ആളിയാര്‍ സംയുക്ത ജലക്രമീകരണ ബോര്‍ഡ് യോഗം പ്രഹസനം; ചര്‍ച്ച നിഷ്ഫലം
പാലക്കാട്: പറമ്പിക്കുളം ആളിയാര്‍ കരാര്‍പ്രകാരം തമിഴ്‌നാടും കേരളവും തമ്മില്‍ ജലം പങ്കുവയ്ക്കുന്നതു സംബന്ധിച്ചു പാലക്കാട് നടന്ന സംയുക്ത ജലക്രമീകരണ യോഗം കേരളത്തിന് പ്രതികൂലമാവും. കരാര്‍ പുതുക്കല്‍ സംബന്ധിച്ച തീരുമാനമൊന്നും യോഗത്തിലുണ്ടായില്ല. തമിഴ്‌നാടിന്റെ കരാര്‍ ലംഘനങ്ങള്‍ സംബന്ധിച്ചു ചര്‍ച്ച നടത്താനും അവര്‍ തയാറായില്ല.
അധികം ജലം വാങ്ങിച്ചെടുക്കുന്ന കാര്യത്തില്‍ പ്രാഥമിക ചര്‍ച്ചപോലും നടത്താന്‍ കേരളത്തിനു കഴിഞ്ഞില്ല. ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ചില ദുര്‍ബല ശ്രമങ്ങള്‍ നടത്തിയെങ്കിലും തമിഴ്‌നട്ടില്‍നിന്നുള്ള ഉദ്യോഗസ്ഥര്‍ ഇതൊന്നും ചെവിക്കൊണ്ടില്ല. ചിറ്റൂര്‍പുഴ പദ്ധതിപ്രദേശത്തേക്ക് നവംബര്‍ 15 മുതല്‍ ഡിസംബര്‍ 30 വരെ മൂന്നു ഗഡുക്കളായി 1.020 ടി.എം.സി വെള്ളം നല്‍കാമെന്നു കേരളത്തിനു സമ്മതിക്കേണ്ടിയും വന്നു.
തമിഴ്‌നാട് ഷോളയാറില്‍ നിന്ന് കേരള ഷോളയാറിലേക്ക് 800 ഘനയടി വെള്ളം വിട്ടുതരുമെന്നതാണ് കേരളത്തിന് ആശ്വസിക്കാവുന്ന ഏക തീരുമാനം. ആളിയാര്‍ ഡാമില്‍ വെള്ളം കുറവാണെന്നും നല്ല മഴ കിട്ടിയാല്‍ മാത്രമേ വെള്ളം മുഴുവന്‍ നല്‍കാനാവുകയുള്ളൂവെന്നും തമിഴ്‌നാട് യോഗത്തില്‍ അറിയിച്ചു. 221 കോടിയില്‍പരം രൂപ ചെലവിട്ട് കോണ്ടൂര്‍കനാല്‍ നവീകരിച്ചതിനെ തുടര്‍ന്ന് ആളിയാറിലേക്കു വെള്ളം ഇറക്കാന്‍ കഴിയാതാക്കിയ സംഭവം തമിഴ്‌നാട് ന്യായീകരിക്കുകയും ചെയ്തു. തമിഴ്‌നാട് ആളിയാറിലേക്കുള്ള സ്ലൂയിസുകള്‍ അടച്ചതു മൂലം മഴക്കാലത്ത് ഒഴുകിയെത്തുന്ന ജലംപോലും ഡാമില്‍ എത്താത്ത തരത്തിലാണ് കോണ്ടൂര്‍കനാല്‍ നവീകരിച്ചത്. വേണമെങ്കില്‍ മാത്രം ആളിയാര്‍ ഡാം നിറക്കാന്‍ കഴിയുന്ന തരത്തിലാണ് കനാല്‍ നവീകരിച്ചത്.
