സംസ്ഥാന സ്കൂള്‍ നീന്തല്‍ ചാംപ്യന്‍ഷിപ്പ്: നേട്ടം കൊയ്ത് തിരുവനന്തപുരം
തൃശൂര്‍: 47ാ-മത് സംസ്ഥാന സ്കൂള്‍ നീന്തല്‍ ചാംപ്യന്‍ഷിപ്പിന്റെ മൂന്നാം ദിനത്തിലും തലസ്ഥാന ജില്ല മുന്നേറ്റം തുടരുന്നു. 85 ഇനങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 576 പോയിന്റുമായി തിരുവനന്തപുരം ജില്ലയാണ് മുന്നില്‍. 60 സ്വര്‍ണവും 58 വെള്ളിയും 50 വെങ്കലമാണ് നീന്തല്‍കുളത്തില്‍ നിന്ന് തിരുവനന്തപുരം വാരിക്കൂട്ടിയത്. 113 പോയിന്റുമായി എറണാകുളവും 108 പോയിന്റുമായി ആതിഥേയരായ തൃശൂരുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ളത്.
എറണാകുളം ഒന്‍പത് സ്വര്‍ണവും 11 വെള്ളിയും ഏഴ് വെങ്കലവും, തൃശൂര്‍ എട്ട് സ്വര്‍ണവും പത്ത് വെള്ളിയും 20 വെങ്കലവുമാണ് കരസ്ഥമാക്കിയത്. കോട്ടയം ജില്ലയാണ് നാലാമത്. എല്ലാ ജില്ലകളില്‍ നിന്നും മത്സരാര്ഥികളുണ്ടെങ്കിലും ഇതുവരെ എട്ട് ജില്ലകള്‍ മാത്രമാണ് മെഡല്‍ പട്ടികയില്‍ ഇടം നേടിയത്. ഓരോ പോയിന്റുമായി കണ്ണൂര്‍, പാലക്കാട് ജില്ലകളും, നാല് പോയിന്റുമായി കാസര്‍കോടും 13 പോയിന്റുമായി കോഴിക്കോടുമാണ് മെഡല്‍പട്ടികയിലുള്ളത്. തിരുവനന്തപുരം പിരപ്പന്‍കോട് ഗവ. വി.എച്ച്.എസ്.എസാണ് 72 പോയിന്റുമായി സ്കൂള്‍തലത്തില്‍ ഒന്നാമത്. തൊട്ടുപിറകെ 71 പോയിന്റുമായി തുണ്ടത്തില്‍ എം.വി.എച്ച്.എസ്.എസാണ് രണ്ടാമത്. 59 പോയിന്റുമായി കന്യാകുളങ്ങര ഗവ.ഗേള്‍സ് എച്ച്.എസ്.എസാണ് മൂന്നാമത്.
മേളയില്‍ ഇതുവരെ ആറ് മീറ്റ് റെക്കോര്‍ഡുകളാണ് പിറന്നത്. മൂന്നാംദിനമായ ഇന്നലെ കോഴിക്കോട് ജില്ലയിലെ വടകര ശ്രീനാരായണ എച്ച്.എസ്.എസിലെ ജോര്‍ജ് എസ്.കദളിക്കാട്ടിലാണ് 50, 100 മീറ്റര്‍ ബ്രസ്റ്റ് സ്ട്രോക്ക് മത്സരങ്ങളില്‍ രണ്ട് മീറ്റ് റെക്കോര്‍ഡുകള്‍ കരസ്ഥമാക്കിയത്. 500ഓളം താരങ്ങളാണ് മത്സരങ്ങളില്‍ പങ്കെടുക്കുന്നത്. നീന്തല്‍ മത്സരങ്ങള്‍ക്കു പുറമെ വാട്ടര്‍പോളോ മത്സരങ്ങളും നടക്കുന്നുണ്ട്. മത്സരങ്ങള്‍ ഇന്ന് സമാപിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."