മാധ്യമപ്രവര്‍ത്തകരും പൊതു ജനവും എങ്ങനെ പുറത്തിറങ്ങും
അകാരണമായി ആക്രമിക്കുന്ന രണ്ടുവിഭാഗങ്ങളാണ് അഭിഭാഷകരും തെരുവുനായ്ക്കളുമെന്ന് ഏതാനും ദിവസം മുന്‍പ് അഭിഭാഷകനും മാധ്യമനിരൂപകനുമായ സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞിരുന്നു. അതു ശരിയെന്നു തെളിയിക്കുന്ന രണ്ടുസംഭവങ്ങളാണ് കഴിഞ്ഞദിവസമുണ്ടായത്.
വര്‍ക്കലയില്‍ ചുരുവിള വീട്ടില്‍ രാഘവനെന്ന വയോവൃദ്ധനെ സ്വന്തം വീട്ടുവരാന്തയില്‍ ഉറങ്ങിക്കിടക്കുമ്പോഴാണു തെരുവുനായ്ക്കള്‍ കടിച്ചുകീറി കൊന്നത്. ഉറങ്ങുന്നയാള്‍ പ്രകോപനമുണ്ടാക്കില്ലല്ലോ. ഇതേ ദിവസംതന്നെയാണു തിരുവനന്തപുരം ജില്ലയിലെ വഞ്ചിയൂര്‍ കോടതിയില്‍ മാധ്യമപ്രവര്‍ത്തകനെന്നു സംശയിച്ച് പൊലിസ് ക്യാമറാമാനെ ഒരുകൂട്ടം അഭിഭാഷകര്‍ അക്രമിച്ചത്. മാധ്യമപ്രവര്‍ത്തകരായിരുന്നെങ്കില്‍ പ്രകോപനമുണ്ടാക്കിയതിന്റെ പേരിലാണ് ആക്രമിച്ചത് എന്നു വാദത്തിനുവേണ്ടി ആരോപിക്കാമായിരുന്നു. ആ വാദം ഇവിടെ നിലനില്‍ക്കില്ലല്ലോ.
പീഡനത്തിനിരയായ കുട്ടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തുന്നതു ക്യാമറയില്‍ പകര്‍ത്താനെത്തിയതായിരുന്നു പൊലിസ് ക്യാമറാമാന്‍. 'നിന്നോടൊന്നും ഇവിടേയ്ക്കു കയറരുതെന്നു പറഞ്ഞിട്ടില്ലേടാ'യെന്ന് ആക്രോശിച്ച് കറുത്ത ഗൗണിട്ട ഒരുകൂട്ടം പാഞ്ഞടുക്കുകയായിരുന്നു.
അഭിഭാഷകര്‍ ഇത്തരം അക്രമണം നടത്തിയാല്‍ കര്‍ശന നടപടിയെടുക്കുമെന്നു നിയമസഭയില്‍ മുഖ്യമന്ത്രിയും അഭിഭാഷകരിലെ ക്രിമിനലുകള്‍ക്കെതിരേ നടപടിയെടുക്കണമെന്നു സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പറഞ്ഞു നാവെടുക്കും മുന്‍പാണിത്. തെരുവ് നായ്ക്കള്‍ക്കെതിരേ പല പ്രതിരോധ നടപടികളും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടെങ്കിലും ഒന്നും നടപ്പാകുന്നില്ല. അതുപോലെ സര്‍ക്കാറും പൊതുസമൂഹവും രാഷ്ട്രീയനേതൃത്വങ്ങളും ജുഡീഷ്യറിയും ഒന്നിച്ചെതിര്‍ത്തിട്ടും അഭിഭാഷകരിലെ അക്രമികളെ നിയന്ത്രിക്കാനാകുന്നില്ല.
കേരളത്തില്‍ ഈ വര്‍ഷം തെരുവുനായ്ക്കളുടെ കടിയേറ്റു മരിച്ച പത്താമത്തെയാളാണു തിരുവനന്തപുരത്തെ രാഘവന്‍. തെരുവുനായ്ക്കള്‍ കാരണം സംസ്ഥാനത്ത് ഈ വര്‍ഷം 752 അപകടങ്ങളുണ്ടായതായി സര്‍ക്കാര്‍ നിയമസഭയില്‍ അറിയിച്ചിരുന്നു. ഇതിനിടെയാണ്, തെരുവുനായ്ക്കളെ കൊല്ലുന്നവര്‍ക്കും കൊല്ലാന്‍ പ്രേരിപ്പിക്കുന്നവര്‍ക്കുമെതിരേ കാപ്പ ചുമത്തണമെന്ന അപക്വമായ പ്രസ്താവനയിറക്കിയത്. ബി.ജെ.പി ദേശീയ കൗണ്‍സിലിനെത്തിയപ്പോഴും അവര്‍ക്ക് ഡി.ജി.പിയോട് ഉത്ക്കണ്ഠാപൂര്‍വം അന്വേഷിക്കാനുണ്ടായിരുന്നത് പട്ടികളെക്കുറിച്ചായിരുന്നു.