ഈ മാസം ആദ്യം പൊള്ളാച്ചിയില്‍ നടന്ന യോഗത്തില്‍ 15 ദിവസത്തേക്ക് 300 ഘനയടി വെള്ളം നല്‍കുമെന്ന് തമിഴ്‌നാട് ഉറപ്പുനല്‍കിയെങ്കിലും രണ്ടു ദിവസം 300 ഘനയടി നല്‍കുകയും പിന്നീട് വെള്ളത്തിന്റെ അളവ് കുറയ്ക്കുകയുമായിരുന്നു. ഇന്നലെ നടന്ന ചര്‍ച്ചയിലെ തീരുമാനപ്രകാരം മുഴുവന്‍ വെള്ളവും തമിഴ്‌നാട് വിട്ടുനല്‍കുമോയെന്നു കണ്ടറിയണം. ഇത്തവണ തുലാമഴയും കുറഞ്ഞിട്ടുണ്ട്. ഇക്കാരണം നിരത്തിയും തമിഴ്‌നാട് വെള്ളത്തിന്റെ അളവ് കുറയ്ക്കാനിടയുണ്ട്.
കേരളത്തിലെ ഉദ്യോഗസ്ഥര്‍ ഉന്നയിച്ച കാര്യങ്ങള്‍ നടക്കണമെങ്കില്‍ രണ്ടു സംസ്ഥാനങ്ങളിലെയും ചീഫ് സെക്രട്ടറിമാര്‍ തമ്മില്‍ ചര്‍ച്ച നടത്തി തീരുമാനമെടുക്കണമെന്നും തമിഴ്‌നാട്ടിലെ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഈ ജലവര്‍ഷം തുടങ്ങിയതിനു ശേഷം കേരളത്തില്‍ നടക്കുന്ന ആദ്യ യോഗമാണിത്.
അധ്യക്ഷസ്ഥാനം കേരളത്തിനായിട്ടും നമ്മുടെ വാദങ്ങളൊന്നും ശക്തമാക്കാന്‍ കഴിയാതെ യോഗം അവസാനിപ്പിക്കേണ്ടി വന്നുവെന്നതു ഖേദകരമാണെന്ന് യോഗത്തിനെത്തിയ ഉദ്യോഗസ്ഥര്‍ തന്നെ തുറന്നു സമ്മതിക്കുന്നു. തമിഴ്‌നാട്ടില്‍ നിന്നു ചര്‍ച്ചക്കെത്തിയത് 30 പേരടങ്ങുന്ന ഉദ്യോഗസ്ഥ സംഘമായിരുന്നുവെങ്കില്‍ കേരളത്തില്‍ നിന്ന് ഇതിന്റെ പകുതി ഉദ്യോഗസ്ഥരാണ് എത്തിയത്.
കേരളത്തില്‍ നിന്ന് ചീഫ് എന്‍ജിനിയര്‍ വി.കെ.മഹാനുദേവന്‍, പ്രൊജക്റ്റ് ഒന്ന് ചീഫ് എന്‍ജിനിയര്‍ രമേശന്‍, പറമ്പിക്കുളം ആളിയാര്‍ സംയുക്ത ജല ക്രമീകരണ ബോര്‍ഡ് ജോയിന്റ് ഡയറക്ടര്‍ സുധീര്‍ പടിക്കല്‍, ഡെപ്യൂട്ടി ഡയറക്ടര്‍മാരായ ടി.പി.സജികുമാര്‍, സേവ്യര്‍, എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ജമാലുദ്ദീന്‍, തമിഴ്‌നാട് പി.എ.പി ചീഫ് എന്‍ജിനിയര്‍ എ.വെങ്കിടാചലം, സൂപ്രണ്ടിങ് എന്‍ജിനിയര്‍ ആര്‍.ഇളംകോവന്‍, ഡെപ്യൂട്ടി ചീഫ് എന്‍ജിനിയര്‍ എസ്.ശിവലിംഗം, എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍മാരായ പി. മുത്തുസ്വാമി, എം. കൃഷ്ണന്‍, കെ.ലോകനാഥന്‍ എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."