തലാക്കിയിരിക്കുന്നത്. ഇതിന് കാരണം ഉന്നത ഉദ്യോഗസ്ഥരും സ്വകാര്യ ബസുടമകളും തമ്മിലുള്ള കൂട്ടുകെട്ടാണെന്നും സംഘടനാ ഭാരവാഹികള്‍ പറയുന്നു. ഷെഡ്യൂളുകള്‍ വെട്ടിക്കുറയ്ക്കുന്നതിന് സ്വകാര്യ ബസുടമകള്‍ കെ.എസ്.ആര്‍.ടി.സി ഉദ്യോഗസ്ഥര്‍ക്ക് നേരിട്ട് പണം നല്‍കുന്നതായും ആരോപണങ്ങളുയരുന്നുണ്ട്. ഇവരെ നിയമത്തിന് മുന്നിലെത്തിക്കണമെന്നും ഇവര്‍ക്കെതിരേ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യം ഉയരുകയാണ്.
ഇതുപോലെതന്നെ പൊള്ളാച്ചി റൂട്ടിലും ജില്ലയിലെ ചില ദ്യോഗസ്ഥരുടെ ഇടപെടല്‍ ഉണ്ടാകുന്നത്. സ്വകാര്യ ബസുടമകളുടെ സമ്മര്‍ദ്ധത്തിന് വഴങ്ങി സ്ഥിരം സര്‍വീസുകളുടെ സമയം മാറ്റിയും വാഹനം ഫിറ്റല്ലെന്ന് കാണിച്ചും സര്‍വീസ് റദ്ദാക്കുകയാണ് ചില ഉദ്യോഗസ്ഥര്‍. ഇതുമൂലം പാലക്കാട് ഡിപ്പോയിലെ മിക്ക സര്‍വീസുകളും കഴിഞ്ഞ ആറുമാസമായി നഷ്ടത്തിലേക്ക് കൂപ്പുകുത്തിയിരിക്കുകയാണ്. ഡിപ്പോ വരുമാനത്തിന്റെ കാര്യത്തില്‍ പിന്നിലായിട്ടും ഉന്നത ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ട് തേടാത്തതിന് കാരണം ഇവരുടെ രാഷ്ട്രീയ ഇടപെടലാണെന്നാണ് പറയുന്നത്. മന്ത്രി എ.കെ. ശശീന്ദ്രന് ഇതു സംബന്ധിച്ച് പരാതി ചിലര്‍ നല്‍കിയിട്ടും നടപടിയുണ്ടായില്ലെന്നും ആരോപണമുണ്ട്.കഴിഞ്ഞ മാസം പെന്‍ഷന്‍ ലഭിച്ചില്ലെന്നാരോപിച്ച് ജീവനക്കാര്‍ പണി മുടക്കിയപ്പോള്‍ ഈ ഉദ്യോഗസ്ഥര്‍ക്ക് ചാകരയായിരുന്നുവെന്നും ഒരു സംഘടനാ നേതാവ് അഭിപ്രായപ്പെടുന്നു. എന്നാല്‍ കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ സമയം ക്രമീകരിക്കുന്ന ഉദ്യോഗസ്ഥന്‍ മാത്രമല്ല കുറ്റക്കാരനെന്നും ചില കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍മാരും കണ്ടക്ടര്‍മാരും സ്വകാര്യ ബസുടമകളും ഇതിനു പിന്നിലുണ്ടെന്നാണ് സ്ഥിരം യാത്രക്കാരുടെ പറയുന്നത്.
ചില ഡ്രൈവര്‍മാര്‍ കോഴിക്കോട് റൂട്ടിലെ ബസുകളില്‍ കയറിയാല്‍ സ്വകാര്യ ബസുകളുടെ പിന്നാലെ ഇഴഞ്ഞുനീങ്ങുന്ന സംഭവം സ്ഥിരമാണെന്നും യാത്രക്കാര്‍ പറയുന്നു. കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡില്‍നിന്നും ഗുരുവായൂര്‍ ഭാഗത്തേക്ക് പോകുന്ന ബസുകള്‍ സമയത്തിനു മുന്നേ ഡിപ്പോയില്‍നിന്നും പുറപ്പെട്ട് ടൗണ്‍ സ്റ്റാന്‍ഡില്‍ നിന്നും ആളുകളെ കയറ്റുമായിരുന്നു. ഇതുമൂലം അത്യാവശ്യം കളക്ഷന്‍ ഗുരുവായൂര്‍ റൂട്ടിലെ ബസുകള്‍ക്ക് ഉണ്ടായിരുന്നു. എന്നാല്‍ പുതിയ ഉദ്യോഗസ്ഥന്‍ ചാര്‍ജെടുത്തതോടെബസുകള്‍ പുറപ്പെടുന്ന കൃത്യ സമയത്തുതന്നെ സ്റ്റാന്‍ഡില്‍ നിന്നിറക്കിയാല്‍ മതിയെന്ന് ഡ്രൈവര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുകയാണത്രെ. ഇതുമൂലം ടൗണ്‍ സ്റ്റാന്‍ഡില്‍ ഈ സമയംകെ.എസ്.ആര്‍.ടി.സിയുടെ വരവു കാത്തുനില്‍ക്കുന്നവര്‍ക്ക് സ്വകാര്യ ബസുകാര്‍ ആനവണ്ടി പോയി ഇനി വരില്ലെന്നു പറഞ്ഞ് യാത്രക്കാരെ കയറ്റുകയും സമയം തെറ്റി വരുന്നതിനാല്‍ കെ.എസ്.ആര്‍.ടി.സിക്ക് ടൗണ്‍ സ്റ്റാന്‍ഡില്‍ ആളില്ലാത്ത സ്ഥിതിയുമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."