നാലാം ഏകദിനത്തില്‍ ഇന്ത്യയെ വീഴ്ത്തി; കിവീസ് ഒപ്പത്തിനൊപ്പം
റാഞ്ചി: മഹേന്ദ്രസിങ് ധോണിയുടെ നാട്ടില്‍ ഏകദിന പരമ്പര നേടാനായി നാലാം മത്സരത്തിനിറങ്ങിയ ഇന്ത്യയെ കിവീസ് ഞെട്ടിച്ചു. 19 റണ്‍സിനാണ് ന്യൂസിലന്‍ഡിന്റെ ജയം. കിവീസ് ഉയര്‍ത്തിയ 261 റണ്‍സ് വിജയലക്ഷ്യവുമായി കളത്തിലിറങ്ങിയ ഇന്ത്യ 241 റണ്‍സിന് കൂടാരം കയറുകയായിരുന്നു. ജയത്തോടെ പരമ്പരയില്‍ 2-2ന് ഒപ്പമെത്താനും ന്യൂസിലന്‍ഡിന് സാധിച്ചു. അച്ചടക്കത്തോടെ പന്തെറിഞ്ഞ കിവീസ് ബൗളര്‍മാരാണ് ടീമിന് വിജയം സമ്മാനിച്ചത്. ടിം സൗത്തി മൂന്നും ട്രെന്‍ഡ് ബൂള്‍ട്ട്, നീഷാം, എന്നിവര്‍ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.
അപകടം പതിയിരിക്കുന്ന പിച്ചില്‍ സ്‌കോര്‍ പിന്തുടര്‍ന്ന ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ ഒരു ഘട്ടത്തില്‍ ലക്ഷ്യം നേടുമെന്ന് കരുതിയെങ്കിലും അനാവശ്യ ഷോട്ടുകള്‍ക്ക് മുതിര്‍ന്ന് പരാജയം ചോദിച്ചു വാങ്ങുകയായിരുന്നു. മത്സരത്തില്‍ മികച്ച തുടക്കം നല്‍കുന്നതില്‍ രോഹിത് ശര്‍മ(11) ഒരിക്കല്‍ കൂടി പരാജയപ്പെട്ടു.
സൗത്തിക്കായിരുന്നു വിക്കറ്റ്. അജിന്‍ക്യ രഹാനെ(57) വിരാട് കോഹ്‌ലി(45) സഖ്യം മികച്ച രീതിയില്‍ തിരിച്ചടിച്ചെങ്കിലും കോഹ്‌ലി പുറത്തായതോടെ മത്സരത്തിലെ നിയന്ത്രണം നഷ്ടപ്പെട്ടു. 70 പന്തില്‍ അഞ്ചു ബൗണ്ടറിയും ഒരു സിക്‌സറും പറത്തിയാണ് രഹാനെ അര്‍ധസെഞ്ച്വറി തികച്ചത്.
കോഹ്‌ലിയുടെ ഇന്നിങ്‌സില്‍ രണ്ടു ബൗണ്ടറിയും ഒരു സിക്‌സറുമുണ്ടായിരുന്നു. സോധിയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. പിന്നീടെത്തിയ ധോണി റണ്‍സ് കണ്ടെത്താന്‍ പാടു പെട്ടു. 31 പന്തു നേരിട്ട ധോണി 11 റണ്‍സാണെടുത്തത്. നീഷാമിന്റെ പന്തില്‍ ക്ലീന്‍ ബൗള്‍ഡാകുകയായിരുന്നു ധോണി.
അധികം വൈകാതെ മനീഷ് പാണ്ഡെ(12) കേദാര്‍ ജാദവ്(0) ഹര്‍ദിക് പാണ്ഡ്യ(9) എന്നിവരും പുറത്തായതോടെ ഏഴഇന് 167 എന്ന നിലയിലേക്ക് വീണു ഇന്ത്യ. ഇതോടെ ഇന്ത്യ പരാജയം ഉറപ്പിച്ചു. അക്ഷര്‍ പട്ടേല്‍(38) അമിത് മിശ്ര(14) ധവാല്‍ കുല്‍ക്കര്‍ണി(25*) എന്നിവരുടെ വമ്പനടികളാണ് ഇന്ത്യയെ വമ്പന്‍ തോല്‍വിയില്‍ നിന്ന് രക്ഷപ്പെടുത്തിയത്. വിക്കറ്റുകള്‍ സംരക്ഷിച്ചിരുന്നെങ്കില്‍ ഇന്ത്യക്ക് ജയിക്കാന്‍ സാധിക്കുമായിരുന്നു.
നേരത്തെ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ന്യൂസിലന്‍ഡിന് മികച്ച തുടക്കമാണ് ലഭിച്ചത്. മാര്‍ട്ടിന്‍ ഗുപ്ടില്‍(72) ടോം ലാഥം(39) എന്നിവര്‍ ഇന്ത്യന്‍ ബൗളര്‍മാരെ നന്നായി നേരിട്ടു.
ഗുപ്ടില്‍ 84 പന്തില്‍ 12 ബൗണ്ടറിയടക്കമാണ് അര്‍ധസെഞ്ച്വറി കുറിച്ചത്. കെയ്ന്‍ വില്യംസന്‍(41) റോസ് ടെയ്‌ലര്‍(35) എന്നിവരും നന്നായി ബാറ്റു ചെയ്തു. എന്നാല്‍ മധ്യനിരയെ സമര്‍ഥമായി പിടിച്ചു കെട്ടി ഇന്ത്യ മത്സരത്തിലേക്ക് തിരിച്ചുവന്നു. ഇന്ത്യ സ്പിന്നര്‍മാരാണ് കൂടുതല്‍ തിളങ്ങിയത്.
അക്ഷര്‍ പട്ടേല്‍ 10 ഓവറില്‍ 38 റണ്‍സിന് ഒരു വിക്കറ്റ് വീഴ്ത്തിയപ്പോള്‍ അമിത് മിശ്ര 42 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റെടുത്തു. അര്‍ധസെഞ്ച്വറിയോടെ ടീമിന് മികച്ച സ്‌കോര്‍ സമ്മാനിച്ച ഗുപ്ടിലാണ് കളിയിലെ താരം. പരമ്പര ഒപ്പത്തിനൊപ്പമായതിനാല്‍ അവസാന മത്സരം ഇരുടീമുകളെയും സംബന്ധിച്ച് നിര്‍ണായകമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."