ക്ഷേത്ര കവര്‍ച്ച: പിടിയിലായ യുവാവ് പൊലിസ് സ്റ്റേഷനില്‍ ആത്മഹത്യക്ക് ശ്രമിച്ചു
പയ്യന്നൂര്‍: ക്ഷേത്ര ഭണ്ഡാര കവര്‍ച്ചാക്കേസില്‍ പിടിയിലായ യുവാവ് പൊലിസ് സ്റ്റേഷനില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. കരിവെള്ളൂര്‍ കുതിരുമ്മല്‍ സ്വദേശി പി മഹേഷാ(36)ണ് കൈയിലെ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. ഉടന്‍ പൊലിസ് ഉദ്യോഗസ്ഥര്‍ ഇയാളെ ആശുപത്രിയിലെത്തിച്ചു. കാര്യമായ മുറിവില്ലാത്തതിനാല്‍ പ്രഥമ ശുശ്രൂഷ നല്കിയ ശേഷം സ്റ്റേഷനിലെത്തിച്ചു. കരിവെള്ളൂര്‍ വാണിയില്ലം സോമേശ്വരി ക്ഷേത്രത്തിലെ ഭണ്ഡാരം കുത്തിതുറന്ന് കവര്‍ച്ച നടത്തിയ കേസില്‍ കഴിഞ്ഞ ദിവസം രാത്രിയാണ് മഹേഷിനെ വീട്ടില്‍ നിന്നു എസ്.എ എ.വി ദിനേശനും സംഘവും അറസ്റ്റ് ചെയ്തത്. ചില്ലറ നാണയങ്ങള്‍ ഉപയോഗിച്ച് മഹേഷ് സാധനങ്ങള്‍ വാങ്ങുന്നത് ശ്രദ്ധയില്‍പ്പെട്ട വ്യാപാരികളും ക്ഷേത്രം അധികൃതരും വിവരം പൊലിസിനെ അറിയിക്കുകയായിരുന്നു. ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെ കുറ്റം സമ്മതിച്ചു. തുടര്‍ന്നാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. കഴിഞ്ഞ 16നാണ് കവര്‍ച്ച നടന്നത്. അഞ്ച് ഭണ്ഡാരങ്ങളില് നിന്നായി കാല്‍ലക്ഷത്തോളം രൂപ നഷ്ടപ്പെട്ടതായാണ് കണക്ക്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."