'പൊട്ടിത്തെറി' ഭീതിയില്‍ ഐ.ടി നഗരം
കഠിനംകുളം: പുറ്റിങ്ങല്‍ ദുരന്തം കഴിഞ്ഞ് എട്ടു മാസം പിന്നിട്ടിട്ടും, അന്ന് കഴക്കൂട്ടത്തും പരിസര പ്രദേശങ്ങളിലും പൊലിസ് നടത്തിയ റെയ്ഡില്‍ കണ്ടെത്തിയ സ്‌ഫോടകശേഖരം നിര്‍വീര്യമാക്കിയിട്ടില്ല.
കഴക്കൂട്ടത്തും പരിസരത്തുമുള്ളവര്‍ ഭീതിയിലാണ്. ദീപാവലി കൂടിയെത്തിയതോടെ ജനങ്ങളുടെ നെഞ്ചിടിപ്പ് ഇരട്ടിയായി. പക്ഷേ ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ജനപ്രതിനിധികളും വിഷയത്തില്‍ മൗനം പാലിക്കുകയാണ്.
കഴിഞ്ഞ ഏപ്രില്‍ പത്തിന് പുലര്‍ച്ചെ മൂന്നരക്കായിരുന്നു പുറ്റിങ്ങല്‍ ദുരന്തം നടന്നത്. അന്ന് രാവിലെ തന്നെ വെടിക്കെട്ട് കരാറുകാരില്‍ ഒരാളായ സുരേന്ദ്രനാശാന്റെ കഴക്കൂട്ടത്തുള്ള വീടും മഹാദേവാ കോംപ്ലക്‌സും ആറ്റിങ്ങലിനടുത്ത് വേങ്ങോട്ടുള്ള പടക്കനിര്‍മാണശാലയും പൊലിസ് പരിശോധിച്ചിരുന്നു. ഉഗ്രസ്‌ഫോടകശേഷിയുള്ള രാസപദാര്‍ത്ഥങ്ങളും വെടിമരുന്നുകളും പിടിച്ചെടുക്കുകയും ചെയ്തിരുന്നു.
ജനങ്ങളുടെ കണ്ണില്‍ പൊടിയിടുന്നതിന് സ്‌ഫോടകശേഖരത്തിലെ വീര്യം കുറഞ്ഞ ചില വെടിമരുന്നുകള്‍ നശിപ്പിച്ചു. ബാക്കിയുള്ളവ കണ്ടെത്തിയ സ്ഥലത്ത് തന്നെ സീല്‍ ചെയ്ത് സൂക്ഷിച്ചിരിക്കുകയാണ്. കൊച്ചിയിലെ കാക്കനാട്
നിന്നും സ്‌ഫോടകശേഖരം നിര്‍വീര്യമാക്കുന്ന സംഘം എത്തിയാല്‍ മാത്രമെ തുടര്‍ നടപടികളുണ്ടാകൂവെന്നായിരുന്നു അന്ന് പരിശോധന നടത്തിയ ക്രൈംബ്രാഞ്ച് സംഘം അറിയിച്ചിരുന്നത്.
എന്നാല്‍ ദിവസങ്ങളും ആഴ്ചകളും മാസങ്ങളും പിന്നിട്ടിട്ടും തുടര്‍നടപടികളൊന്നുമുണ്ടായിട്ടില്ല. ഇപ്പോഴാകട്ടെ ഇവിടെയുണ്ടായിരുന്ന പൊലിസ് കാവലും പിന്‍വലിച്ചു.
കഴക്കൂട്ടത്തെ സുരേന്ദ്രന്റെ വീടും വിവിധ സ്ഥാപനങ്ങളും പരിശോധിച്ച ക്രൈംബ്രാഞ്ച് സംഘം മഹ്‌സര്‍ തയ്യാറാക്കി കഴക്കൂട്ടം പൊലിസിനോട് കേസെടുക്കാന്‍ നിര്‍ദേശിച്ച ശേഷം വിവരം എറണാകുളത്തുള്ള സ്‌ഫോടക നിര്‍വീര്യ വിഭാഗത്തെ അറിയിച്ചുവെന്നാണ് വിവരം. ഇതിനു പുറമേ കഴക്കൂട്ടം പൊലിസ് സ്‌ഫോടക നിര്‍വീര്യ വിഭാഗം ഡയറക്ടര്‍ക്ക് ഇ മെയിലും രജിസ്റ്റേര്‍ഡ് കത്തും അയച്ചുവത്രേ. മാസങ്ങള്‍ പിന്നിട്ടിട്ടും ഇതിനോട് പ്രതികരണമൊന്നുമുണ്ടായിട്ടില്ല.
ഏതെങ്കിലും വിധത്തില്‍ സ്‌ഫോടക ശേഖരം പൊട്ടിത്തെറിച്ചാല്‍ പരവൂര്‍ ദുരന്തം കഴക്കൂട്ടത്തും ആവര്‍ത്തിക്കുമെന്നാണ് പൊലിസ് തന്നെ പറയുന്നത്. ജില്ലയിലെ ഏറെ തിരക്കുള്ള പ്രദേശങ്ങളിലൊന്നായ ഇവിടെ അപകടകരമാം വിധം സ്‌ഫോടക വസ്തുക്കള്‍ സൂക്ഷിച്ചിരിക്കുന്നതില്‍ പ്രതിഷേധം ശക്തമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."