സ്തനാര്‍ബുദ നിയന്ത്രണ പദ്ധതി ഉദ്ഘാടനം 29ന്
കണ്ണൂര്‍: മലബാര്‍ കാന്‍സര്‍ കെയര്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ലോകാരോഗ്യ സംഘടനയുടെ ഗവേഷണ വിഭാഗമായ ഐ.എ.ആര്‍.സിയുടെ സഹകരണത്തോടെ ഉത്തരമലബാറില്‍ സ്തനാര്‍ബുദ നിയന്ത്രണത്തിനുള്ള നൂതന പദ്ധതിയായ ബ്രെസ്റ്റ് കാന്‍സര്‍ ബ്രിഗേഡ്‌സിന്റെ ഉദ്ഘാടനം 29ന് വൈകുന്നേരം 5.30ന് നടക്കും. പദ്ധതിയുടെ ബ്രാന്‍ഡ് അംബാസഡറായി ചലച്ചിത്രതാരം മഞ്ജുവാര്യരെ നിയമിച്ചതായി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
മന്ത്രി കെ.കെ ശൈലജ, വി.സി ഡോ. അബ്ദുല്‍ ഖാദര്‍, ഡി.ഐ.ജി ദിനേന്ദ്ര കശ്യപ്, തിരുവനന്തപുരം ആര്‍.സി.സി മെഡിക്കല്‍ സൂപ്രണ്ട് ഡോ. കെ രാംദാസ്, ഡോ. ചന്ദ്രമോഹന്‍ സംബന്ധിക്കും. മഞ്ജുവാര്യര്‍ അവതരിപ്പിക്കുന്ന നൃത്തസന്ധ്യയും അരങ്ങേറും.
രണ്ടു ഘട്ടങ്ങളിലായാണ് പദ്ധതി നടപ്പാക്കുക. ഒന്നാംഘട്ടത്തില്‍ സ്തനാര്‍ബുദ ബോധവത്കരണ പ്രവര്‍ത്തനങ്ങളും സ്തനാര്‍ബുദ ലക്ഷണങ്ങള്‍ മുന്‍കൂട്ടി കണ്ടെത്തുന്നതിനുള്ള ചെലവുകുറഞ്ഞതും ഫലപ്രദവുമായ സ്വയം സ്തന പരിശോധനയും സ്ത്രീകളില്‍ ശീലമാക്കും.
ഇതിനായി വിദ്യാര്‍ഥികള്‍, എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍, സ്റ്റുഡന്റ്‌സ് പൊലിസ്, കുടുംബശ്രീ, ആശ വളണ്ടിയര്‍മാര്‍ തുടങ്ങിയ സന്നദ്ധ സാമൂഹ്യ സംഘടനകളുടെ പ്രതിനിധികള്‍ക്ക് പരിശീലനം നല്‍കും. രണ്ടാം ഘട്ടത്തില്‍ രോഗനിര്‍ണയത്തിലൂടെ ലക്ഷണങ്ങളും സംശയങ്ങളും കണ്ടെത്തുന്നവര്‍ക്ക് മൊബൈല്‍ ടെലിമെഡിസിന്‍ യൂനിറ്റിന്റെ സേവനം ഉപയോഗപ്പെടുത്തും. വാര്‍ത്താസമ്മേളനത്തില്‍ എ.പി ഇര്‍ഷാദ്, യു വിജയന്‍, വി.വി ഭട്ട് പങ്കെടുത്തു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."