വരയുടെ വര്‍ണവിസ്മയം തീര്‍ത്ത് കുട്ടികളുടെ ചിത്രപ്രദര്‍ശനം
കൊച്ചി: 'ചാരുകസേരയില്‍ കിടന്നുകൊണ്ട് പുസ്തകങ്ങള്‍ നിറച്ച ഷെല്‍ഫിലേക്ക് നോക്കുന്ന അപ്പൂപ്പന്‍, കടലില്‍ കാറ്റിന്റെ ഗതിക്കനുസരിച്ച് ആടിയുലയുന്ന ചെറുകപ്പലുകള്‍, പൂവില്‍ നിന്ന് പൂമ്പൊടി തിന്നുന്ന പൂമ്പാറ്റ......' തനിക്കുചുറ്റും കണ്ടതൊക്കെ കാന്‍വാസില്‍ കോറിയിട്ട് എറണാകുളം ദര്‍ബാര്‍ ആര്‍ട് ഗ്യാലറിയില്‍ വിദ്യാര്‍ഥികള്‍ ഒരുക്കിയിരിക്കുന്ന ചിത്രപ്രദര്‍ശനം കുട്ടികള്‍ക്കൊപ്പം മുതിര്‍ന്നവരെയും ഒരുപോലെ ആകര്‍ഷിക്കുന്നതാണ്.
മാള ഹോളി ഗ്രേസ് അക്കാദമിയിലെ ഒന്നു മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള എഴുപത് കുട്ടികളുടെ ചിത്രങ്ങളാണ് പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. അക്രിലിക്, ഓയില്‍, ക്രയോണ്‍, കളര്‍ പെന്‍സില്‍ ചിത്രങ്ങളാണ് ആര്‍ട് ഗ്യാലറിയിലെ മുകളിലത്തെ നിലയിലെ ചുവരുകള്‍ നിറയെ പതിച്ചിരിക്കുന്നത്. പെന്‍സില്‍ ഡ്രോയിങ്ങുകളും ഗ്ലാസ് പെയിന്റിങ്ങുമൊക്കെ പ്രദര്‍ശനത്തിന് മാറ്റുകൂട്ടുന്നു. താടിക്ക് കൈകൊടുത്ത് ആലോചിച്ചിരിക്കുന്ന മുന്‍ പ്രസിഡന്റ് എ.പി.ജെ അബ്ദുല്‍ കലാമിനെയും ചില വിരുതന്മാര്‍ ഭാവവും രൂപവും ഒട്ടുംചോരാതെ വരച്ചുവച്ചിട്ടുണ്ട്.
ഇത് രണ്ടാംതവണയാണ് ഹോളി ഗ്രേസ് അക്കാദമി ഇത്തരമൊരു പ്രദര്‍ശനം ഒരുക്കുന്നത്. പഠനത്തോടൊപ്പം കുട്ടികളിലെ സര്‍ഗ്ഗാത്മ കഴിവുകള്‍ പുറത്തുകൊണ്ടുവരിക എന്ന ഉദ്ദേശത്തോടെയാണ് ഇത്തരം ഒരു പ്രദര്‍ശനം ഒരുക്കിയതെന്ന് പ്രദര്‍ശനത്തിന് കുട്ടികള്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുന്ന അധ്യാപകരായ സുജിത് എ.എസും സന്ദീപ് സി.എസും പറഞ്ഞു.ആര്‍ട്‌സ്‌കേപ് -2016 എന്ന് പേര്‍ നല്‍കിയിരിക്കുന്ന ചിത്രപ്രദര്‍ശനത്തില്‍ നൂറില്‍പരം ചിത്രങ്ങളാണ് പ്രദര്‍ശിപ്പിച്ചിരിക്കുന്നത്.
മൂന്ന് ദിവസങ്ങളിലായി നടന്നുവന്ന പ്രദര്‍ശനം ഇന്ന് അവസാനിക്കുമ്പോള്‍ സന്ദര്‍ശകര്‍ക്ക് ഇഷ്ടപ്പെട്ട ചിത്രങ്ങള്‍ നിശ്ചിത തുക നല്‍കി സ്വന്തമാക്കാനും സാധിക്കും. ഈ പണം ചിത്രങ്ങള്‍ വരച്ച കുട്ടികള്‍ക്ക് നല്‍കും. ചിത്രങ്ങള്‍വരച്ച കുട്ടികളും തങ്ങളുടെ ചിത്രത്തെപ്പറ്റി വിശദീകരിക്കാന്‍ പ്രദര്‍ശന നഗരിയിലുണ്ട്. മൊബൈല്‍ ഫോണുകളും, വാട്‌സ് ആപ്പും ഒക്കെ വിദ്യാര്‍ഥികളില്‍ വന്‍ സ്വാധീനമായി മാറുന്ന ഇക്കാലത്ത് വരകളും വര്‍ണ്ണങ്ങളും കൊണ്ട് വിസ്മയം തീര്‍ത്ത് മാതൃകയാകുകയാണ് ഹോളി ഗ്രേസ് അക്കാദമിയിലെ കുട്ടികള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."