ശ്രദ്ധിക്കുക, ഇത് സീബ്രാ ലൈനാണ്
കാസര്‍കോട്: കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡിനു മുമ്പിലെ ദേശീയപാതയില്‍ സീബ്രാലൈന്‍ മാഞ്ഞു തുടങ്ങിയതു കാല്‍നട യാത്രക്കാര്‍ക്ക് അപകടകുരുക്കാവുന്നു.
ദേശീയപാതയുടെ ഒരു ഭാഗത്തു സീബ്രാലൈന്‍ മാഞ്ഞു തുടങ്ങിയതേയുള്ളൂവെങ്കിലും മറുഭാഗത്തു റോഡില്‍ സീബ്രാലൈനേയില്ലെന്നതാണ് അവസ്ഥ. സീബ്രാലൈന്‍ ഉണ്ടെന്നറിയാതെ ദേശീയപാതയിലൂടെ അമിത വേഗത്തിലടക്കം വരുന്ന വാഹനങ്ങള്‍ക്കു മുന്നില്‍ പകച്ചു നില്‍ക്കുകയാണ് യാത്രക്കാര്‍.
ഒട്ടേറേ വ്യാപാര സ്ഥാപനങ്ങളുള്ള പുതിയ ബസ് സ്റ്റാന്‍ഡില്‍ നിരവധി പേരാണു മിനുട്ടുകളുടെ വ്യത്യാസത്തില്‍ റോഡ് മുറിച്ചു കടക്കുന്നത്. പുതിയ ബസ് സ്റ്റാന്ഡിലേക്കടക്കം റോഡുമുറിച്ചു കടന്നിരുന്ന ഭാഗത്ത് ഇപ്പോള്‍ ട്രാഫിക് പൊലിസ് കയര്‍ വേലി കെട്ടിയിരിക്കുന്നതിനാല്‍ പുതിയ ബസ് സ്റ്റാന്‍ഡിലേക്കു യാത്രക്കാര്‍ക്ക് എത്താന്‍ സീബ്രാലൈനില്‍ കൂടി മാത്രമേ യാത്ര ചെയ്യാന്‍ പറ്റുകയുള്ളൂ. സീബ്രാലൈന്‍ കാണുന്ന വിധത്തില്‍ വരക്കണമെന്ന ആവശ്യം ഉയര്‍ന്നു തുടങ്ങിയിട്ടു നാളുകളായെങ്കിലും ദേശീയപാത അധികൃതര്‍ ഇക്കാര്യം അറിഞ്ഞ മട്ടു കാണിക്കുന്നില്ലെന്നാണു യാത്രക്കാരുടെ പരാതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."