അനാവശ്യങ്ങള്‍ വര്‍ജിക്കുക
അബൂഹുറയ്‌റ(റ)യില്‍നിന്ന്: നബി(സ) പറഞ്ഞു: 'ആവശ്യമില്ലാത്ത കാര്യങ്ങളില്‍ ഇടപെടാതിരിക്കുകയെന്നത് ഒരാളുടെ ഇസ്‌ലാമിക ജീവിതത്തിന്റെ നന്മകളില്‍ പെടുന്നു.' (മാലിക്,അഹ്്മദ്)
മനുഷ്യജീവിതത്തിന്റെ വിജയപരാജയങ്ങളുടെ അടിസ്ഥാനം വ്യക്തമാക്കുന്നതാണ് ഈ തിരുവചനം. ഒരു സംഗതി തനിക്ക് അത്യാവശ്യമാണോ അനാവശ്യമാണോ എന്ന് ആലോചിക്കാതെ ഇടപെടുന്നത് മനുഷ്യജീവിതത്തിന് നല്ലതല്ല. ആവശ്യമില്ലാത്തത് ഒഴിവാക്കുക. ഇസ്്‌ലാമിന്റെ ഒരു ഭാഗമാണ്. നല്ല മുസ്്‌ലിമായ മനുഷ്യന്റെ സ്വഭാവമാണത്. തനിക്കാവശ്യമില്ലാത്തത് ഒഴിവാക്കുക എന്നു പഠിപ്പിച്ച പ്രവാചകന്റെ അനുയായികള്‍ ഇന്ന് അനാവശ്യങ്ങള്‍ക്ക് പിന്നാലെ പായുന്നത് വ്യാപിച്ചിരിക്കുന്നു. അത് നല്ല മുസ്‌ലിമിന്റെ സ്വഭാവമല്ല.
ആരെങ്കിലും ചെയ്യുന്നത് കണ്ടിട്ട് അത് അനുകരിക്കാന്‍ നടക്കുകയും അവസാനം ജീവിതം നഷ്ടപ്പെടുത്തുകയും ചെയ്യുന്നത് ബുദ്ധിമാന്റെ ലക്ഷണമല്ലല്ലോ. ഒരു കാര്യത്തിന് ഇറങ്ങുമ്പോള്‍ എത്രപേര്‍ കൂടെയുണ്ട് എന്നതല്ല വിഷയം. അത് എത്രമാത്രം ആവശ്യമാണെന്നും ഗുണകരമാണെന്നുമാണ്.
സ്വദവേ അത്യാഗ്രഹിയാണ് മനുഷ്യന്‍. ഒന്നുണ്ടായാല്‍ രണ്ടാമത്തേതിനെക്കുറിച്ചും രണ്ടുണ്ടായാല്‍ അതിനപ്പുറമുള്ളതിനെക്കുറിച്ചും ആലോചിക്കുന്നവനാണവന്‍. സ്വര്‍ണത്തിന്റെ ഒരു കൂമ്പാരമോ കുന്നോ ഉണ്ടായാലും രണ്ടാമതൊന്നിനെ ആഗ്രഹിക്കും. ആസ്വദിക്കേണ്ട എന്നും അനുഭവിക്കേണ്ട എന്നുമല്ല ഞാന്‍ പറഞ്ഞത്.
സമ്പാദിക്കേണ്ട എന്നുമല്ല. കൂടുതല്‍ കൂടുതല്‍ സമ്പാദിക്കണം. കൂടുതല്‍ കൂടുതല്‍ അനുഭവിക്കണം എന്ന അത്യാഗ്രഹം ഒഴിവാക്കണം. മനുഷ്യന്റെ ആഗ്രഹങ്ങളെ നിഗ്രഹിക്കാന്‍ മണ്ണിലേക്ക് ഒതുങ്ങുന്നത് വരെ സാധ്യമല്ലെന്ന് പഠിപ്പിക്കുന്ന ഒരു ഹദീസ് തന്നെയുണ്ട്. വരവ് നോക്കാതെ ചെലവാക്കിയിട്ട് പിന്നെ, കടംവാങ്ങി പലിശ കൊടുക്കാന്‍ കഴിയാതെ ആത്മഹത്യയില്‍ എത്തിച്ചേരുന്നവര്‍ ഇക്കാലത്ത് നിരവധിയുണ്ട് '. കടം വാങ്ങരുത്, കടം പകല്‍ നിന്റെ മാനവും രാത്രി നിന്റെ ഉറക്കവും കെടുത്തും' എന്ന് മുഹമ്മദ് നബി (സ്വ) പറഞ്ഞിട്ടുണ്ട്. നമ്മുടെ ജീവിതത്തിലെ അത്യാവശ്യങ്ങള്‍ തിരിച്ചറിയാന്‍ നമുക്ക് കഴിയണം. അതു കഴിഞ്ഞാല്‍ ആവശ്യങ്ങള്‍ തിരിച്ചറിയാന്‍ കഴിയണം. പിന്നെ അനാവശ്യങ്ങളും വേര്‍തിരിച്ചറിയണം. അത്യാവശ്യവും അനാവശ്യവും ആവശ്യവും തിരിച്ചറിയാന്‍ കഴിഞ്ഞാല്‍ ഒരുപാട് പ്രയാസങ്ങളില്‍നിന്ന് നമുക്ക് രക്ഷപ്പെടാന്‍ കഴിയും.
