ചട്ടഞ്ചാലിനെ വാഹനങ്ങളുടെ ശവപ്പറമ്പാക്കുന്നതിനെതിരേ ധര്‍ണ
കാസര്‍കോട്: വിവിധ പൊലിസ് സ്റ്റേഷനുകളില്‍ കേസുകളില്‍പെട്ട വാഹനങ്ങള്‍ കൊണ്ടുവന്നു തള്ളി ചട്ടഞ്ചാലിനെ വാഹനങ്ങളുടെ ശവപറമ്പാക്കുന്നുവെന്നാരോപിച്ചു ജനകീയ ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കലക്ടറേറ്റ് ധര്‍ണ നടത്തി. നാരായണന്‍ പെരിയ ഉദ്ഘാടനം ചെയ്തു. ആക്ഷന്‍ കമ്മറ്റി ചെയര്‍മാന്‍ നിസാര്‍ പാദൂര്‍ അധ്യക്ഷനായി. വ്യാപാരി വ്യവസായി നേതാവ് കെ.അഹമ്മദ് ഷെരീഫ്, ജില്ലാ പഞ്ചായത്ത് അംഗം ഷാനവാസ് പാദൂര്‍, മുരളി മാസ്റ്റര്‍, അജയന്‍ പരവനടുക്കം, സുബൈര്‍ പടുപ്പ്, ടി.ഡി കബീര്‍, നസീര്‍ പട്ടുവം, ഭരതന്‍, ഷാഫി കണ്ണംമ്പള്ളി, രാജന്‍ പൊയിനാച്ചി, മജീദ് ബണ്ടിച്ചാല്‍, രാമചന്ദ്രന്‍, സോണി, അബ്ദുല്‍ ഖാദര്‍ ചട്ടഞ്ചാല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
ചട്ടഞ്ചാല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ഗവണ്‍മെന്റ് യു.പി സ്‌കൂള്‍ തെക്കീല്‍പറമ്പ, മലബാര്‍ ഇസ്‌ലാമിക് കോംപ്ലക്‌സ്, ഹയാത്തുല്‍ ഇസ്‌ലാം മദ്‌റസ എന്നീ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ കടന്നു പോവുന്ന വഴിയിലാണ് പഴകിയ വാഹനങ്ങള്‍ തള്ളിയിരിക്കുന്നത്. രണ്ടേക്കറേളം വരുന്ന പ്രദേശത്ത് വിവിധ പൊലിസ് സ്റ്റേഷനുകളിലെ തൊണ്ടിമുതലായ വാഹനങ്ങള്‍ തള്ളിയിട്ടുണ്ട്. ഈ വാഹനങ്ങള്‍ക്കിടയില്‍ അസാന്‍മാര്‍ഗിക പ്രവര്‍ത്തനവും നടക്കുന്നതായി നാട്ടുകാര്‍ ആരോപിക്കുന്നു.
സര്‍ക്കാര്‍ അധീനതയിലുള്ള ചട്ടഞ്ചാലിലെ രണ്ടേക്കര്‍ ഭൂമിയില്‍ ആദ്യഘട്ടത്തില്‍ ബേക്കല്‍ പൊലിസ് സ്റ്റേഷനിലെ തൊണ്ടി മുതലുകളായ വാഹനങ്ങള്‍ മാത്രമാണ് തള്ളിയിരുന്നത്. കെ.എസ്.ടി.പി റോഡ് പണിയുടെ പേരു പറഞ്ഞാണ് ഇത്തരത്തില്‍ വാഹനങ്ങള്‍ തള്ളിയിരുഴന്നത്. പിന്നീടു വിദ്യനഗര്‍ പൊലിസ് സ്റ്റേഷനിലെ വാഹനങ്ങളും ഇവിടേക്ക് മാറ്റുകയായിരുന്നു.
കലക്ടറും ജില്ലാ പൊലിസ് മേധാവിയും 10 സെന്റ് സ്ഥലത്ത് വാഹനങ്ങള്‍ നിക്ഷേപിക്കുന്നതിനായി വാക്കാല്‍ നല്‍കിയ ഉറപ്പിനെ തുടര്‍ന്നാണ് ഇപ്പോള്‍ രണ്ടേക്കര്‍ സ്ഥലത്ത് വാഹനങ്ങള്‍ പരന്നു കിടക്കുന്നത്. തുരുമ്പെടുത്തു തുടങ്ങിയ വാഹനങ്ങള്‍ കടുത്ത ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് വഴിവെക്കുമെന്ന ആശങ്കയും നാട്ടുകാര്‍ പങ്കുവെക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."