ഭക്ഷ്യ സുരക്ഷാ നിയമം നടപ്പാക്കിയില്ല; കേരളം പാഴാക്കിയത് 2,200 കോടി
തിരുവനന്തപുരം: ഭക്ഷ്യ സുരക്ഷാ നിയമം നടപ്പാക്കാതെ മൂന്നു വര്‍ഷം കൊണ്ട് കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ പാഴാക്കിയത് 1200 കോടി രൂപ. 2013 ജൂലൈ അഞ്ച് മുതല്‍ രാജ്യവ്യാപകമായി നിലവില്‍ വന്ന ഭക്ഷ്യ സുരക്ഷാനിയമം 2016 മെയ് മാസം വരെ നടപ്പാക്കാതെ വന്നതോടെയാണ് റേഷന്‍കടകളിലൂടെ അരിയും ഗോതമ്പും വിതരണംചെയ്ത വകയില്‍ ഖജനാവിന് കോടികള്‍ നഷ്ടമായത്. അടിസ്ഥാന സൗകര്യം ഒരുക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ നീക്കിവെച്ച 1,000 കോടിയോളം രൂപയും കഴിഞ്ഞ സര്‍ക്കാര്‍ നഷ്ടപ്പെടുത്തി.
റേഷന്‍കാര്‍ഡ് പുതുക്കല്‍, ഗോഡൗണുകള്‍ സജ്ജീകരിക്കല്‍, കംപ്യൂട്ടര്‍ വല്‍ക്കരണം, റേഷന്‍ ഡിപ്പോകളുടെയും റേഷന്‍ കടകളുടെയും അടിസ്ഥാന സൗകര്യവികസനം, മുന്‍ഗണനാ ക്രമത്തിലുള്ള പട്ടിക തയ്യാറാക്കല്‍, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഭക്ഷ്യധാന്യങ്ങള്‍ കേരളത്തില്‍ എത്തിക്കേണ്ട ട്രാന്‍സ്‌പോര്‍ട്ടിങ് ചാര്‍ജ് എന്നിവയ്ക്കായി കേന്ദ്ര സര്‍ക്കാര്‍ നീക്കിവച്ച പണമാണിത്.
കേരളത്തിന്റെ ശരാശരി ഭക്ഷ്യധാന്യ ഉപഭോഗം കേന്ദ്ര സര്‍ക്കാരിനെ അറിയിക്കുന്നതിലും കഴിഞ്ഞ സര്‍ക്കാരിന് വീഴ്ചപറ്റി. കേരളത്തിന്റെ ഭക്ഷ്യധാന്യ ഉപഭോഗം 16 ലക്ഷം മെട്രിക് ടണ്‍ ആണെന്നിരിക്കെ 12.26 മെട്രിക്ടണ്‍ മാത്രമാണ് ഉപഭോഗമെന്ന് കേന്ദ്രത്തെ അറിയിച്ചു. ഇതോടെ കേരളത്തിന്റെ അടിസ്ഥാന അരിവിഹിതം 12.26 ലക്ഷം മെട്രിക് ടണ്‍ ആണെന്നും രണ്ടു ടണ്‍ ബോണസ് വിഹിതവും ചേര്‍ത്ത് 14.25 ടണ്‍ അരിയെന്ന് നിജപ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കുകയും ചെയ്തു. ഇതും സംസ്ഥാനത്തിന് തിരിച്ചടിയായി.
