ജിഷയുടെ കൊലപാതകം: ഉമിനീരിന്റെ ശാസ്ത്രീയ പരിശോധനയ്ക്ക് ചെലവേറെ, നാട്ടിലില്ലാത്തവരെ പൊലിസ് ഒഴിവാക്കുന്നു
പെരുമ്പാവൂര്‍: ജിഷ വധക്കേസിലെ പ്രതിയെ പിടികൂടിയെന്ന അഭ്യൂഹം പരക്കുമ്പോഴും ജിഷയുടെ പരിസരവാസികളില്‍ ഇപ്പോള്‍ നാട്ടില്‍ താമസമില്ലാത്തവരെക്കുറിച്ച് അറിയാന്‍ പൊലിസ് സ്പെഷ്യല്‍ ടീമിന്റെ നേതൃത്വത്തില്‍ സ്ക്വാഡ് വര്‍ക്ക് . ഉമിനീരിന്റെ ശാസ്ത്രീയ പരിശോധനയ്ക്ക് ചെലവേറെയുള്ളതിനാല് പ്രതിയെന്ന് സംശയിക്കുന്നവരെ മാത്രം പരിശോധനയ്ക്ക് വിധേയമാക്കാനാണ് പൊലിസ് ഉദ്ദേശിക്കുന്നത്. ഇതിനായാണ് നാട്ടില്‍ താമസമില്ലാത്തവരെ കണ്ടെത്താന്‍ പൊലിസ് ശ്രമിക്കുന്നത്. കൂടാതെ പല്ലിന്റെ പരിശോധനയും നടക്കുന്നുണ്ട്. അതിനിടെ ജിഷയുടെ വസ്ത്രത്തില്‍ നിന്നും കണ്ടെത്തിയ ഉമിനീര് മാതാവിന്റെയാണെന്നും സൂചനയുണ്ട്. ഇത് ജിഷയുടെ മൃതദേഹം കെട്ടിപ്പിടിച്ചപ്പോള്‍ സംഭവിച്ചതാകാമെന്ന് പറയുമ്പോഴും ഇങ്ങനെയൊരു സാഹചര്യം ഉണ്ടായിട്ടില്ലെന്നാണ് നാട്ടുകാരുടെ പക്ഷം.
ജിഷയുടെ മൃതദേഹം മാതാവിനെ കാണിക്കാതെയാണ് വീട്ടില്‍ നിന്നും മാറ്റിയതെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇതേസമയം 570 ഓളം നാട്ടുകാരുടെ വിരലടയാളം എടുക്കുകയും പലരേയും ചോദ്യം ചെയ്യുകയും ചെയ്തിട്ടും ജിഷയുടെ മാതാവിനേയും സഹോദരിയേയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാന്‍ പൊലിസ് തയ്യാറായിട്ടില്ല. കഴിഞ്ഞി ദിവസം വിടവുള്ള പല്ലുകളുള്ളവരെ ആപ്പിള്‍ കടിപ്പിച്ച് വിടവിന്റെ അളവ് പരിശോധന നടത്തിയിരുന്നു. തെരഞ്ഞെടുപ്പിന് മുമ്പ് പ്രതിയെ കണ്ടെത്താന്‍ പൊലിസ് കിണഞ്ഞ് പരിശ്രമിച്ചിട്ടും ശാസ്ത്രീയ പരിശോധനകള്‍ നടത്തിയിട്ടും ഇതുവരെ തുമ്പൊന്നും ലഭിച്ചിട്ടില്ല. ഇതേസമയം കസ്റ്റഡിയിലുള്ള ഒരു ഉത്തരേന്ത്യക്കാരനില്‍ നിന്നും ജിഷയുടെ ഫോണിലേക്ക് ഒമ്പത് ഫോണ്‍ കോളുകള്‍ നടത്തിയതായും തെളിഞ്ഞിട്ടുണ്ട്. എന്നാല്‍ ഇയാള്‍ കൊലപാതകം നടത്തിയിട്ടില്ലെന്നാണ് ചോദ്യം ചെയ്യലില്‍ നിന്നും പൊലിസിന് വ്യക്തമാകുന്നത്. കഴിഞ്ഞ രണ്ട് ദിവസമായി പെരുമ്പാവൂരില്‍ പ്രതിഷേധം തണുത്തിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."