പ്രാരംഭ നടപടികള്‍ക്ക് തുടക്കം; അപേക്ഷ ഡിസംബര്‍ മുതല്‍ സ്വീകരിക്കും
കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ അടുത്ത വര്‍ഷത്തെ ഹജ്ജ് യാത്രയ്ക്കുള്ള പ്രാരംഭ നടപടികള്‍ക്ക് തുടക്കമായി. ഇതിന്റെ ഭാഗമായി സംസ്ഥാന ഹജ്ജ് കമ്മിറ്റികളെ ഉള്‍പ്പെടുത്തി കേന്ദ്ര ഹജജ്് കമ്മിറ്റി കഴിഞ്ഞ ദിവസം മുംബൈയില്‍ യോഗം ചേര്‍ന്നിരുന്നു. ഇക്കഴിഞ്ഞ ഹജ്ജ് ക്യാംപും, ഹജ്ജ് സര്‍വിസും വിലയിരുത്തിയ യോഗത്തില്‍ അടുത്ത വര്‍ഷത്തെ ഹജ്ജ് നടത്തിപ്പു കാര്യങ്ങളും ചര്‍ച്ച ചെയ്തു.
ഇതിന്റെ ഭാഗമായി ഹജ്ജ് അപേക്ഷ സ്വീകരണമടക്കമുളള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സംസ്ഥാന ഹജ്ജ് കമ്മിറ്റി യോഗം അടുത്ത ആഴ്ച കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ ചേരും. ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ കോട്ടുമല ടി.എം. ബാപ്പുമുസ്‌ലിയാര്‍ അധ്യക്ഷനാകും. ഹജ്ജ് അപേക്ഷകള്‍ ഡിസംബറില്‍ സ്വീകരിച്ചു തുടങ്ങും. എന്നാല്‍ ഇതിനുള്ള തിയതി കേന്ദ്ര ഹജ്ജ് കമ്മറ്റി പ്രഖ്യാപിച്ചിട്ടില്ല.
കേരളത്തില്‍ നിന്ന് ഇക്കഴിഞ്ഞ തവണ 10,580 പേരാണ് ഹജ്ജ് തീര്‍ഥാടനത്തിന് പോയത്. തുടര്‍ച്ചയായ അഞ്ചാം വര്‍ഷ അപേക്ഷകര്‍ക്കും,70 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കും അടുത്ത പ്രാവശ്യവും നേരിട്ട് അവസരം ലഭിക്കുകയാണെങ്കില്‍ ഇക്കഴിഞ്ഞ തവണയേക്കാള്‍ കൂടുതല്‍ തീര്‍ഥാടകര്‍ക്ക് അടുത്ത ഹജ്ജ് കര്‍മത്തിന് അവസരം ലഭിക്കും. ഹജ്ജ് അപേക്ഷ സ്വീകരണം ഡിസംബറില്‍ തുടങ്ങുമെന്നതിനാല്‍ തീര്‍ഥാടകരെ സഹായിക്കാനായുള്ള ട്രെയിനര്‍മാരെ കണ്ടത്തേണ്ടതുണ്ട്. കഴിഞ്ഞ തവണ കേരളത്തില്‍ 260 ഹജ്ജ് ട്രെയിനര്‍മാര്‍ തീര്‍ഥാടകരെ സഹായിക്കാനുണ്ടായിരുന്നു. അപേക്ഷ പൂരിപ്പിക്കല്‍, പണം അടക്കാന്‍ സഹായിക്കല്‍, ഹജ്ജ് പഠന ക്ലാസുകള്‍ നല്‍കുന്നതടക്കം തീര്‍ഥാടകര്‍ യാത്രയാകുന്നതുവരെ സഹായിയായി പ്രവര്‍ത്തിക്കുന്നത് ട്രെയിനര്‍മാരാണ്. ഇവരെ കണ്ടെത്തുന്നത് പ്രത്യേകം അപേക്ഷ സ്വീകരിച്ച് അഭിമുഖം നടത്തിയാണ്. ഇതടക്കമുളള കാര്യങ്ങള്‍ അടുത്ത ആഴ്ച നടക്കുന്ന ഹജ്ജ് കമ്മറ്റി യോഗത്തില്‍ ചര്‍ച്ച ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."