അതേസമയം, ആസാം, ഒഡീഷ, ഝാര്‍ഖണ്ഡ്് സംസ്ഥാനങ്ങള്‍ കേരളത്തിനേക്കാള്‍ കൂടുതല്‍ ഭക്ഷ്യധാന്യം കേന്ദ്രത്തില്‍ നിന്നും വാങ്ങിയെടുക്കുകയും ചെയ്തു. കേന്ദ്ര ഭക്ഷ്യ സഹമന്ത്രിയായിരുന്ന കെ.വി തോമസിന്റെ ഭാഗത്തു നിന്നും ആവശ്യമായ സഹകരണം ഉണ്ടായില്ല. യു.പി.എ സര്‍ക്കാരില്‍ അരഡസനോളം മന്ത്രിമാരും എം.പിമാരും ഉണ്ടായിട്ടും സംസ്ഥാനത്തിന്റെ റേഷന്‍ ആവശ്യങ്ങള്‍ക്കായി ഇവര്‍ ശബ്ദിച്ചില്ല.
റേഷന്‍ കരിഞ്ചന്തക്കാര്‍ക്കും സംസ്ഥാനത്തെ 329 റേഷന്‍ മൊത്ത വ്യാപാരികള്‍ക്കും വേണ്ടിയാണ് ഭക്ഷ്യ സുരക്ഷാപദ്ധതി നടപ്പിലാക്കാന്‍ ശ്രമിക്കാതിരുന്നതെന്നും ആരോപിക്കപ്പെടുന്നു.
ഭക്ഷ്യസുരക്ഷാ നിയമം നവംബര്‍ ഒന്നു മുതല്‍ നടപ്പിലാക്കുമെന്ന് ഈ സര്‍ക്കാര്‍ പ്രഖ്യാപിച്ചതോടെ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് 5.42 രൂപയ്ക്കും 8.30 രൂപയ്ക്കും ലഭിച്ചുകൊണ്ടിരുന്ന അരി, കേന്ദ്രത്തില്‍ നിന്നും ലഭ്യമാകുന്നത് മൂന്നു രൂപയ്ക്കാണ്. 6.45 രൂപയ്ക്ക് ലഭിച്ചുകൊണ്ടിരുന്ന ഗോതമ്പ് രണ്ടു രൂപയ്ക്ക് ലഭിക്കുന്നുണ്ട്.
ഭക്ഷ്യധാന്യ വിതരണത്തില്‍
കേരളത്തിന് അവഗണന
ഭക്ഷ്യോല്‍പാദനത്തില്‍ സ്വയം പര്യാപ്തത നേടിയ സംസ്ഥാനങ്ങള്‍ക്കും ജനസാന്ദ്രതയിലും വിസതൃതിയിലും കേരളത്തേക്കാള്‍ ചെറിയ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര സര്‍ക്കാര്‍ ഭക്ഷ്യധാന്യങ്ങള്‍ യഥേഷ്ടം നല്‍കുമ്പോള്‍ ഉപഭോക്തൃ സംസ്ഥാനമായ കേരളത്തെ കേന്ദ്രം അവഗണിക്കുന്നു. ഭക്ഷ്യോല്‍പാദനത്തില്‍ മുന്നില്‍ നില്‍ക്കുന്ന ഉത്തര്‍പ്രദേശിന് കേന്ദ്ര വിഹിതമായി നല്‍കുന്നത് 96.15 ലക്ഷം മെട്രിക് ടണ്ണും ബീഹാറിന് 55.27 ലക്ഷം, മഹാരാഷ്ട്രയ്ക്ക് 45.02 ലക്ഷം മെട്രിക് ടണ്ണുമാണ്. ബംഗാളിന് 38.49 ലക്ഷം, തമിഴ്‌നാട് 36.78 ലക്ഷം, മധ്യപ്രദേശ് 34.68 ലക്ഷം, ആന്ധ്രപ്രദേശ് 32.10 ലക്ഷം, രാജസ്ഥാന്‍ 27.92 ലക്ഷം, കര്‍ണ്ണാടക 25.56 ലക്ഷം, ഗുജറാത്ത് 23.95 ലക്ഷം, ഒഡീഷ 21.09 ലക്ഷം, ഝാര്‍ഖണ്ഡ് 16.96 ലക്ഷം, ആസാം 16.95 ലക്ഷം മെട്രിക് ടണ്‍ എന്നിങ്ങനെയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."