ഭക്ഷ്യസുരക്ഷ മുന്‍ഗണനാ പട്ടിക; അര്‍ഹരായ മുഴുവന്‍ പട്ടികവിഭാഗങ്ങളും ഉള്‍പെടുത്താന്‍ ഉത്തരവ്
തൃശൂര്‍: ഭക്ഷ്യസുരക്ഷാമുന്‍ഗണനാ പട്ടികയില്‍ ജില്ലയിലെ മുഴുവന്‍ പട്ടികവര്‍ഗ വിഭാഗക്കാരും ഉള്‍പെട്ടിട്ടുണ്ടോ എന്ന കാര്യം ഉറപ്പുവരുത്താന്‍ ജില്ലാ കലക്ടര്‍ ഡോ.എ.കൗശിഗന്‍ ട്രൈബല്‍ ഓഫിസര്‍ക്കും ജില്ലാ സപ്ലൈ ഓഫിസര്‍ക്കും നിര്‍ദേശം നല്‍കി. കുടുംബശ്രീ ആഭിമുഖ്യത്തില്‍ ഓഗസ്റ്റില്‍ നടന്ന പട്ടികവര്‍ഗ്ഗ അദാലത്ത് ഊരില്‍ ഒരു ദിനം പരിപാടിയുടെ അവലോകനയോഗത്തിലാണ് കലക്ടര്‍ ഇക്കാര്യം നിര്‍ദേശിച്ചത്. അദാലത്തിന്റെ ഭാഗമായി ലഭിച്ച 97 പരാതികള്‍ വിവിധ വകുപ്പുകള്‍ക്ക് കൈമാറിയതായും നടപടികള്‍ നടന്നു വരുന്നതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഊരുകളിലെ രോഗികളായ അന്തേവാസികള്‍ക്ക് യഥാസമയം ജീവന്‍ രക്ഷാമരുന്നുകള്‍ എത്തിക്കുന്നതിന് പോസ്റ്റല്‍ വകുപ്പിന്റെ സഹായം തേടാന്‍ യോഗത്തില്‍ തീരുമാനമായി. റേഷന്‍ കാര്‍ഡില്ലാത്ത 25 കുടുംബങ്ങള്‍ക്ക് ലഭ്യമാക്കാനുളള നടപടികള്‍ എടുക്കും. ആധാര്‍ കാര്‍ഡ് ലഭിക്കാത്ത 82 പേര്‍ക്ക് ആധാര്‍കാര്‍ഡ് ലഭ്യമാകുന്നതിനായി എന്റോള്‍മെന്റ് നമ്പര്‍ ശേഖരിക്കാന്‍ ട്രൈബല്‍ ഓഫിസറെ ചുമതലപ്പെടുത്തി. പരാതികളില്‍ ഓരോ വകുപ്പും നടത്തിയ നടപടിക്രമങ്ങള്‍ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഊരുകളിലെ ജനമരണ രജിസ്‌ട്രേഷന്‍ കാര്യക്ഷമാക്കാനും യോഗത്തില്‍ ധാരണയായി. വിവിധ വകുപ്പുമേധാവികള്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."