നെല്‍വയല്‍ തണ്ണീര്‍ത്തട നിയമം: ഡാറ്റാബാങ്കില്‍ കള്ളക്കളി
തിരുവനന്തപുരം: നെല്‍വയല്‍ തണ്ണീര്‍ത്തട നിയമത്തില്‍ ഉള്‍പ്പെടുത്താന്‍ തയാറാക്കിയ ഡാറ്റാബാങ്കില്‍ കള്ളക്കളി. നെല്‍കൃഷിക്ക് യോഗ്യമല്ലാത്തതും വര്‍ഷങ്ങള്‍ക്കു മുന്‍പ് തരംമാറ്റപ്പെട്ടതും വന്‍മരങ്ങളും കെട്ടിട സമുച്ചയങ്ങളും തോട്ടങ്ങളുമുള്‍പ്പെടെയുള്ള ഭൂമി വരെ നെല്‍കൃഷിക്ക് അനുയോജ്യമെന്നു കാട്ടി ഡാറ്റാബാങ്കില്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണ് ഉദ്യോഗസ്ഥര്‍. കൃഷി ഓഫിസര്‍ കണ്‍വീനറായിട്ടുള്ള പ്രാദേശിക നിരീക്ഷണസമിതിയാണ് ഡാറ്റാബാങ്കിന് അനുമതി നല്‍കുന്നത്. നെല്‍വയലുകളുടെയും തണ്ണീര്‍ത്തടങ്ങളുടെയും സര്‍വേ നമ്പരും വിസ്തൃതിയും ഉള്‍പ്പെടെയുള്ള വിശദവിവരങ്ങള്‍ ആണ് ഡാറ്റാ ബാങ്കിനായി കൈമാറുന്നത്. വില്ലേജ് ഓഫിസറാണ് ഈ വിവരം കൃഷി ഓഫിസര്‍ക്ക് നല്‍കുന്നത്. ഇവര്‍ തയാറാക്കി നല്‍കുന്ന കരട് ഡാറ്റാബാങ്ക് സമിതി പരിശോധിക്കുകയും പരാതികള്‍ പരിഹരിച്ച ശേഷം നാഷണല്‍ റിമോര്‍ട്ടിങ് സെന്‍സിങ് ഏജന്‍സി, ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍, ഭൗമശാസ്ത്ര പഠനകേന്ദ്രം, സംസ്ഥാന ഭൂവിനിയോഗ ബോര്‍ഡ് എന്നിവയിലേതെങ്കിലും ഒന്നിന്റെയോ കേന്ദ്ര, സംസ്ഥാന സ്ഥാപനങ്ങളുടെയോ ഉപഗ്രഹ ചിത്രങ്ങളുടെ അടിസ്ഥാനത്തില്‍ തയാറാക്കിയ ഭൂപടത്തിന്റെ സഹായത്തോടെ പരിശോധിച്ച് അന്തിമരൂപം നല്‍കണമെന്നുമാണ് നിഷ്‌കര്‍ഷിച്ചിരുന്നത്.
എന്നാല്‍ ഇതൊന്നും ഡാറ്റാ ബാങ്ക് തയാറാക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് ബാധകമായിരുന്നില്ല. അവര്‍ അതതു വില്ലേജുകളില്‍ കുറച്ചു സ്ഥലം കണ്ടെത്തി ഡാറ്റാബാങ്ക് തയാറാക്കി സമിതിക്കു മുന്നില്‍ സമര്‍പ്പിച്ച് കരട് ഡാറ്റാ ബാങ്കില്‍ ഉള്‍പ്പെടുത്തുകയായിരുന്നു.
