സിറിയന്‍ നയം; യു.എന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍ റഷ്യ പ്രതിരോധത്തില്‍
വാഷിങ്ടണ്‍: സിറിയന്‍ നയത്തെ തുടര്‍ന്നു യു.എന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍ റഷ്യയോട് കടുത്ത എതിര്‍പ്പുമായി വിവിധ രാജ്യങ്ങള്‍. അലെപ്പോയില്‍ സിറിയന്‍ സര്‍ക്കാര്‍ നടത്തുന്ന വ്യോമാക്രമണത്തെ റഷ്യ പിന്തുണയ്ക്കുന്നതിനെയാണ് രാജ്യങ്ങള്‍ എതിര്‍ക്കുന്നത്. ഇതേ തുടര്‍ന്നു മനുഷ്യാവകാശ കൗണ്‍സിലില്‍നിന്നു റഷ്യയെ പുറത്താക്കണമെന്നാവശ്യപ്പെട്ട് വിവിധ രാജ്യങ്ങള്‍ രംഗത്തെത്തിയിട്ടുണ്ട്. എണ്‍പതിലേറെ മനുഷ്യാവകാശ സംഘടനകള്‍ അടങ്ങുന്ന സമിതിയിയില്‍നിന്നു റഷ്യയെ പുറത്താക്കണമെന്നാവശ്യപ്പെട്ടു ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച്, കെയര്‍ ഇന്റര്‍നാഷണല്‍, റെഫ്യൂജീസ് ഇന്റര്‍നാഷണല്‍ തുടങ്ങിയ സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്. ജനീവ ആസ്ഥാനമായാണ് യു.എന്‍ മനുഷ്യാവകാശ കൗണ്‍സില്‍ പ്രവര്‍ത്തിക്കുന്നത്.
സിറിയയിലെ സാധാരണക്കാരെ ഉന്‍മൂലനം ചെയ്യുന്നതിനും അവരുടെ താല്‍പര്യങ്ങളെ അടിച്ചമര്‍ത്തുന്നതിനും റഷ്യ പിന്തുണ നല്‍കുന്നെന്നും സിറിയയില്‍ സൈന്യത്തെ വിന്യസിച്ചിരിക്കുന്നെന്നും ചൂണ്ടിക്കാട്ടിയ ഇവര്‍, അത് മനുഷ്യാവകാശത്തിന് എതിരാണെന്നാരോപിച്ച് സംയുക്ത പ്രസ്താവനയിറക്കിയിട്ടുമുണ്ട്. സിറിയന്‍ വിഷയത്തില്‍ റഷ്യയ്‌ക്കെതിരേയും യമന്‍ വിഷയത്തില്‍ സൗദി അറേബ്യയടക്കമുള്ള രാജ്യങ്ങള്‍ക്കെതിരേയുമാണ് സംഘടനകള്‍ പ്രത്യക്ഷമായി രംഗത്തിറങ്ങിയിരിക്കുന്നത്.
ഹിലരിയുടെ സിറിയന്‍ നയം മൂന്നാം ലോക
മഹായുദ്ധത്തിനു കളമൊരുക്കുമെന്നു ട്രംപ്
വാഷിങ്ടണ്‍: എതിര്‍സ്ഥാനാര്‍ഥി ഹിലരി ക്ലിന്റന്റെ സിറിയന്‍ നയം മൂന്നാം ലോക മഹായുദ്ധത്തിനു വഴിയൊരുക്കുമെന്നു ഡൊണാള്‍ഡ് ട്രംപ്. വിദേശനയവുമായി ബന്ധപ്പെട്ടു നടന്ന അഭിമുഖത്തിലാണ് ഡെമോക്രാറ്റിക് പാര്‍ട്ടി പ്രതിനിധിയായ ഹിലരി ക്ലിന്റന്റെ വിദേശ നയത്തിനെതിരേ റിപ്പബ്ലിക്കന്‍ പാര്‍ട്ടി പ്രതിനിധിയായ ട്രംപ് വിമര്‍ശനമുന്നയിച്ചത്.
സിറിയന്‍ പ്രസിഡന്റ് അസദിനെ താഴെയിറക്കുന്നതിനേക്കാള്‍, ഐ.എസ് തീവ്രവാദികളെ അമര്‍ച്ച ചെയ്യുന്നതിനാണ് മുന്‍ഗണന നല്‍കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. തങ്ങളുടെ പാര്‍ട്ടി ഒന്നിച്ചുനില്‍ക്കുകയാണെങ്കില്‍ അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഹിലരിയെ തോല്‍പ്പിക്കാന്‍ തനിക്കൊരു പ്രയാസവുമുണ്ടാകില്ലെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. വിവിധ വിദേശ വിഷയങ്ങളില്‍ നിലവിലെ പ്രസിഡന്റ് ബരാക് ഒബാമയെയും അദ്ദേഹം നേതൃത്വം നല്‍കുന്ന ഭരണകൂടത്തെയും വിമര്‍ശിച്ച ട്രംപ്, ഐ.എസിനെ എതിരിടലാണ് തന്റെ പ്രധാന ദൗത്യമെന്നും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."