കൃഷ്ണഗിരിയില്‍ ഇന്ന് മുതല്‍ ക്രിക്കറ്റ് കാര്‍ണിവല്‍
കൃഷ്ണഗിരി: ഇനിയുള്ള നാലുനാളുകള്‍ വയനാട്ടുകാര്‍ക്ക് ക്രിക്കറ്റ് കാര്‍ണിവല്‍. ഒരിടവേളക്ക് ശേഷം വയനാട്ടില്‍ വിരുന്നെത്തിയ രഞ്ജി ടൂര്‍ണമെന്റിലെ ഗ്രൂപ്പ് ബി മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കമാവും. ആദ്യ മത്സരത്തില്‍ ഗ്രൂപ്പ് ബിയിലെ ഒന്നാംസ്ഥാനക്കാരായ ജാര്‍ഖണ്ഡിന് ഏഴാം സ്ഥാനത്തുള്ള വിദര്‍ഭയാണ് എതിരാളികള്‍. ഇരു ടീമുകളിലെയും നയിക്കുന്നത് ഇന്ത്യയുടെ ഏകദിന ടീമില്‍ കളിച്ച മികവ് തെളിയിച്ച് താരങ്ങളാണ്. ഒപ്പം ഐ.പി.എല്ലിലെ കണ്ടെത്തലുകളും ടീമിലുള്ളത് മത്സരങ്ങള്‍ക്ക് ആവേശം ഇരട്ടിപ്പിക്കും. ഇന്ത്യ-ദക്ഷിണാഫ്രിക്ക ചതുര്‍ദിന മത്സരത്തിന് ശേഷം ആദ്യമായാണ് ഒരു ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് മത്സരം കൃഷ്ണഗിരിയിലെത്തുന്നത്. കുന്നിന്മുകളിലെ മൈതാനം മത്സരങ്ങള്‍ക്കായി സര്വസജ്ജമായിട്ടുണ്ട്. മുഴുവന്‍ ഒരുക്കുങ്ങളും പൂര്‍ത്തിയായ സ്റ്റേഡിയത്തില്‍ രണ്ട് പിച്ചുകളാണ് മത്സരങ്ങള്‍ക്കായി ഒരുക്കിയിട്ടുള്ളത്. നവംബര്‍ 21 മുതല്‍ 24 വരെ നടക്കുന്ന രണ്ടാം മത്സരത്തില്‍ രാജസ്ഥാന് ഡല്‍ഹിയെയും നവംബര്‍ 29 മുതല്‍ ഡിസംബര്‍ രണ്ടുവരെ നടക്കുന്ന മൂന്നാം മത്സരത്തില്‍ ഒഡീഷ മഹാരാഷ്ട്രയെയും കൃഷ്ണഗിരിയില്‍ എതിരിടും. മൂന്ന് മത്സരങ്ങള്‍ക്ക് സ്റ്റേഡിയം വേദിയാകുമ്പോഴും കേരളത്തിന്റെ മത്സരങ്ങള്‍ക്ക് ആഥിത്യം വഹിക്കാന്‍ സാധിക്കാത്തത് ക്രിക്കറ്റ് പ്രേമികളെ തെല്ല് സങ്കടപ്പെടുത്തുന്നുണ്ട്. എങ്കിലും കൃഷ്ണഗിരിയില്‍ നടക്കാനിരിക്കുന്ന ക്രിക്കറ്റ് പൂരം ആഘോഷമാക്കി മാറ്റാനുള്ള ഒരുക്കത്തിലാണ് ചുരത്തിന് മുകളിലെയും അതിര്‍ത്തി സംസ്ഥാനങ്ങളിലെയും ക്രിക്കറ്റ് പ്രേമികള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."