ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് പ്രൈമറി സ്കൂളുകളിലേക്കും
ഐടി അറ്റ് സ്കൂള്‍ പ്രൊജക്ട് സംസ്ഥാനത്തെ എല്ലാ ലോവര്‍ പ്രൈമറി, അപ്പര്‍ പ്രൈമറി സ്കൂളുകളിലും ബി.എസ്.എന്‍,എല്ലുമായി ചേര്‍ന്ന് വൈഫൈ സൗകര്യമുള്ള ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് ലഭ്യമാക്കുന്നു. പതിനായിരത്തോളം സര്‍ക്കാര്‍, എയ്ഡഡ് പ്രൈമറി സ്കൂളുകളില്‍ നവംബര്‍ ഒന്നു മുതല്‍ 2 എം.ബി.പി.എസ് വേഗതയുള്ള ഡാറ്റാ പരിധിയില്ലാത്ത ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് ലഭ്യമായിത്തുടങ്ങും.
ഡാറ്റാ ഉപയോഗം കൂടിയാലും വേഗത കുറയാത്ത പ്രത്യേക സ്കീമാണിത്. സംസ്ഥാനത്തെ എട്ടു മുതല്‍ 12 വരെ ക്ലാസുകള്‍ നൂതന സാങ്കേതിക സംവിധാനങ്ങള്‍ ഉപയോഗിച്ച് ഹൈടെക്കാക്കുന്നതിന്റെ തുടര്‍ച്ചയായി പ്രൈമറി തലത്തിലും ഐ.ടി പശ്ചാത്തല സൗകര്യമൊരുക്കുന്നതിന്റെ തുടക്കമാണ് ഇതെന്നു വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് അറിയിച്ചു.
പ്രൈമറി തലത്തില്‍ കളിപ്പെട്ടി എന്ന പേരില്‍ ഒന്നു മുതല്‍ നാലുവരെ ക്ലാസുകളിലേയ്ക്കുള്ള ഐ.സി.ടി പാഠപുസ്തകങ്ങള്‍ നവംബറില്‍ സ്കൂളുകളിലെത്തും. സ്കൂള്‍ കംപ്യൂട്ടര്‍ ലാബിലാണ് ഇന്റര്‍നെറ്റ് കണക്ഷന്റെ ഭാഗമായുള്ള മോഡം ബന്ധിപ്പിക്കേണ്ടത്. ഫലപ്രദമായ നെറ്റ്വര്‍ക്കിങ് സംവിധാനം വഴി ഇതു ലാബിലെ മുഴുവന്‍ കംപ്യൂട്ടറുകളിലും ലഭ്യമാക്കണം. ലാബ് സൗകര്യം ലഭ്യമല്ലാത്തിടത്ത് മള്‍ട്ടിമീഡിയ ക്ലാസ്മുറികളിലോ അല്ലെങ്കില്‍ താല്‍ക്കാലികമായി കംപ്യൂട്ടര്‍ ലഭ്യമായ ഓഫിസ് മുറിയിലോ കണക്ഷന് നല്‍കാം.
സ്കൂളുകളിലെ ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റുമായി ബന്ധപ്പെട്ടു വരുന്ന പരാതികള്‍ പരിഹരിക്കുന്നതിനായി പ്രത്യേക വെബ്പോര്‍ട്ടല്‍, കോള്‍സെന്റര്‍ എന്നിവ ബി.എസ്.എന്‍.എല്‍ സജ്ജമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."