ഓണ്‍ലൈന്‍ തട്ടിപ്പ്: സംസ്ഥാനത്ത് ഈവര്‍ഷം രജിസ്റ്റര്‍ ചെയ്തത് നൂറോളം കേസുകള്‍
കോഴിക്കോട്: സംസ്ഥാനത്ത് ഓണ്‍ലൈന്‍ വഴിയുള്ള തട്ടിപ്പ് വ്യാപകമാകുന്നു. ഈ വര്‍ഷം ജനുവരി മുതല്‍ ഏപ്രില്‍ വരെയുള്ള നാല് മാസങ്ങള്‍ക്കുള്ളില്‍ 100ഓളം തട്ടിപ്പുകേസുകളാണ് പൊലിസ് രജിസ്റ്റര്‍ ചെയ്തതെന്നാണ് വിവരം.
ഉപഭോക്താക്കളുടെ എ.ടി.എം കാര്‍ഡിന്റെ പിന്‍നമ്പര്‍ ചോദിച്ചറിഞ്ഞാണ് ഓണ്‍ലൈന്‍ വഴി തട്ടിപ്പു നടത്തുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇത്തരം തട്ടിപ്പുകള്‍ നടന്നതായ വിവരം ലഭിച്ചതിനെത്തുടര്‍ന്ന് പൊലിസ് നടത്തിയ അന്വേഷണത്തില്‍ തട്ടിപ്പു സംഘങ്ങള്‍ പ്രധാനമായും പ്രവര്‍ത്തിക്കുന്നത് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ചാണെന്നാണ് വിവരം. കോഴിക്കോട് ജില്ലയില്‍ പൊലിസിന് ലഭിച്ച ഒരു പരാതിയാണ് ഇത്തരത്തില്‍ ഓണ്‍ലൈന്‍ വഴിയുള്ള തട്ടിപ്പിനെക്കുറിച്ച് വ്യക്തമായ വിവരങ്ങള്‍ അറിവായത്. കഴിഞ്ഞ വര്‍ഷം നവംബറില്‍ വിദേശ റിക്രൂട്ടിങ് സംബന്ധിച്ച്് കോഴിക്കോട് ജില്ലയിലുള്ള ഒരാള്‍ക്ക് വിസയും എയര്‍ടിക്കറ്റും നല്‍കിയ ഒരു ഏജന്‍സി ഇയാളുടെ ബാങ്ക് അക്കൗണ്ട് ചോദിച്ചറിഞ്ഞ് കബളിപ്പിച്ച പരാതി ലഭിച്ചതോടെയാണ് ഇത്തരത്തില്‍ തട്ടിപ്പ് നടക്കുന്നതായ വിവരം അറിയുന്നത്. തുടര്‍ന്ന് പലരേയും എ.ടി.എം പിന്‍നമ്പര്‍ സ്ഥിരീകരണത്തിനെന്ന് പറഞ്ഞ് വിളിച്ച് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞ് പണം തട്ടിയെടുക്കുന്നതായ വിവരവും വെളിപ്പെട്ടു.
ഇതേതുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇത്തരം തട്ടിപ്പിന്റെ വ്യാപ്തി മനസിലായതെന്ന് പൊലിസ് അറിയിച്ചു. വിദേശത്തേക്ക് റിക്രൂട്ടിങ്, ബാങ്കുകളുടെ എ.ടി.എം കാര്‍ഡിന്റെ ക്ലിയറന്‍സ് തുടങ്ങിയ കാര്യങ്ങള്‍ പറഞ്ഞാണ് സംശയം തോന്നാത്ത വിധത്തില്‍ വിളിച്ച് അന്വേഷിക്കുന്നത്. അന്വേഷണത്തില്‍ എ.ടി.എം കാര്‍ഡിന്റെ പിന്‍നമ്പര്‍ ചോദിച്ച് മനസിലാക്കിയാണ് സംഘം തട്ടിപ്പ് നടത്തുന്നത്. ബാങ്ക് ഉദ്യോഗസ്ഥരടക്കം ഇത്തരക്കാരുടെ തട്ടിപ്പിന് ഇരകളായിട്ടുണ്ടെന്ന് പൊലിസ് പറയുന്നു.
തട്ടിപ്പു സംഘത്തെ പിടികൂടുന്നതിനായി നടത്തുന്ന അന്വേഷണം ഫലപ്രാപ്തിയിലെത്തുന്നില്ലെന്നും പറയപ്പെടുന്നു. തട്ടിപ്പു സംഘങ്ങളുടെ കേന്ദ്രം ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളാണെന്നുമാത്രമല്ല, ഇവര്‍ വിളിച്ച മൊബൈല്‍ നമ്പര്‍ പിന്നീട് പ്രവര്‍ത്തന രഹിതമാകുന്നതും അന്വേഷണത്തിന് വിഘാതമാകുകയാണ്. തട്ടിപ്പു സംഘങ്ങളുടെ വലയില്‍ വീഴരുതെന്ന് കാണിച്ച് ബാങ്കുകളും പൊലിസും വ്യക്തമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുന്നുണ്ടെങ്കിലും പലരും കബളിപ്പിക്കപ്പെടുന്നത് തുടരുകയാണ്.
കോഴിക്കോട് ജില്ലയില്‍ മാത്രം ഇക്കഴിഞ്ഞ നാലുമാസത്തിനിടയില്‍ 12 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നാണ് ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോ വെളിപ്പെടുത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."