കോഴിക്കോട് പറമ്പില്‍ബസാറില്‍ തെരുവുനായ്ക്കളുടെ കടിയേറ്റു രണ്ടു വയസുകാരിക്കു പരുക്കേറ്റതും അമ്പലപ്പുഴയില്‍ സ്‌കൂള്‍ വിട്ടു മടങ്ങുകയായിരുന്ന ഏഴു വയസുകാരനെ പട്ടികടിച്ചതും തിരുവനന്തപുരം പേരൂര്‍ക്കട മുക്കടയില്‍ വീട്ടുമുറ്റത്ത് ഒരു വയസുകാരനു ഭക്ഷണംകൊടുത്തുകൊണ്ടിരുന്ന യുവതിയെ തെരുവുപട്ടികടിച്ചതും മൂവാറ്റുപുഴയില്‍ അസം സ്വദേശിക്കു പട്ടികടിയേറ്റതും കഴിഞ്ഞദിവസമായിരുന്നു. ഇത്രയെല്ലാം സംഭവിച്ചിട്ടും അധികാരികളുടെ ഭാഗത്തുനിന്നു കാര്യമായ നടപടിയുണ്ടായില്ല.
തെരുവുനായ്ക്കള്‍ പെറ്റുപെരുകുന്നതു നിയന്ത്രിക്കാന്‍ എ.ബി.സി പദ്ധതി നടപ്പാക്കണമെന്നു തദ്ദേശസ്ഥാപനങ്ങള്‍ക്കു കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും പിടികൂടുന്ന നായ്ക്കളുടെ പുനരധിവാസത്തിനു പദ്ധതി തയാറാക്കിയിട്ടുണ്ടെന്നും വകുപ്പുമന്ത്രി കെ.ടി ജലീല്‍ അവകാശപ്പെടുന്നുണ്ടെങ്കിലും നടപടിയൊന്നും ഇതുവരെ ഉണ്ടായിട്ടില്ല. പദ്ധതി നടപ്പാക്കാത്ത തദ്ദേശസ്ഥാപനങ്ങളുടെ വാര്‍ഷികപദ്ധതിക്ക് അംഗീകാരം നല്‍കില്ലെന്ന മന്ത്രിയുടെ വാക്കുകള്‍ പ്രശംസാര്‍ഹമാണ്. നടപ്പാകണമെന്നു മാത്രം.
വന്ധ്യംകരണം നടത്തുന്ന പട്ടികള്‍ കടിക്കുകയില്ലെന്നതിന് ഒരു ഉറപ്പുമില്ലെന്നതുപോലെ മുഖ്യമന്ത്രിയുടെയും ചീഫ് ജസ്റ്റിസിന്റെയും വാക്കുകള്‍ കേട്ട് അഭിഭാഷകരിലെ അക്രമികള്‍ അടങ്ങുമെന്നു തോന്നുന്നില്ല. കഴിഞ്ഞദിവസം പൊലിസ് ക്യാമറാമാനെ അക്രമിച്ചവര്‍ക്കെതിരേ കേസെടുത്തിട്ടില്ല.
ഹൈക്കോടതിക്ക് മുന്‍പില്‍ ജൂലൈ 20ന് അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരും തമ്മിലുണ്ടായ സംഘര്‍ഷത്തെയും തുടര്‍ന്നുണ്ടായ ലാത്തിച്ചാര്‍ജ്ജിനെയും പറ്റി അന്വേഷിക്കാന്‍ റിട്ട. ജസ്റ്റിസ് പി.എ മുഹമ്മദിനെ കമ്മിഷനായി നിയമിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചിട്ടുണ്ട്. ഇന്ത്യന്‍ സൊസൈറ്റീസ് ഒാഫ് ഓഥേഴ്‌സ് കേരളഘടകം സംഘടിപ്പിക്കുന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ കേരള ഹൈക്കോടതി അസോസിയേഷന്‍ ഹാളിലെത്തുന്ന മാധ്യമപ്രവര്‍ത്തകര്‍ക്കു സുരക്ഷനല്‍കുമെന്നു ജസ്റ്റിസ് കെ.സുകുമാരന്‍ പറഞ്ഞതു ഫലിക്കുമോയെന്നു കണ്ടറിയണം. ചീഫ് ജസ്റ്റിസിന്റെ വാക്കുകള്‍ക്കു പുല്ലുവില കല്‍പ്പിക്കുന്നവര്‍ ജസ്റ്റിസ് കെ.സുകുമാരന്റെ വാക്കുകള്‍ അനുസരിക്കുമെന്നതിന് എന്താണുറപ്പ്. സര്‍ക്കാരിന്റെയും അധികാരികളുടെയും വാക്കു വിശ്വസിച്ച് മാധ്യമപ്രവര്‍ത്തകര്‍ക്കു കോടതികളിലും കുട്ടികള്‍ക്കും വയോവൃദ്ധര്‍ക്കും പെരുവഴിയിലും വീടിനുള്ളില്‍പ്പോലും കഴിഞ്ഞുകൂടാനാവാത്ത സ്ഥിതിയാണിപ്പോള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."