സംസ്ഥാനത്തെ ജലനയം പുതുക്കും
തിരുവനന്തപുരം: നിലവിലെ സാഹചര്യങ്ങള്‍ അടിസ്ഥാനപ്പെടുത്തി സംസ്ഥാനത്തെ ജലനയം പുതുക്കുമെന്ന് മന്ത്രി മാത്യു ടി.തോമസ് നിയമസഭയെ അറിയിച്ചു. വേനല്‍ക്കാലത്തിനുമുന്‍പ് കനാലുകളുടെ അറ്റകുറ്റപ്പണി തീര്‍ക്കാന്‍ സാധിക്കില്ല. ഘട്ടംഘട്ടമായി മാത്രമേ പണി തീര്‍ക്കാനാകൂ. കേന്ദ്രസര്‍ക്കാരിന്റെ മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിച്ചുതന്നെ കനാലുകള്‍ നവീകരിക്കാന്‍ ബദല്‍ മാര്‍ഗങ്ങള്‍ സ്വീകരിക്കും. ജലസംരക്ഷണ പദ്ധതികള്‍ മുടങ്ങിക്കിടക്കുന്നത് അടിയന്തരമായി പുനരാരംഭിക്കും.
പഴശ്ശി, കാളിപ്പാറ പദ്ധതികള്‍ യാഥാര്‍ഥ്യമാക്കാന്‍ പ്രത്യേക യോഗം വിളിക്കും. തിരുവനന്തപുരം നഗരത്തിലും നെടുമങ്ങാടും സ്ഥിരമായി പൊട്ടുന്ന പൈപ്പുകള്‍ മാറ്റിസ്ഥാപിക്കും. ശബരിമലയില്‍ തീര്‍ഥാടനകാലത്ത് ശുദ്ധജല വിതരണ സംവിധാനമൊരുക്കും.
പമ്പ, സന്നിധാനം, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ കുപ്പിവെള്ളം നിരോധിച്ചിട്ടുണ്ട്. ഇവിടങ്ങളില്‍ ആറു പ്ലാന്റുകള്‍ സ്ഥാപിച്ച് കിയോസ്‌കുകള്‍വഴി ജലവിതരണം നടത്തും. ജലസ്രോതസുകള്‍ സംരക്ഷിക്കുന്നതിനും അവയുടെ കൈയേറ്റങ്ങള്‍ തടയുന്നതിനും എല്ലാ നഗരസഭാ സെക്രട്ടറിമാര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കാലാവസ്ഥാ വ്യതിയാനം കൊണ്ടുണ്ടാകുന്ന വരള്‍ച്ച പ്രതിരോധിക്കാന്‍ ഭൂഗര്‍ഭജലവും മഴവെള്ളവും സംരക്ഷിക്കും. നദീജല കരാറുകള്‍ പുനരവലോകനം ചെയ്യാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചുവരികയാണ്. കരാറുണ്ടാക്കുമ്പോള്‍ ഉണ്ടായിരുന്ന ജലം നദികളില്‍ ഇപ്പോഴില്ല.
മാത്രമല്ല, കരാര്‍ വ്യവസ്ഥകള്‍ പ്രകാരം സംസ്ഥാനത്തിന് ജലം ലഭിക്കുന്നുമില്ല. ഉഭയസമ്മതപ്രകാരം കരാര്‍ അവലോകനം ചെയ്യണമെന്നാണ് വ്യവസ്ഥ. അതിനുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണ്.
കൊല്ലം നഗരത്തില്‍ ശാസ്താംകോട്ട കായലിനെ ആശ്രയിച്ച് കുടിവെള്ളവിതരണം നടത്തുന്ന സ്ഥിതി മാറിയിട്ടുണ്ട്. കഴിഞ്ഞതവണ കല്ലടയാറിനെക്കൂടി ആശ്രയിച്ചാണ് കൊല്ലം നഗരത്തില്‍ കുടിവെള്ള വിതരണം നടത്തിയത്.
അണക്കെട്ടുകളിലെ ചെളി നീക്കം ചെയ്യുന്നതു സംബന്ധിച്ച് അടുത്തയാഴ്ച യോഗം ചേരും. ജലനിധി രണ്ടാംഘട്ടപദ്ധതിയില്‍ 175 തടയണകള്‍ നിര്‍മിക്കുന്നതിനുള്ള പദ്ധതി തയാറായി. ഇതില്‍ 127 എണ്ണം പൂര്‍ത്തിയായി. തിരുവനന്തപുരം നഗരത്തില്‍ ജലവിതരണത്തിനായി അരുവിക്കര പദ്ധതിയില്‍ നിന്ന് ജലം ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കും. നഗരത്തിലെ കുടിവെള്ള വിതരണം സുഗമമാക്കുന്നതിനായി നിലവിലുള്ള പൈപ്പുകള്‍ തമ്മില്‍ ഇന്റര്‍ കണക്ഷനുകള്‍ സ്ഥാപിക്കും.
ജപ്പാന്‍, ജന്റം പദ്ധതികളില്‍ 165 കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ പൈപ്പിട്ടിട്ടുണ്ടെങ്കിലും പലയിടത്തും ഇന്റര്‍ കണക്ഷന്‍ നടത്തിയിട്ടില്ല. ഇക്കാര്യത്തില്‍ പൊതുമരാമത്ത് മന്ത്രിയുമായി ചര്‍ച്ചനടത്തിയതായും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."