കോടതി വിധിച്ച നഷ്ടപരിഹാര തുക യാത്രാമധ്യേ മോഷണം പോയി
തലശ്ശേരി: തലശ്ശേരി എം.എ.സി.ടി.കോടതി വിധിച്ച നഷ്ടപരിഹാര തുക ബസില്‍ നിന്നും മോഷണം പോയതായി പരാതി. തലശ്ശേരി കോടതിക്കു സമീപത്തു നിന്ന് പുതിയ ബസ് സ്റ്റാന്‍ഡിലേക്ക് കയറിയ ബസില്‍ വെച്ചാണ് 2,19,338 രൂപ മോഷ്ടിക്കപ്പെട്ടത്. കൂത്തുപറമ്പ് മൗവ്വേരി തയ്യില്‍വീട്ടില്‍ അയൂബ് ആണ് പരാതി നല്‍കിയത്.ഇക്കഴിഞ്ഞ 26നായിരുന്നു സംഭവം. മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ചാലോട് കൊളോളത്ത് വെച്ച് ബസും ബൈക്കും തമ്മില്‍ കൂട്ടിയിടിച്ച് അയൂബിനും മകന് നസീബിനും പരുക്കേറ്റിരുന്നു. അയൂബിന്റെ ഇടതുകാലിനാണ് ഗുരുതരമായി പരുക്കേറ്റത്. തുടര്‍ന്ന് തലശ്ശേരി എം.എ.സി.ടി കോടതിയില്‍ അഡ്വ. ഷൈമ മുഖേന കേസ് ഫയല്‍ ചെയ്തിരുന്നു. കഴിഞ്ഞ ദിവസമാണ് പ്രസ്തുത തുക അനുവദിച്ച് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. ചെക്കായി ലഭിച്ച തുക തലശ്ശേരി എം.ജി.റോഡിലുള്ള ടീച്ചേഴ്സ് സൊസൈറ്റിയില്‍ മാറി വക്കീല്‍ ഫീസ് നല്കാന് കോടതിയിലെത്തിയിരുന്നു. തുടര്‍ന്ന് ബാക്കി സംഖ്യ കടലാസില്‍ പൊതിഞ്ഞ് വൈകുന്നേരം 3.45 ഓടെ കോടതി പരിസരത്തു നിന്നും ബസ് കയറുകയായിരുന്നു. ബസ് ഇറങ്ങിയശേഷമാണ് തുക നഷ്ടമായ വിവരം അയൂബ് അറിയുന്നത്. തുടര്‍ന്ന് തലശ്ശേരി പൊലിസില്‍ പരാതി നല്‍കുകയായിരുന്നു. കൂലി തൊഴിലാളിയാണ് അയൂബ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."