ചെമ്പ്ര എസ്റ്റേറ്റ് ലോക്കൗട്ട് ചെയ്തു; സാമ്പത്തിക പ്രതിസന്ധിയെന്ന് മാനേജ്‌മെന്റ്
മേപ്പാടി: ചെമ്പ്ര ഫാത്തിമ ഫാം എസ്റ്റേറ്റ് മുന്നറിയിപ്പില്ലാതെ കമ്പനി അടച്ചു പൂട്ടി. ഇന്നലെയാണ് തോട്ടം ലോക്കൗട്ട് ചെയ്യുന്നതായി കാണിച്ച് കമ്പനി നോട്ടീസ് പ്രസിദ്ധപ്പെടുത്തിയത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കമ്പനികള്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി തോട്ടം നടത്തി കൊണ്ട് പോയിരുന്നത്. അതിനാല്‍ തന്നെ വന്‍ സാമ്പത്തിക ബാധ്യതയുള്ളതിനാല്‍ തോട്ടം മുന്നോട്ട് കൊണ്ട് പോകാന്‍ സാധ്യമല്ലന്നാണ് നോട്ടീസില്‍ പറയുന്നത്. തൊഴിലാളികളുടെ നിരന്തരമായുള്ള സമരങ്ങളും പ്രതിസന്ധിക്ക് കാരണമായതായി പറയുന്നു. തൊഴിലാളികള്‍ സംഘം ചേര്‍ന്ന് ജോലിക്ക് ഹാജരാവാതിരിക്കല്‍, മാനേജറെ വഴിയില്‍ തടയുക തുടങ്ങിയ സമര രീതികള്‍ കമ്പനിയെ നഷ്ടത്തിലാക്കുന്നതില്‍ ഒരു കാരണമാണ്.
തോട്ടം വില്‍പന നടത്തുന്നതിനും ന്യായമായ ആനുകൂല്യം നല്‍കി തൊഴിലാളികളെ പിരിച്ചുവിടാനും ചിലര്‍ തടസ്സം നിന്നു തുടങ്ങിയ കാരണങ്ങളാണ് കമ്പനി ലോക്കൗട്ടിനായി പറയുന്നത്. അപ്രതീക്ഷിത തീരുമാനം പുറത്ത് വന്നതോടെ തൊഴിലാളികള്‍ എന്ത് ചെയ്യണമെന്ന് അറിയാത്ത അവസ്ഥയായി. 400 ഓളം തൊഴിലാളികളാണ് ഉള്ളത്. ഇതില്‍ ഭൂരിഭാഗം സ്ത്രീ തൊഴിലാളികളാണ്. കഴിഞ്ഞ ഒരു വര്‍ഷകാലത്തിലേറെ കാലമായി കൃത്യമായി ശമ്പളം ലഭിച്ചിരുന്നില്ല. രണ്ടും മൂന്നും മാസങ്ങള്‍ കൂടുമ്പോഴായിരുന്നു ശമ്പളം നല്‍കിയിരുന്നത്. അതുതന്നെ ഓഫിസ് ഉപരോധം ഉള്‍പ്പടെയുള്ള സമരങ്ങള്‍ നടത്തിയ ശേഷം. 2015-16 സാമ്പത്തിക വര്‍ഷത്തെ ബോണസും ഇതുവരെ നല്‍കിയിട്ടില്ല. വര്‍ഷങ്ങളോളം സാമ്പത്തിക പ്രതിസന്ധിയില്‍ കഴിഞ്ഞിരുന്ന തോട്ടം ഈ അടുത്ത കാലത്താണ് ഫാത്തിമ ഫാം ഏറ്റെടുത്തത്. ആദ്യ ഒന്ന് രണ്ട് വര്‍ഷം വലിയ ബുദ്ധിമുട്ടില്ലാതെ നടന്നു. എന്നാല്‍ പിന്നീട് തോട്ടം സുഖമമായി നടത്താന്‍ കഴിഞ്ഞില്ല.
തോട്ടം ആദിവാസികള്‍ക്ക് നല്‍കാനായി സര്‍ക്കാരിന് കൈമാറാനുള്ള നീക്കവും ഉണ്ടായി. എന്നാല്‍ തൊഴിലാളികളുടെ പ്രതിഷേധം കാരണം നടന്നില്ല. തോട്ടം ലോക്കൗട്ട് ചെയ്തതോടെ തൊഴിലാളികള്‍ ഏത് രീതിയില്‍ പ്രതികരിക്കുമെന്ന് അറിയാത്ത സ്ഥിതിയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."