ഭൂവുടമകളുടെ പരാതികള്‍ കേള്‍ക്കാനോ പരിശോധിക്കാനോ ഉദ്യോഗസ്ഥര്‍ തയാറായില്ലെന്നും ആക്ഷേപമുണ്ട്. സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിക്കാതെയാണ് പല സമിതികളും ഡാറ്റാബാങ്ക് തയാറാക്കിയത്. അതേസമയം, കരട് ഡാറ്റാബാങ്ക് തയാറാക്കാത്ത ഒട്ടനവധി വില്ലേജുകളും സംസ്ഥാനത്തുണ്ട്. ഡാറ്റാബാങ്കില്‍ കടന്നുകൂടിയ തെറ്റുതിരുത്താതെയാണു തണ്ണീര്‍ത്തട സംരക്ഷണനിയമം ഭേദഗതി ചെയ്ത് ഈ നിയമസഭയില്‍ അവതരിപ്പിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നത്.
വിവാദമായ വയല്‍നികത്തല്‍ ഭേദഗതി പിന്‍വലിക്കാനുള്ള ഇടതു സര്‍ക്കാര്‍ തീരുമാനത്തിലും കള്ളക്കളിയെന്ന് ആക്ഷേപമുണ്ട്. വന്‍കിടക്കാര്‍ക്കായാണ് ഭേദഗതിയില്‍ വെള്ളം ചേര്‍ത്തതെന്നാണ് ആക്ഷേപം. നിയമ ഭേദഗതി പാസാകുന്നതോടെ 93,000ത്തോളം അപേക്ഷകര്‍ക്കും ഇളവുകിട്ടും. 2008നു മുന്‍പുള്ള വയല്‍നികത്തല്‍ സാധൂകരിക്കാനായിരുന്നു യു.ഡി.എഫ് സര്‍ക്കാര്‍ നെല്‍വയല്‍ തണ്ണീര്‍ത്തട നിയമത്തില്‍ 3 എ എന്ന ഭേദഗതി കൊണ്ടുവന്നത്.
ന്യായവിലയുടെ 25 ശതമാനം ഈടാക്കി സ്വകാര്യ ആവശ്യത്തിനായുള്ള നികത്തലിന് സാധൂകരണം നല്‍കുന്ന ഭേദഗതി വന്‍ വിവാദമായിരുന്നു. അധികാരത്തിലെത്തിയാല്‍ ഭേദഗതി പിന്‍വലിക്കുമെന്നായിരുന്നു ഇടതുമുന്നണി പ്രഖ്യാപനം. പിണറായി മന്ത്രിസഭ തീരുമാനമെടുത്തെങ്കിലും കൊട്ടിഘോഷിച്ച് പ്രഖ്യാപിച്ച തിരുത്ത് ഭേദഗതിയില്‍ വയല്‍ നികത്തിയവരെ സന്തോഷിപ്പിക്കുന്ന പഴുതുകള്‍ ഏറെയാണ്. 3 എ പിന്‍വലിക്കുമ്പോഴും അതിന്‍പ്രകാരം മുന്‍പ് അപേക്ഷ നല്‍കിയവരുടെ അവകാശവും നിലനിര്‍ത്തുന്നു. 3 എ പ്രകാരം കിട്ടിയ 52 വന്‍കിടക്കാരുടെ അപേക്ഷകളില്‍ ഏതാണ്ട് 65 ഏക്കറിലധികം വയല്‍ നികത്തിയത് കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ സാധൂകരിച്ച് ഉത്തരവിറക്കിയിരുന്നു. അതും നിലനില്‍ക്കും.
ഒപ്പം സാധൂകരണത്തിനായി സമര്‍പ്പിച്ച 93,000ത്തോളം അപേക്ഷകളും നിലനില്‍ക്കും. 500 രൂപ കൊടുത്ത് അപേക്ഷിച്ചവര്‍ക്കു പോലും പുതിയ ഭേദഗതി വന്നാലും രക്ഷപ്പെടാം. ഇനി ആര്‍ക്കും പുതുതായി അപേക്ഷിക്കാനാകില്ല എന്നതു മാത്രമാണ് തിരുത്തു ഭേദഗതികൊണ്ടുള്ള നേട്ടം. ഒരു വശത്ത് ഉദ്യോഗസ്ഥരുടെ അലംഭാവം മൂലം ഡാറ്റാബാങ്കില്‍ പെട്ട് നട്ടംതിരിയുന്നത് സാധാരണക്കാരാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."