ആവശ്യമില്ലാതെ എവിടെയും കയറി ഇടപെടുന്നത് വിശ്വാസത്തിന് ഭൂഷണമല്ലെന്നും അത് ഉപേക്ഷിക്കുകയാണ് വേണ്ടതെന്നും ഈ ഹദീസില്‍ നിന്നും മനസ്സിലാക്കാം. ഔചിത്യബോധമില്ലാതെ സകലതിലും ഇടപെട്ടു അഭിപ്രായംപറയുന്നത് അപകടമാണ്. വിശ്വാസിക്ക് ഇടപെടാവുന്നതും അല്ലാത്തതുമായ മേഖലകളുണ്ട്. മൗനമായിരിക്കും ചിലപ്പോള്‍ അഭികാമ്യം. ആളും അവസരവും നോക്കിയാകണം ഇടപെടലുകള്‍. അനാവശ്യമായ ഇടപെടലുകള്‍ വലിയ നാശങ്ങള്‍ക്ക് കാരണമായേക്കാം.
നാട്ടില്‍ നടക്കുന്ന കാര്യങ്ങളിലെല്ലാം ചാടി വീണ് ഇടപെടുന്നത് പലപ്പോഴും പരിഹാസത്തിനിടവരുത്തും. മറ്റുള്ളവര്‍ വല്ല വിഷയത്തെറ്റി സംസാരിക്കുമ്പോള്‍ അതിലിടപെട്ടു സ്വാഭിപ്രായം പ്രകടിപ്പിക്കാനുള്ള വ്യഗ്രതദൂരെ കളയുകയാണ് വേണ്ടത്.അല്ലാഹു പറയുന്നു: ''സത്യവിശ്വാസികള്‍ അനാവശ്യങ്ങള്‍ക്കരികിലൂടെ കടന്നു പോകാനിടയായാല്‍ അതിലിടപെടാതെ മാന്യമായി കടന്നുപോകും'' (25:72).വിജയികളായ വിശ്വാസികളുടെ മുഖമുദ്രയാണിവിടെ ഖുര്‍ആന്‍ വിവരിക്കുന്നത്. നിരര്‍ഥകമായസംസാരവും പ്രവര്‍ത്തനവും വിശ്വാസിയുടെ പ്രകൃതിയുമായി ഒരിക്കലും പൊരുത്തപ്പെടുന്നതല്ല.
അത്തരം കാര്യങ്ങളുടെ മുന്നില്‍ ചെന്നുപെട്ടാല്‍ അവര്‍ മാന്യമായി അകന്നു നില്‍ക്കുകയാണ് ചെയ്യുക. ഒരിക്കല്‍ ഉമര്‍(റ) ഒരാളുമായി സംസാരിക്കുന്നതിനിടയില്‍ അംറുബ്‌നുല്‍ ആസ്വ്(റ)
ഇടയില്‍ കയറി തന്റെ അഭിപ്രായം വെളിപ്പെടുത്തി. തികച്ചും അനാവശ്യമായ ഒരിടപെടലായിരുന്നു അത്. ഉമര്‍(റ) ന് അത് ഇഷ്ടപ്പെട്ടില്ല. ഉമര്‍(റ) ചുട്ട അടികൊടുത്തു. അടികിട്ടിയപ്പോള്‍ അംറിന് കാര്യം ബോധ്യമായി. അദ്ദേഹം പറഞ്ഞു: ''എന്നെ ഒന്നുകൂടി അടിക്കുക.''
ജീവിതത്തിന്റെ ഉന്നതി കീഴടക്കിയവര്‍ തനിക്ക് അനുവദിച്ചതെല്ലാം അനുഭവിച്ചവരല്ല. അനുവദിച്ചതില്‍ നിന്നു തന്നെ ഏറ്റവും ആവശ്യമുള്ളത് തിരഞ്ഞെടുത്തവരാണ്. ഒരു കാര്യം ഹലാലാണെങ്കില്‍ പോലും അവര്‍ക്ക് അത് അത്യാവശ്യമില്ലെങ്കിലവര്‍ വര്‍ജിച്ചു.
അനുവദനീയമായതില്‍ നിന്നും തനിക്ക് ആവശ്യമില്ലാത്തത് വര്‍ജ്ജിക്കാത്തിടത്തോളം ഒരാളും മുത്തഖി ആവുകയില്ലെന്നാണ് തിരു വചനം.
അബൂഹാസിമിന്റെ പ്രസിദ്ധമായ ഒരുപദേശം ഇങ്ങനെ കാണാം: 'പരലോകത്ത് എന്തുണ്ടാകണമെന്ന് നോക്കി ഇഹലോകത്ത് അതിന് പരിശ്രമിക്കുക. പരലോകത്ത് ആവശ്യമില്ലാത്തത് ഈ ലോകത്തും ഒഴിവാക്കുക. അസത്യത്തിന്നാണ് താങ്കളുടെ മനസ്സില്‍ സ്ഥാനമെങ്കില്‍ ദുര്‍ജനങ്ങളും കപടരും താങ്കളെ വന്നുപൊതിയും.
സത്യത്തിന്നാണ് സ്ഥാനമെങ്കില്‍ സജ്ജനങ്ങളെ കൂട്ടിനുകിട്ടും. അക്കാര്യത്തില്‍ അവരുടെ സഹായവും കിട്ടും. ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാം.'
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."