റാണാ അയ്യൂബിന് വിദേശത്ത് പ്രഭാഷണത്തിന് അനുമതി നിഷേധിച്ചു
ന്യൂഡല്‍ഹി: നരേന്ദ്രമോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ 2002ല്‍ നടന്ന വംശഹത്യയെയും വ്യാജ ഏറ്റുമുട്ടലുകളെയും വിശദീകരിക്കുന്ന പുസ്തകമെഴുതിയ പ്രമുഖ മാധ്യമപ്രവര്‍ത്തക റാണാ അയ്യൂബിന് വിദേശത്തു പ്രസംഗിക്കാന്‍ അനുമതി നിഷേധിച്ചു.
ഖത്തറില്‍ നടക്കേണ്ടിയിരുന്ന എ.പി.ജെ അബ്ദുല്‍ കലാം അനുസ്മരണ പരിപാടിയില്‍ പങ്കെടുക്കാന്‍ ദോഹയിലെ ഇന്ത്യന്‍ എംബസി റാണക്ക് അനുമതി നല്‍കിയില്ല. റാണയെ സംസാരിക്കാന്‍ അനുവദിക്കരുതെന്ന് ഖത്തറിലെ ഇന്ത്യന്‍ എംബസി സെക്രട്ടറി ദിനേഷ് ഉദ്ദേനിയ സംഘാടകരോട് ആവശ്യപ്പെടുകയായിരുന്നു.റാണയ്ക്ക് എംബസി വിലക്കേര്‍പ്പെടുത്തിയതോടെ ദോഹയിലെ കലാം അനുസ്മരണ പരിപാടി റദ്ദാക്കിയതായി സംഘാടകര്‍ അറിയിച്ചു.
ഖത്തറിലെ ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്ററിനു കീഴിലുള്ളതാണ് ഐ.എ.ബി.ജെ. ശനിയാഴ്ച വൈകീട്ട് ഐ.സി.സി അശോകാ ഹാളില്‍ നടക്കേണ്ടിയിരുന്ന ചടങ്ങിലെ മുഖ്യപ്രഭാഷകയായിരുന്നു റാണ. ഇവരെ സംസാരിപ്പിക്കുകയാണെങ്കില്‍ ഹാള്‍ വിട്ടുതരില്ലെന്ന് ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ സംഘാടകര്‍ക്കു മുന്നറിയിപ്പും നല്‍കി.
ഇതിനു ശേഷം 'കലാമിന്റെ ജീവിതവും മുസ്‌ലിം-ദലിത് ശാക്തീകരണവും'എന്ന വിഷയത്തില്‍ അവരോടു സംസാരിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും അവര്‍ തയാറായില്ല. ഔദ്യോഗിക ക്ഷണക്കത്തിലും പരിപാടി സംബന്ധിച്ച പത്രക്കുറിപ്പിലും ഇന്ത്യയിലെ പ്രമുഖ മാധ്യമപ്രവര്‍ത്തകയായ റാണാ അയ്യൂബ് അവരുടെ'ഗുജറാത്ത് ഫയല്‍' എന്ന പുസ്തകത്തെ കുറിച്ചു വിശദീകരിക്കും എന്നു പറയുന്നുണ്ട്.
2002ലെ ഗുജറാത്ത് കലാപത്തിന്റെ യാഥാര്‍ഥ്യങ്ങള്‍ ഒളികാമറ ഓപ്പറേഷനിലൂടെ പുറത്തുകൊണ്ടുവന്ന റാണയുടെ 'ഗുജറാത്ത് ഫയല്‍സ് അനാട്ടമി ഓഫ് എ കവര്‍ അപ്' എന്ന പുസ്തകം അടുത്തിടെ വന്‍ ചര്‍ച്ചയായിരുന്നു.
മോദിക്കു പുറമെ അദ്ദേഹത്തിന്റെ മന്ത്രിസഭയില്‍ അംഗവും ഇപ്പോഴത്തെ ബി.ജെ.പി അധ്യക്ഷനുമായ അമിത്ഷാക്കും എതിരേ ഗുരുതരമായ ആരോപണങ്ങളാണു പുസ്തകത്തില്‍ ഉള്ളത്.
വംശഹത്യയിലും വ്യാജ ഏറ്റുമുട്ടലുകളിലും മോദിയും അമിത്ഷായും ഉള്‍പ്പെടെയുള്ള ബി.ജെ.പി നേതാക്കളുടെ പങ്ക് വെളിപ്പെടുത്തുന്ന റാണയുടെ പുസ്തകം ദുബൈയില്‍ പ്രകാശനം ചെയ്തപ്പോഴും വിവാദമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."