മുന്നറിയിപ്പില്ലാതെ വീടിന്റെ വാതിലില്‍ നോട്ടീസ് പതിച്ചതായി പരാതി
സുല്‍ത്താന്‍ ബത്തേരി: റവന്യൂ നികുതി മുടങ്ങിയതിനെത്തുടര്‍ന്ന് മുന്നറിയിപ്പില്ലാതെ വില്ലേജ് ഓഫിസ് അധികൃതര്‍ വീടിന്റെ വാതിലില്‍ നോട്ടീസ് പതിച്ചതായി ചെതലയം പുത്തന്‍പുരയ്ക്കല്‍ പി.ഇ ബിജു വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. കിടങ്ങനാട് വില്ലേജ് ഓഫിസ് അധികൃതരാണ് നോട്ടീസ് പതിച്ചത്. പുതിയ വീട് നിര്‍മിച്ചതിനെത്തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ എത്തി അളന്ന് തിട്ടപ്പെടുത്തുകയും ഇത് താലൂക്ക് ഓഫിസിലേക്ക് കൈമാറുകയും താലൂക്ക് ഓഫിസിലേക്ക് വിളിപ്പിച്ച് അളവില്‍ എന്തെങ്കിലും പരാതിയുണ്ടോ എന്നന്വേഷിക്കുകയും ചെയ്തു. പരാതി ഇല്ലെന്ന് പറഞ്ഞതിനെത്തുടര്‍ന്ന് രേഖകള്‍ വില്ലേജ് ഓഫിസിലേക്ക് അയക്കുമെന്നും വില്ലേജില്‍ നിന്നും അടയ്ക്കേണ്ട തുകയും തിയതിയും അറിയിക്കുമെന്നും പറഞ്ഞു. എന്നാല്‍ വില്ലേജില്‍ നിന്നും യാതൊരു അറിയിപ്പും ഉണ്ടായില്ല. നാല് ഘടുക്കളായാണ് തുക അടയക്കേണ്ടത്. ഇതില്‍ ഒരു ഘടു മാത്രമാണ് തെറ്റിയത്. നോട്ടീസ് പതിപ്പിച്ചത് തന്നെയും കുടുംബത്തേയും അപമാനിക്കാന്‍ വേണ്ടിമാത്രമാണ്. ഉദ്യോഗസ്ഥരുടെ നടപടിക്കെതിരെ പരാതി നല്‍കിയതായും ബിജു പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."