ഫണ്ട് ലഭ്യമായില്ല; ആദിവാസി കോളനിയിലെ വീടുകളുടെ നിര്‍മാണം പാതിവഴിയില്‍
വണ്ടിപ്പെരിയാര്‍: പെരിയാര്‍ കടുവാ സങ്കേതത്തിലെ വനമേഖലയായ വള്ളക്കടവ് വഞ്ചിവയല്‍ ആദിവാസി കോളനിയിലെ വീടുകളുടെ നിര്‍മ്മാണം പാതിവഴിയില്‍ നിലച്ചു. സര്‍ക്കാര്‍ പണം നല്‍കാത്തത് മൂലമാണ് വീടുകളുടെ നിര്‍മ്മാണം നിലയ്ക്കാന്‍ കാരണം.
ഊരാളി വിഭാഗത്തില്‍പ്പെട്ട 81 ആദിവാസി കുടുംബങ്ങളാണ് വഞ്ചിവയല്‍ കോളനിയില്‍ താമസിക്കുന്നത്. 2015 - 2016 സാമ്പത്തിക വര്‍ഷത്തിലെ കഴിഞ്ഞ മാര്‍ച്ച് മാസത്തിലാണ് വീടിനു ധനസഹായം അനുവദിച്ചത്. മൂന്നര ലക്ഷം രൂപ വീതമാണ് ഓരോ വീടിനും അനുവദിച്ചത്. ഇതില്‍ രണ്ടര ലക്ഷം രൂപ ഹഡ്‌കോ എന്ന കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനം നല്‍കും. ബാക്കി വരുന്ന ഒരു ലക്ഷം രൂപ സംസ്ഥാന സര്‍ക്കാരും നല്‍കും. ബാക്കി തുക ഗുണഭോക്താക്കള്‍ തന്നെ കണ്ടെത്തണമെന്നാണ് വ്യവസ്ഥ. വഞ്ചിവയല്‍ കോളനിയില്‍ ഇത്തരത്തില്‍ പതിനാല് കുടുംബങ്ങള്‍ക്കാണ് വീടിനുള്ള ധനസഹായം അനുവദിച്ചത്. വീട് ലഭിച്ചവര്‍ അധിക്യതരുടെ ഉറപ്പിന്റെ അടിസ്ഥാനത്തില്‍ താമസിച്ചിരുന്ന പഴയ വീടുകള്‍ പൊളിച്ചുമാറ്റി. 1
4 വീടുകളില്‍ പലതും മോശമായ വീടുകളായിരുന്നതിനാല്‍ പൊളിച്ചുമാറ്റി. ആദ്യ രണ്ട് ഗഡുക്കളായ 1,57,500 മാത്രമാണ് ലഭിച്ചത്. അനുവദിച്ച തുക കൊണ്ട് തറയും ഭിത്തിയും പണിതു. ഇതിനു ശേഷം നാലു മാസമായിട്ടും ബാക്കി ഗഡുതുക ലഭിച്ചില്ല. വേനല്‍ കടുത്തതോടെ ജല ലഭ്യത കുറവാണ് ഇനിയും ബാക്കി തുക ലഭിക്കാത്ത പക്ഷം വീടെന്ന സ്വപ്നത്തിന് തന്നെ തിരിച്ചടിയാവും. അടുത്ത ഘട്ടം ലഭിക്കുന്നതിനു വേണ്ടി പീരുമേട്ടിലെ ഓഫീസ് കയറി ഇറങ്ങി പലരും നിരാശരായി മടങ്ങുകയാണ്. അടുത്ത മാസത്തോടെ ബാക്കി തുക ലഭിക്കുമെന്നാണ് പീരുമേട് ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ പറയുന്നത്.
കോളനിയിലെ വീട് നഷ്ടപ്പെട്ടവര്‍ താല്‍ക്കാലികമായി പണിത പ്ലാസ്റ്റിക്ക് ഷെഡിലാണ് രാത്രിയും പകലും കഴിയുന്നത്. മറ്റു ചിലര്‍ രാത്രി ബന്ധുവീടുകളില്‍ അന്തിയുറങ്ങുന്നു. അടുത്ത ഗഡു എന്നു ലഭിക്കുമെന്ന് ആര്‍ക്കും നിശ്ചയമില്ല. വീടിന്റെ പണികള്‍ക്ക് വേണ്ടി കടകളില്‍ നിന്നും വ്യക്തികളില്‍ നിന്നും വായ്പ വാങ്ങിയവരാണ് കൂടുതല്‍ വലയുന്നത്.സര്‍ക്കാര്‍ ഏജന്‍സിയില്‍ നിന്നും ലഭിക്കേണ്ട പണം കിട്ടാതെ വന്നതാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് അധികൃതര്‍ പറയുന്നത്. കലക്ടര്‍ അടക്കം അധികൃതര്‍ക്ക് നിവേദനം നല്‍കി പണത്തിനായി കാത്തിരിക്കുകയാണ് ആദിവാസി കുടുംബങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."